ഭാര്യ സുനിതയെ വീണ്ടും വിവാഹം ചെയ്ത് നടന്‍ ഗോവിന്ദ. 49-ാം വയസ്സിലെ ഈ രണ്ടാം വിവാഹം അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണെന്നു താരം തുറന്നു പറയുന്നു. ആപ് കി അദാലത്ത് എന്ന ടെലിവിഷന്‍ ഷോയിലാണ് വീണ്ടും വിവാഹം ചെയ്തതിനെക്കുറിച്ച് ഗോവിന്ദയുടെ വെളിപ്പെടുത്തല്‍.
1987ലായിരുന്നു ഗോവിന്ദയുടെയും സുനിതയുടെയും ആദ്യ വിവാഹം. തീര്‍ത്തും സ്വകാര്യമായ ഒരു ചടങ്ങായിരുന്നു ഈ വിവാഹമെന്നും പങ്കുവച്ച താരം ന്യൂമറോളജി, ജ്യോതിഷം തുടങ്ങിയ കാര്യങ്ങളില്‍ തനിക്ക് വലിയ വിശ്വാസമാണെന്നും കൂട്ടിച്ചേര്‍ത്തു. ഭാര്യയെ വീണ്ടും വിവാഹം കഴിക്കണമെന്നത് തന്റെ അമ്മയുടെ തീരുമാനമാണെന്നും ഗോവിന്ദ പങ്കുവച്ചു.
“സുനിതയെ ആദ്യം വിവാഹം കഴിച്ചപ്പോള്‍ അത് സ്വകാര്യ ചടങ്ങായിരുന്നു. അന്നത്തെ കാലത്ത് തിളങ്ങിനില്‍ക്കുന്ന ഒരു നടന്‍ വിവാഹിതനായാല്‍ ആരാധക പിന്തുണ കുറയുമെന്ന ധാരണയുണ്ടായിരുന്നു. അതുകൊണ്ടായിരുന്നു വിവാഹം രഹസ്യമാക്കിവെച്ചത്”, ഗോവിന്ദ പറഞ്ഞു.
ന്യൂമറോളജി പ്രകാരമാണ് താന്‍ ഗോവിന്ദ എന്ന പേര് സ്വീകരിച്ചതെന്നും സിനിമയില്‍ വിജയിക്കാന്‍ പതിനാലാം വയസ് മുതല്‍ ഇരുപത്തിനാല് ലക്ഷം തവണ ഗായത്രി മന്ത്രം ഉരുവിട്ടിരുന്നെന്നും ഗോവിന്ദ പറയുന്നു.
Post Your Comments