GeneralLatest NewsMollywood

അമ്പലമൊക്കെ മുങ്ങി തുടങ്ങി; ദുരിതം വ്യക്തമാക്കി ജൂഡ് ആന്റണി

വെള്ളമാണ് എപ്പോഴാണ് അത് നിറഞ്ഞുവരുന്നതെന്ന് പറയാൻ കഴിയില്ല.

ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ആലുവ മണപ്പുറം ശിവക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം കയറിയ നിലയിലാണ്. ആലുവ മണപ്പുറത്തെ അവസ്ഥ ചൂണ്ടിക്കാട്ടി സംവിധായകൻ ജൂഡ് ആന്റണി സമൂഹമാധ്യമത്തിൽ അതിന്റെ ചിത്രം പങ്കുവച്ചിരുന്നു. എന്നാൽ ആ ചിത്രം കഴിഞ്ഞ വർഷത്തേതാണോ എന്നായിരുന്നു കൂടുതൽ ആളുകളുടെയും സംശയം. ആലുവയിൽ താനിപ്പോൾ നിൽക്കുന്ന ഫ്ലാറ്റിൽ നിന്നെടുത്ത ചിത്രമാണതെന്നും വെള്ളം കയറുന്ന സാഹചര്യമാണ് നിലവിലേതെന്നും വ്യക്തമാക്കികൊണ്ട് ജൂഡ് ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയിരിക്കുകയാണ്.

ജൂഡിന്റെ വാക്കുകൾ:

‘ആലുവ, ദേശം എന്ന സ്ഥലത്തെ ഫ്ലാറ്റിലാണ് ഞാൻ ഇപ്പോൾ നിൽക്കുന്നത്. പുതിയ ചിത്രത്തിന്റെ എഴുത്തുമായി ബന്ധപ്പെട്ടായിരുന്നു ഇവിടെ താമസം. ഇവിടെ നിന്നുമാണ് ആലുവ മണപ്പുറത്തിന്റെ ഫോട്ടോ ഫെയ്സ്ബുക്കിൽ പങ്കുവച്ചതും. അത് കഴിഞ്ഞ വർഷത്തെ ഫോട്ടോ ആണോ എന്നു ചോദിച്ച് പലരും കമന്റ് ചെയ്തിരുന്നു. അതുകൊണ്ടാണ് ലൈവ് വരാൻ തീരുമാനിച്ചത്.’

‘എന്റെ പുറകിൽ നിങ്ങൾക്കു കാണാം. അമ്പലമൊക്കെ മുങ്ങി തുടങ്ങി. കഴിഞ്ഞ തവണത്തേക്കാൾ വേഗത്തിലാണ് വെള്ളം വന്നുകൊണ്ടിരിക്കുന്നത്. പേപ്പറിലും ടിവിയിലും വാർത്ത വരാൻ നോക്കി നിൽക്കാതെ ഉണർന്നു പ്രവർത്തിക്കുക. ഈ സമയം കൊണ്ട് തന്നെ ഞാനെന്റെ വീട്ടിൽ പോയി അത്യാവശ്യ സാധനങ്ങളൊക്കെ മുകളിലേയ്ക്ക് കയറ്റിവച്ചു.’

‘കാരണം, വെള്ളമാണ് എപ്പോഴാണ് അത് നിറഞ്ഞുവരുന്നതെന്ന് പറയാൻ കഴിയില്ല. നല്ല മഴ പെയ്തുകൊണ്ടിരിക്കുകയാണ്. സുരക്ഷിതമായി കാര്യങ്ങൾ ചെയ്യുക. കഴിഞ്ഞ തവണ ഉണ്ടായതുപോലെ സംഭവിക്കാതിരിക്കട്ടെ. പ്രളയം വീണ്ടും വരാതിരിക്കാൻ പ്രാർഥിക്കുക.’

shortlink

Related Articles

Post Your Comments


Back to top button