ഒരു കാലത്ത് തെന്നിന്ത്യയുടെ താരറാണിയായിരുന്നു നടി സാവിത്രി. സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിയിലെ പ്രകടനത്തിന് കീർത്തി സുരേഷ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുമ്പോൾ സാവിത്രി വീണ്ടും വാർത്തകളിൽ നിറയുന്നു.
തെന്നിന്ത്യൻ സൂപ്പർസ്റ്റാറായിരുന്ന ജമിനി ഗണേശനുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവുമൊക്കെ അവരുടെ ജീവിതത്തെ സംഭവബഹുലമാക്കി. ഇപ്പോഴിതാ, ജമിനി ഗണേശനുമായി സൗഹൃദമുണ്ടായിരുന്ന, ചെന്നൈയിലെ മലയാളി സംരംഭക രജനി നായര്‍ പെണ്ണിടം എന്ന ഫെയ്സ്ബുക്ക് പേജിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. രജനി നായര്‍ റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥയും പൊന്നാനി സ്വദേശിനിയുമാണ്.
രജനി നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
ഓർമ്മകളിൽ; കാതൽ മന്നനും – മഹാനടിയും
************************************************
ഞാനിന്നൊരു സിനിമ കണ്ടു. ‘നടിഗൈയാർ തിലകം’ (തമിഴ്) അല്ലെങ്കില്‍, ‘മഹാനടി’ എന്ന സിനിമ. ചലച്ചിത്രതാരം സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി നാഗ് അശ്വിന്‍ എന്ന സംവിധായകന്‍ തെലുങ്കില്‍ ചിത്രീകരിച്ച് തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത സിനിമയാണത്. മഹാനടി സാവിത്രിയുടെ, അഭ്രപാളികള്‍ക്ക് മുന്നിലും പിന്നിലുമുള്ള ജീവിതമുഹൂർത്തങ്ങൾ കോര്‍ത്തിണക്കി, ഹൃദയസ്പര്‍ശിയായ ഒരു ജീവചരിത്ര ചിത്രമായി അവതരിപ്പിച്ചിരിക്കുകയാണ് നാഗ് അശ്വിൻ.
നാൽപ്പത്തിയാറാം വയസ്സില്‍ അമിതമായ മദ്യപാനാസക്തിക്ക് അടിമയായി മരണത്തെ പുല്‍കിയ സാവിത്രിയുടെ ജീവചരിത്രം വിങ്ങുന്ന ഹൃദയത്തോടെയല്ലാതെ കാണാന്‍ സാധിക്കില്ല. കീര്‍ത്തി സുരേഷും ദുല്‍ഖര്‍ സല്‍മാനും ഉള്‍പ്പെടെയുള്ള എല്ലാ താരങ്ങളും അതിഭാവുകത്വങ്ങള്‍ ഒട്ടുമില്ലാതെ, തന്മയത്വത്തോടെ തങ്ങളുടെ കഥാപാത്രത്തെ ജീവസ്സുറ്റതാക്കിയിട്ടുണ്ട്. സാവിത്രിയുടെ ജീവിതത്തെക്കുറിച്ച് വളരെ ആഴത്തില്‍ പഠിച്ചു തന്നെയാണ്, പിന്നണി പ്രവർത്തകർ ഈ ചിത്രത്തിലെ ഓരോ അംശവും തയ്യാറാക്കിയിരിക്കുന്നതെന്ന് ചിത്രം കാണുന്ന ഏതൊരാൾക്കും മനസ്സിലാകും.
ചെറുപ്പകാലം മുതല്‍ നമ്മള്‍ ആരാധനയോടെ നോക്കിക്കണ്ട താരങ്ങളുടെ ജീവിതകഥ ആയതിനാലാവാം, സിനിമ അവസാനിച്ചിട്ടും അതിലെ രംഗങ്ങള്‍ മനസ്സില്‍ നിന്നും മായുന്നില്ലായിരുന്നു. പല രംഗങ്ങളും പതിറ്റാണ്ടുകള്‍ പിന്നിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി. ചെറുപ്പത്തില്‍ ചലച്ചിത്ര മാസികകളിലൂടെയും വാര്‍ത്തകളിലൂടെയും വായിച്ചതും അറിഞ്ഞതുമായ പല വാർത്തകളും ഗോസിപ്പുകളും മനസ്സില്‍ തെളിഞ്ഞുവന്നു. അങ്ങനെയുള്ള ചില ഓര്‍മ്മകളും അനുഭവങ്ങളും കോര്‍ത്തിണക്കുകയാണ് ഈ കുറിപ്പിലൂടെ…
എനിക്ക് ആറോ ഏഴോ വയസ്സുള്ളപ്പോഴാണ് അവിചാരിതമായി ഒരു സിനിമാ മാസിക വായിക്കാനിടയായത്. അക്കാലത്ത്, വീട്ടില്‍ മാസിക വരുത്തുന്ന പതിവൊന്നുമില്ല. ആരെങ്കിലും കൊണ്ടുവന്നതോ, അല്ലെങ്കില്‍ മറ്റെവിടുന്നെങ്കിലും വായിച്ചതുമോ ആകാം. അക്ഷരങ്ങള്‍ കൂട്ടിവായിച്ചു തുടങ്ങിയ സമയത്ത് വായിച്ച ആ മാസികയിലെ സുപ്രധാന വിശേഷം മഹാനടി സാവിത്രിയെ കുറിച്ചായിരുന്നു. സാവിത്രിയുടെ അതിമനോഹരമായ വലിയ ഒരു ചിത്രത്തോട് കൂടിയ ആ ലേഖനത്തിന്റെ തലക്കെട്ട്, ‘നാലായിരം സാരികളുള്ള സാവിത്രി’ എന്നായിരുന്നു. അന്‍പതുകളിലും അറുപതുകളിലും തമിഴ്—തെലുങ്ക് സിനിമകളിലെ മുന്‍നിര നായികയായിരുന്നു സാവിത്രി. വഴക്കമാര്‍ന്ന നൃത്തച്ചുവടുകളും അസാമാന്യ അഭിനയശേഷിയുമുള്ള, പ്രസരിപ്പുള്ള വ്യക്തിത്വമായിരുന്നു അവര്‍. അക്കാലത്തെ മുന്‍നിര നായകന്മാരെല്ലാം സാവിത്രിയുടെ സൗകര്യമനുസരിച്ച് ഷെഡ്യൂളുകള്‍ നല്‍കുന്നതും സംവിധായകര്‍ ഡേറ്റിനു വേണ്ടി കാത്തുനില്‍ക്കുന്നതും സിനിമാവിശേഷങ്ങളുമൊക്കെയായിരുന്നു ആ മാസികയിലെ വാര്‍ത്തകള്‍.
അക്കാലത്ത് തമിഴ് സിനിമകള്‍ കാണാനുള്ള സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ, സാവിത്രിയുടെ ചിത്രങ്ങള്‍ ഒന്നും കണ്ടതായി ഓര്‍മ്മയിലില്ല. എങ്കിലും, ‘നാലായിരം സാരികളുള്ള സാവിത്രി’ എന്ന തലക്കെട്ട് മനസ്സില്‍ കിടന്നു. ആഴ്ചകളോളം അമ്മയുടെയും സഹോദരങ്ങളുടെയും ചര്‍ച്ചാവിഷയവും അതായിരുന്നു. ‘ഒരു തുണി അലക്കി ഉണങ്ങിയാല്‍ മാത്രം അടുത്തത്’ എന്ന അവസ്ഥയില്‍ ജീവിക്കുന്ന കാലഘട്ടത്തില്‍, നാലായിരം സാരികള്‍ ഒരു സ്ത്രീക്ക് സ്വന്തമായിട്ടുണ്ട് എന്ന വാര്‍ത്ത എത്ര അതിശയമായിരുന്നുവെന്ന് വാക്കുകളിലൂടെ വര്‍ണ്ണിക്കാനാവില്ല. ഒരു വര്‍ഷം 365 ദിവസങ്ങളെയുള്ളൂ, അങ്ങനെയെങ്കില്‍ നാലായിരം സാരികള്‍ എത്ര വര്‍ഷം മാറിമാറി ഉടുത്താലാണ് തീരുന്നത് എന്നതായിരുന്നു എന്റെ കുഞ്ഞുമനസ്സിലെ സംശയം. ഒരു സാരി രണ്ടാമതൊരു വട്ടം ഉടുക്കാതെ, എന്നും പുതിയ പുതിയ സാരികള്‍ ഉടുക്കുന്ന, ലക്ഷക്കണക്കിന് ആളുകളുടെ ആരാധനാപാത്രമായ, സുഖസൗകര്യങ്ങളില്‍ വിരാജിക്കുന്ന ധനാഢ്യയും അതിസുന്ദരിയുമായ മഹാനടി സാവിത്രി എത്ര ഭാഗ്യം ചെയ്ത ജന്മമാണെന്ന്‍ ചിന്തിച്ചു നടന്ന നാളുകളായിരുന്നു അത്.
എഴുപതുകളിൽ ജോലി കിട്ടി ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് കുറേശ്ശെയായി തമിഴ് സിനിമകള്‍ കണ്ടുതുടങ്ങിയത്. ടെലിവിഷന്‍ പ്രചാരത്തിലായി വരുന്ന കാലമാണത്. മാസത്തില്‍ ഒരിക്കല്‍ മലയാളം—തമിഴ് സിനിമകള്‍ കണ്ടാസ്വദിക്കാനുള്ള അവസരം ലഭിച്ചിരുന്നു. അങ്ങനെയാണ്, ആദ്യമായി സാവിത്രിയുടെ ഒന്നുരണ്ടു സിനിമകള്‍ കണ്ടത് എന്നാണെന്റെ ഓര്‍മ്മ. സിനിമയുടെ പേരുകള്‍ ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല; എങ്കിലും, സാവിത്രിയുടെ സിനിമകള്‍ വളരെ ആരാധനയോടെ ആസ്വദിച്ച നാളുകളായിരുന്നു അവ. പിന്നീട്, 1984—ല്‍ ചെന്നൈയില്‍ എത്തിയ ശേഷം സാവിത്രിയുടെ സിനിമകള്‍ മിക്കതും കാണാനുള്ള അവസരം ലഭിച്ചു. എല്ലാവര്‍ക്കും സാവിത്രിയെ ഏറെ ഇഷ്ടമായിരുന്നു. വളരെയധികം ആരാധനയോടെയാണ് എല്ലാവരും സാവിത്രിയുടെ സിനിമകളെ വരവേറ്റിരുന്നത്.
ജെമിനി ഗണേശന്‍ സാവിത്രിയെ കല്യാണം കഴിച്ചിരുന്നുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ. ആദ്യകാലങ്ങളില്‍ രഹസ്യഭാര്യയായിരുന്ന സാവിത്രിയെ തന്‍റെ മൂന്നാമത്തെ ഭാര്യയായി പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു ജെമിനി ഗണേശന്‍. ആദ്യഭാര്യ, അതായത് ഔദ്യോഗികമായി വിവാഹം കഴിച്ച അലമേലുവിനെ കൂടാതെ പുഷ്പവല്ലി എന്ന സ്ത്രീയും അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്നു എന്ന് നമുക്കേവര്‍ക്കും അറിയാവുന്നതാണ്. ഈ ബന്ധങ്ങളെല്ലാം ഉണ്ടെന്നറിഞ്ഞിട്ടും, രണ്ടു കുട്ടികളുടെ പിതാവായ ജെമിനി ഗണേശനെ സാവിത്രി ഇത്രയധികം പ്രണയിച്ചതിന്, പിതൃവാത്സല്യം ലഭിക്കാത്ത അവരുടെ ബാല്യം നല്‍കിയ അരക്ഷിതാവസ്ഥയും ഒരു പരിധിവരെ കാരണമായിരുന്നിരിക്കാം. അവരുടെ ജീവിതവും സങ്കീര്‍ണ്ണതകളുമൊക്കെ സിനിമയില്‍ വളരെ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്…
1995—ല്‍ ചെന്നൈയിലെ ഷോപ്പിംഗ് മാളായ സ്പെന്‍സര്‍ പ്ലാസയില്‍ ഞാനൊരു ബിസിനസ് സംരംഭം ആരംഭിച്ചു. ഉന്നത നിലവാരത്തിലുള്ള പട്ടുതുണിയില്‍ നിര്‍മ്മിക്കുന്ന പൂക്കളും ചെടികളും വില്‍ക്കുകയും ഇന്‍റീരിയര്‍ ഡിസൈന്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനം ആയിരുന്നു അത്. രാഷ്ട്രീയ—ചലച്ചിത്ര മേഖലകളിലെ ഒരുവിധം എല്ലാ സെലിബ്രിറ്റികളും ഉപഭോക്താക്കളായിരുന്നു. കച്ചവട സംബന്ധിയായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഉമ അയ്യര്‍ എന്ന സ്ത്രീയെ മാനേജരായി നിയമിച്ചു. തന്‍റെ ഭര്‍ത്താവ് ജെമിനി ഗണേശന്റെ വളരെ അടുത്ത സുഹൃത്താണെന്നും, അവര്‍ സഹപാഠികളാണെന്നും ഉമ എന്നോട് പറഞ്ഞിരുന്നു. “ഒരിക്കല്‍ നമ്മുടെ ഷോറൂമിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാം; അദ്ദേഹം പൂക്കളും ചെടികളുമൊക്കെ വാങ്ങിക്കും” എന്നവര്‍ പറഞ്ഞപ്പോള്‍ അതിയായ സന്തോഷത്തോടെ സമ്മതം മൂളുകയും ചെയ്തു.
ഒരു ദിവസം, പെട്ടെന്ന് ഷോറൂമിലെക്ക് സാക്ഷാല്‍ ജെമിനി ഗണേശന്‍ കടന്നുവന്നു. ഉമ അദ്ദേഹത്തിന് എന്നെ പരിചയപ്പെടുത്തിക്കൊടുത്തു. ചുറ്റും നില്‍ക്കുന്നവരിലേക്ക് പ്രഭ ചൊരിയുന്ന ആദരണീയനായ വ്യക്തിത്വം എന്നാണ് ആദ്യദര്‍ശനത്തില്‍ തോന്നിയത്; ‘കാതല്‍ മന്നന്‍’ എന്ന വിശേഷണത്തില്‍ അതിശയോക്തി ഒട്ടുമില്ല തന്നെ. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അവിടമാകെ ജനസാഗരമായി. അദ്ദേഹം ഷോറൂം വളരെ സൂക്ഷ്മതയോടെ നടന്നു കണ്ടു. ഉമ അദ്ദേഹത്തിന് ഓരോന്നും വിവരിച്ചു കൊടുത്ത് അദ്ദേഹത്തോടൊപ്പം നടന്നു. ഇടയ്ക്ക് ജെമിനി ഗണേശന്‍ എന്നെ നോക്കി, ഉമയോട് എന്തോ കുശുകുശുക്കുകയും ഇരുവരും എന്തോ പറഞ്ഞു പൊട്ടിച്ചിരിക്കുകയും ചെയ്തത് ഞാൻ ശ്രദ്ധിച്ചു.
അവിചാരിതമായ സമയത്ത് ജെമിനി ഗണേശന്‍ കടയില്‍ കയറി വന്നതിന്റെ പരിഭ്രമത്തിന് പുറമേ, അദ്ദേഹം എന്തോ പറഞ്ഞു ചിരിക്കുകയും ചെയ്യുന്നത് കണ്ടതോടെ ഞാനാകെ അങ്കലാപ്പിലായി. ഉത്പന്നങ്ങള്‍ എല്ലാം നടന്നു വിശദമായി കണ്ട ശേഷം അദ്ദേഹം എന്റെ അരികിലെത്തി, പൂക്കളെക്കുറിച്ച് വളരെ നേരം സംസാരിച്ചു. മനോഹരമായ പൂക്കളാണെന്ന് പറഞ്ഞ് അനുമോദിക്കാനും അദ്ദേഹം മറന്നില്ല. “ഞാന്‍ ഇപ്പോള്‍ ഒന്നും വാങ്ങുന്നില്ല. പിന്നീട് മകളെ കൂട്ടി വരാം. അവളാണ് സാധനങ്ങള്‍ വാങ്ങുന്നത്.” യാത്ര പറഞ്ഞ് അദ്ദേഹം ഇറങ്ങി. ചെന്നൈയിലെ അതിപ്രശസ്തയായ ഡോക്ടര്‍ കമല ശെല്‍വരാജ് ആണ് അദ്ദേഹത്തിന്റെ മകള്‍. അദ്ദേഹത്തെ യാത്രയാക്കിയ ശേഷം, എന്താണ് നിങ്ങള്‍ സംസാരിച്ചത് എന്ന് ഉമയോട് ചോദിച്ചു.
”അതൊന്നുമില്ല മാഡം, അണ്ണന്‍ എന്നോട് ചോദിക്കുവാ, ഇന്ത പെണ്ണുക്ക് കല്യാണമായടിച്ചോന്ന്..” ഉമ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
”എന്നിട്ട് നീ എന്താ മറുപടി പറഞ്ഞത്?” എനിക്ക് ആകാംക്ഷ അടക്കാനായില്ല.
”പോ അണ്ണാ, ഉങ്കള്ക്ക് വേറെ വേലെയില്ലിയാ. അവര്‍ക്ക് കല്യാണമായി. രണ്ടു കൊളന്തയ്കളും ഉണ്ട്.” ഉമയുടെ മറുപടി കേട്ട് ഞങ്ങള്‍ കുറേനേരം ചിരിച്ചു. അതിനുശേഷം പല തവണ അദ്ദേഹം ഷോറൂമില്‍ വരികയും ഞങ്ങള്‍ക്കിടയില്‍ വളരെ നല്ല ഒരടുപ്പം ഉടലെടുക്കുകയും ചെയ്തു. ഒരു ഡിസംബര്‍ മാസം ക്രിസ്തുമസ് ട്രീ വാങ്ങാനായി ഭാര്യ അലമേലുവിന്റെയും മകള്‍ കമല ശെല്‍വരാജിന്റെയും ഒപ്പം വന്നത് ഇപ്പോഴും മനസ്സില്‍ തിളങ്ങി നില്‍ക്കുന്ന ഓര്‍മ്മയാണ്.
എന്നോടുള്ള സംസാരം കൂടുതലും മലയാളത്തിലായിരുന്നു. നടന്‍ സത്യനാണ് മലയാളം സംസാരിക്കാന്‍ പഠിപ്പിച്ചത് എന്നദ്ദേഹം ഇടയ്ക്കിടെ പറയുമായിരുന്നു. ഒരിക്കല്‍ ഒരു സൗഹൃദ സംഭാഷണത്തിനിടെ അദ്ദേഹം എന്നോട് പറഞ്ഞു; “നീ ഈ കടയൊക്കെ അടച്ചു പൂട്ടി എന്റെയൊപ്പം പോരെ. എന്റെ സമ്പത്ത് മുഴുവന്‍ ഞാന്‍ നിനക്കു തന്നേക്കാം. നമുക്ക് ജയലളിതയെ നാടുകടത്താം, എന്നിട്ട് നിന്നെ ഇവിടുത്തെ മുഖ്യമന്ത്രിയാക്കാം..” അതുകേട്ട് ഞാനും ഉമയും കുറെയേറെ നേരം ചിരിച്ചു.
ജമിനി ഗണേശന്റെ വ്യക്തിജീവിതത്തിലെ പല കാര്യങ്ങളും ഉമയിലൂടെയാണ് ഞാനറിഞ്ഞത്. സാവിത്രി—ഗണേശന്‍ ബന്ധവും അതിലെ സങ്കീര്‍ണ്ണതകളും പ്രശ്നങ്ങളും വേര്‍പിരിയലും ഉള്‍പ്പെടെ ഉമ പറഞ്ഞ മിക്ക കാര്യങ്ങളും ഈ സിനിമയിലൂടെ കാണാന്‍ സാധിച്ചു. എങ്കിലും, സിനിമയില്‍ വന്നിട്ടില്ലാത്ത ഒരു കാര്യം ഇത്തരുണത്തില്‍ ഓര്‍ത്തെടുക്കുകയാണ്; വേര്‍പിരിഞ്ഞ ശേഷം, ജെമിനി ഗണേശന്‍ അവസാനമായി സാവിത്രിയെ കാണാനായി അവരുടെ വീട്ടില്‍ പോയപ്പോള്‍ സാവിത്രി, വളര്‍ത്തുനായയെ അഴിച്ചു വിട്ട് അദ്ദേഹത്തെ കടിപ്പിച്ച സംഭവമാണത്.
ജെമിനി ഗണേശന്‍, സാവിത്രിയോട് ചെയ്തത് ന്യായീകരിക്കാനാവാത്ത തെറ്റ് തന്നെയായിരുന്നു. (പടം കാണുക) സാവിത്രിയുടെ മരണവിവരം അറിഞ്ഞിട്ടു കൂടി, ജെമിനി ഗണേശന്‍ ശവസംസ്കാരത്തില്‍ പങ്കെടുക്കാന്‍ പോലും തയ്യാറാവാത്തതിലുള്ള കടുത്ത അമര്‍ഷവും ഉമയുടെ വാക്കുകളില്‍ നിഴലിച്ചിരുന്നു.
ആയിടയ്ക്കാണ് മലേഷ്യയില്‍ നിന്നുള്ള ഒരു വനിതയെ അദ്ദേഹം കല്യാണം കഴിക്കുന്നതും തെറ്റി പിരിഞ്ഞതും. കാലങ്ങളോളം ഒരു ജോലിക്കാരന്‍ പോലുമില്ലാതെ തികച്ചും ഒറ്റയ്ക്കായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അദ്ദേഹത്തിന് ഒരാളുമായും യോജിച്ചു പോകാന്‍ പറ്റില്ലായിരുന്നു; കൂടെയുണ്ടായിരുന്ന എല്ലാവരെയും ആട്ടിപ്പായിച്ചു. ഒരിക്കല്‍ ഷോറൂമില്‍ വന്നപ്പോള്‍ കൈപ്പത്തിയില്‍ ഒരു വലിയ മുറിവ് ചുറ്റിക്കെട്ടിയിരുന്നു. എന്തുപറ്റിയതാണ് എന്ന് തിരക്കിയപ്പോള്‍, ഒരു മാങ്ങാ മുറിച്ചപ്പോള്‍ കത്തി കൊണ്ട് കയ്യില്‍ ആഴത്തിലുള്ള മുറിവുണ്ടായ കാര്യം പറഞ്ഞു. ‘കൂടെ ആരുമില്ല’ എന്ന സങ്കടം അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒളിഞ്ഞിരുന്ന പോലെ തോന്നിയിരുന്നു. ആ മുറിവില്‍ അണുബാധയുണ്ടായി പഴുപ്പ് കൂടിക്കൂടിയാണ് ഒടുവില്‍ അദ്ദേഹത്തിന് മരണം വരെ സംഭവിക്കുന്നത്.
ഇതിന്റെയെല്ലാം ഗൗരവം ആ സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും. എല്ലാവരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിത്. അഭ്രപാളികളില്‍ നാം കണ്ട, ആരാധിച്ച സൗന്ദര്യവും സമ്പത്തും കഴിവും സൗകര്യങ്ങളും ആവോളമുണ്ടായിരുന്ന നമ്മുടെ ചലച്ചിത്ര താരങ്ങളുടെ ജീവിതം…
‘നടിഗൈയാർ തിലകം’ സാവിത്രിയുടെ മാത്രം കഥയായി ഒതുക്കരുത്. മിസ്സ് കുമാരി, മീനാകുമാരി, ശോഭ, സില്‍ക്ക് സ്മിത എന്നിങ്ങനെ ഒരുകാലത്ത് തിരശ്ശീലയ്ക്കു മുന്നില്‍ ഏവരുടെയും ആരാധനാ പാത്രമായിരുന്ന, പിന്നില്‍ ദു:ഖപുത്രിമാരായി ജീവിച്ച് അരങ്ങൊഴിഞ്ഞ എല്ലാ നായികമാര്‍ക്കായും സമര്‍പ്പിക്കുന്നു..
**********************************************
Post Your Comments