ഇന്ത്യയിലെ തന്നെ ആദ്യ ത്രിമാന ചലച്ചിത്രമായ ‘മൈഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന ചിത്രത്തിലൂടെ സഹസംവിധായകനായി തുടക്കം കുറിച്ച ടികെ രാജീവ് കുമാര്‍ എന്ന സംവിധായകന്‍ ‘ചാണക്യന്‍’ എന്ന ചിത്രം ചെയ്തു കൊണ്ടാണ് സ്വതന്ത്രമായ തന്റെ സിനിമാ സംവിധാന ജീവിതം ആരംഭിക്കുന്നത്, തന്റെ ആദ്യ ചിത്രത്തില്‍ തന്നെ കമല്‍ഹാസനെ നായകനാക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വം സംവിധായകരില്‍ ഒരാള്‍ കൂടിയാണ് ടികെ രാജിവ് കുമാര്‍,
‘ക്ഷണക്കത്ത്’, ‘ഒറ്റയാള്‍ പട്ടാളം’, ‘പവിത്രം’, ‘കണ്ണെഴുതി പൊട്ടും തൊട്ട്’ , ‘ഒരുനാള്‍ വരും’ തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം മലയാളത്തിനായി സമ്മാനിച്ചു. കുറച്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും തിരികെയെത്തുകയാണ് ടികെ രാജീവ് കുമാര്‍, അദ്ദേഹത്തിന്റെ ‘കോളാമ്പി’ എന്ന ചിത്രം റിലീസിന് തയ്യാറായി കഴിഞ്ഞു, വലിയ ഇടവേളകള്‍ നല്‍കാതെ സിനിമകള്‍ ചെയ്തിരുന്ന ടികെ രാജീവ് കുമാര്‍ അപൂര്‍വമായ ഒരു രോഗത്തെ അതിജീവിച്ചാണ് തന്റെ സ്വപ്ന ചിത്രമായ ‘കോളാമ്പി’ ചിത്രീകരിച്ചു തീര്‍ത്തത്, കാന്‍സറിനേക്കാള്‍ കാഠിന്യമേറിയ രോഗാവസ്ഥയെ അതിജീവിച്ച ടികെ രാജീവ് കുമാറിന്റെ വാക്കുകളിലേക്ക്
“കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ എന്‍റെ അച്ഛന്‍ അനുഭവിച്ചത് പോലെയുള്ള അവസ്ഥയിലായിരുന്നു ഞാനും, രോഗം എന്താണെന്ന് കണ്ടുപിടിക്കപ്പെടാതെ കഴിഞ്ഞ നാളുകള്‍, ഏഴെട്ടു വര്‍ഷമായി ആശുപത്രിയില്‍ തന്നെ, മിക്കപ്പോഴും ഐസിയുവില്‍, ഇടയ്ക്ക് വീട്ടില്‍ വരും, വീണ്ടും ആശുപത്രിയിലേക്ക്. ഈ കാലം എന്ത് ധൈര്യത്തില്‍ അതിജീവിച്ചു എന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ, സിനിമ പുതിയ സിനിമ, ‘കോളാമ്പി’ എന്ന സിനിമയെക്കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സ് നിറയെ, തിരുവനന്തപുരത്തെ പഴയ അജന്ത സൗണ്ട്സില്‍ നിന്നാണ് കോളാമ്പിയുടെ കഥയുണ്ടാകുന്നത്. ഓരോ സിനിമയ്ക്ക് പിന്നിലും ഓരോ കഥയുണ്ട്.
ആശുപത്രിയില്‍ നിന്നിറങ്ങിയപ്പോള്‍ സിനിമയുമായി സജീവമായി, ഗുരുവായൂരില്‍ സിനിമയുടെ പൂജയ്ക്ക് ആറോ ഏഴോ പേരെ ഉണ്ടായിരുന്നുള്ളൂ, പിന്നെ രണ്ടു മൂന്നു ദിവസം കഴിഞ്ഞും എന്നെ കാണാതെ വന്നപ്പോള്‍ സുഹൃത്തുക്കള്‍ ഹോട്ടല്‍ മുറിയില്‍ എന്നെ അന്വേഷിച്ചു വന്നു. രക്തത്തില്‍ കുളിച്ചു കിടക്കുന്ന എന്നെയാണ് അവര്‍ കാണുന്നത്. വെന്റിലേറ്ററില്‍ നിന്ന് പുറത്തു കൊണ്ട് വരുമ്പോള്‍ ഡോക്ടര്‍ എന്നോട് ചോദിച്ചു നിങ്ങള്‍ ബോധമില്ലാതെ കിടക്കുമ്പോള്‍ പോലും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു ‘സത്യത്തില്‍ എന്താണ് ഈ ‘കോളാമ്പി’, ഞാന്‍ പറഞ്ഞു ‘സാര്‍ അതെന്‍റെ സ്വപ്നമാണ് അതെന്‍റെ സിനിമയാണ്’.
എന്‍റെ രോഗം കാന്‍സര്‍ ആയിരിക്കണേ എന്ന് പോലും ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ രണ്ടിലൊന്നറിയാം, ഇന്ത്യയില്‍ വളരെ അപൂര്‍വമായ ഒരു രോഗമാണ് ലൈം ഡിസീസ്. ഒരു പ്രത്യേകതരം ചെള്ള് ശരീരത്തില്‍ കടിക്കുന്നതാണ് തുടക്കം. അതുവഴി ബാക്ടീരിയ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നു. ആ ബാക്ടീരിയ നമ്മുടെ ആന്തരിക അവയങ്ങളെ ഓരോന്നായി നശിപ്പിക്കുന്നു. വിദേശികള്‍ കാന്‍സറിനേക്കാള്‍ ഭയക്കുന്ന രോഗമാണിത്. എന്‍റെ രോഗം ഇതാണെന്ന് കണ്ടുപിടിച്ച വയനാട്ടില്‍ നിന്നുള്ള ഡോക്ടര്‍ രശ്മി രാഹുലാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്”. (വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ടികെ രാജീവ് കുമാര്‍ പങ്കുവെയ്ക്കുന്നു.)
Post Your Comments