വില്ലന്‍-കോമഡി ട്രാക്കിലൂടെ മലയാള സിനിമയില്‍ മിന്നി തിളങ്ങിയ നടന്‍ ചെമ്പന്‍ വിനോദ് ജോസ് ഇന്ന് ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട നടനായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു, ‘ഈ മ യൗ’ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലെ പ്രകടനമാണ് ചെമ്പന്‍ വിനോദ് എന്ന നടനെ പ്രേക്ഷകര്‍ക്കിടയിലെ കരുത്തുറ്റ നടനാക്കി മാറ്റിയത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ ‘ആമേന്‍’ എന്ന ചിത്രത്തിലെ കപ്യാരിന്റെ വേഷമാണ് ചെമ്പന്‍ വിനോദിന് മലയാള സിനിമയില്‍ ബ്രേക്ക് നല്‍കിയത്, പിന്നീട് അവിടുന്നങ്ങോട്ട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമായ ചെമ്പന്‍ വിനോദ് തിരക്കഥാ രചനയിലും വിജയം കൈവരിച്ച താരമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും വലിയ വിജയചിത്രമായ ‘അങ്കമാലി ഡയറീസ്’ എഴുതിയിരിക്കുന്നത് ചെമ്പന്‍ വിനോദാണ്, സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോള്‍ മനസ്സില്‍ ആരാധിച്ചിരുന്ന ഒരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് താരം. ജോഷി സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിലാണ് ചെമ്പന്‍ വിനോദ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്, ജോജുവാണ് ചിത്രത്തിലെ മറ്റൊരു ഹീറോ.
ജോഷിയുടെ സിനിമയില്‍ അഭിനയിച്ചതിന്റെ സന്തോഷത്തെക്കുറിച്ചും, തന്റെ പുതിയ തിരക്കഥയെക്കുറിച്ചും ചെമ്പന്‍ വിനോദ് ജോസ്
“സ്കൂളിലും, കോളേജിലും പഠിക്കുന്ന കാലത്ത് ജോഷി സാറിന്റെ സിനിമകള്‍ വലിയ ഹരമായിരുന്നു. സിനിമ റിലീസ് ചെയ്യുന്ന ദിവസം തന്നെ കാണും. പിന്നെ അതെക്കുറിച്ച് ചര്‍ച്ച ചെയ്യും എത്ര പറഞ്ഞാലും മതിയാവില്ല. അത് കൊണ്ട് തന്നെ ജോഷി സാറിന്റെ ഒരു സിനിമയില്‍ പ്രധാന കഥാപാത്രമാകുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്,ഞാന്‍ നേര്‍രേഖയില്‍ ചിന്തിക്കുന്ന ആളല്ല, അതുകൊണ്ട് എന്നെ എഴുത്തുകാരന്‍ എന്ന് വിളിക്കാന്‍ കഴിയില്ല. ശൂന്യതയില്‍ നിന്ന് കഥയുണ്ടാക്കാന്‍ എനിക്ക് കഴിവില്ല. നമ്മള് കേട്ടിട്ടുള്ളതോ കണ്ടിട്ടുള്ളതോ ആയ സംഭവങ്ങളില്‍ നിന്നാണ് കഥയുണ്ടാക്കുന്നത്. അങ്കമാലി കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചത് ബാംഗ്ലൂരിലാണ്. ഇപ്പോള്‍ ബാംഗ്ലൂര്‍ പശ്ചാത്തലാമാക്കി ഒരു കഥയെഴുതുന്നു”.
(മലയാള മനോരമ മാഗസിനില്‍ നിന്ന്)
n
Post Your Comments