സോഷ്യല്‍ മീഡിയയില്‍ നേരിട്ട അപമാനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജ്. പരിമിതികളെ അതിജീവിച്ച് സിനിമയിൽ വിജയം കൈവരിച്ച ബിബിന്റെ പുതിയ ചിത്രം ‘മാർഗംകളി’യാണ്. ചിത്രത്തിന്റെ വിശേഷങ്ങളുമായി ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് തനിക്ക് നേരിട്ട ആക്രമണങ്ങളെക്കുറിച്ച് ബിബിൻ പറഞ്ഞത്. വാക്കുകൾ ഇങ്ങനെ:
”ഞാൻ ഒരു കലാസൃഷ്ടിയാണ് നിങ്ങളുടെ മുന്നിൽ എത്തിക്കുന്നത്. അതിലൂടെ നിങ്ങളെ രസിപ്പിക്കാനാണ് ശ്രമിക്കുന്നത്. പണം കൊടുത്ത് സിനിമ കാണുന്നവർക്ക് ഇഷ്ടമായില്ലെന്ന് പറയാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാൽ ഇപ്പോൾ കാണുന്ന ഒരു പ്രവണത തെറി വിളിക്കുന്നതും ആവശ്യമില്ലാതെ വീട്ടുകാരെ വലിച്ചിഴയ്ക്കുന്നതുമൊക്കെയാണ്”
കുഞ്ഞ് ജനിച്ച സന്തോഷത്തിൽ അവൾക്കൊപ്പമുള്ള പടം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോള്‍ വന്ന ഒരു കമന്റ് ഹൃദയം തകര്‍ത്തുവെന്ന് താരം പറഞ്ഞു. ” ഉരുക്കുവനിത എന്ന അടിക്കുറിപ്പോടെയാണ് ഞാൻ കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. അത് സിനിമാഗ്രൂപ്പുകളിൽ പ്രചരിച്ചു. ഒരു സിനിമാഗ്രൂപ്പിൽ ഏതോ ഒരാൾ എങ്ങനെയാണ് ഉരുക്കുവനിത ആകുന്നതെന്ന് ചോദിച്ചു. അതിന് താഴെ വേറെ ഒരാളിട്ട കമന്റ് എന്റെ ഹൃദയം തകര്‍ത്തുകളഞ്ഞു. ഏറെ വേദനിപ്പിച്ച ഒരു കമന്റായിരുന്നു അത്. കുഞ്ഞിനെപ്പോലും വെറുതെവിടുന്നില്ലെന്നുള്ളത് കഷ്ടമാണ്– ബിബിൻ പറഞ്ഞു.
കടപ്പാട് : മനോരമ
Post Your Comments