
കാലവർഷക്കെടുതിയെത്തുടര്‍ന്ന് സംസ്ഥാനം പ്രളയ ഭീതിയിലാണ്. ശക്തമായ മഴയെ തുടര്‍ന്ന് എട്ട് ജില്ലകളിൽ അതീവ ജാഗ്രത തുടരുകയാണ്. വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് നിരവധി പേരാണ് ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടിയിരിക്കുന്നത്. അതിനിടെ സഹായവുമായി നടൻ ടൊവിനോ തോമസ്.
കഴിഞ്ഞ പ്രളയകാലത്ത് പറഞ്ഞതുപോലെ തന്റെ വീട് സുരക്ഷിതമാണെന്നും ഇങ്ങോട്ട് വരാമെന്നും ടൊവിനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ദുരുപയോഗം ചെയ്യില്ലെന്നാണ് പ്രതീക്ഷയെന്നും പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചു.
‘എന്റെ വീട്ടിലേക്ക് പോരൂ എന്ന സന്ദേശം കാത്തുനിൽക്കാതെ വെള്ളം കയറാത്ത ഏത് വീട് കണ്ടാലും കയറിക്കൊള്ളൂ, മനുഷ്യരാരും നിങ്ങളെ ഇറക്കിവിടില്ല’ എന്നെഴുതിയ ചിത്രത്തിനൊപ്പമാണ് ടൊവിനോയുടെ കുറിപ്പ്. നമുക്ക് ഒന്നിച്ച് അതിജീവിക്കാം എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പമുണ്ട്.
Post Your Comments