തമിഴിലെ സൂപ്പര്‍ നായകന്മാര്‍ക്കിടയില്‍ വിജയ് സേതുപതി എന്ന നടനുണ്ടാക്കിയെടുത്ത ഇമേജ് ഇന്ന് മറ്റൊരു താരങ്ങള്‍ക്കും അവകാശപ്പെടാന്‍ കഴിയാത്തതാണ്, നല്ല സിനിമകളുടെ തെരഞ്ഞെടുപ്പിലൂടെ കൈയ്യടി നേടിയ വിജയ് സേതുപതി മറ്റു അഭിനേതാക്കള്‍ക്കും വലിയ ഊര്‍ജ്ജമാണ്, സിന്ധുബാദ് എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായി അഭിനയിച്ച നടി അഞ്ജലിയ്ക്കും വിജയ് സേതുപതിയുടെ പെര്‍ഫക്ഷനെക്കുറിച്ച് ഏറെ പറയാനുണ്ട്, വിജയ് സേതുപതിക്കൊപ്പം അഭിനയിച്ചപ്പോള്‍ തനിക്ക് ദേഷ്യം തോന്നിയതിന്റെ കാരണവും അഞ്ജലി തുറന്നു പറയുന്നു.
“വിജയ് സേതുപതിക്കൊപ്പം മുന്‍പ് ‘ഇരൈവി’ എന്നൊരു ചിത്രം ചെയ്തിരുന്നു. ‘സിന്ധുബാദി’ലും അദ്ദേഹമാണ് എന്റെ നായകന്‍. വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുമ്പോള്‍ നമ്മള്‍ വിജിലന്റ്റ് ആയിരിക്കണം. കാരണം ടേക്കിന്റെ സമയത്ത് ആ മനുഷ്യന്‍ എന്ത് ആക്ഷനാണ് കൊടുക്കുന്നതെന്ന് ഊഹിക്കാന്‍ കൂടി പറ്റില്ല. ‘സിന്ധുബാദി’ല്‍ ഒരു നാട്ടിന്‍ പുറത്തുകാരി പെണ്‍കുട്ടിയുടെ വേഷമായിരുന്നു. ആ കഥാപാത്രത്തെ മേക്കപ്പില്ലാതെ അവതരിപ്പിക്കാനായിരുന്നു സംവിധായകന്റെ തീരുമാനം. ഞാനാണെങ്കില്‍ മേക്കപ്പ് ഇല്ലാതെ ഇതുവരെ അഭിനയിച്ചിട്ടുമില്ല. ലൊക്കേഷനില്‍ അറിയാതെ എങ്കിലും ഇത്തിരി പൌഡര്‍ പൂശി കണ്ണെഴുതി എത്തിയാല്‍ വിജയ് സേതുപതി സ്കാന്‍ ചെയ്യുന്നത് പോലെ നോക്കി അത് കണ്ടുപിടിക്കും. ‘പോയി മുഖം കഴുകി വാ’ എന്നിട്ടാവാം അടുത്ത ഷോട്ട് അദ്ദേഹം നിര്‍ദ്ദേശിക്കും. എനിക്കപ്പോള്‍ ശരിക്കും ദേഷ്യം തോന്നുമായിരുന്നു. ‘സിന്ധുബാദ്’ സ്ക്രീനില്‍ കണ്ടപ്പോഴാണ് മേക്കപ്പില്ലാതെ അഭിനയിച്ചതിന്റെ ഗുണം മനസിലായത്. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അഞ്ജലി വ്യക്തമാക്കുന്നു.
Post Your Comments