അന്യഭാഷ സിനിമകളിലെ ആശയം ഉൾക്കൊണ്ട് മലയാളത്തില്‍ സിനിമ ചെയ്യുക എന്നത് പതിവ് രീതിയാണെങ്കിലും മലയാള സിനിമയുടെ ആശയത്തിൽ നിന്ന് മറ്റു അന്യഭാഷ സിനിമകൾ സംഭവിക്കുന്നത് വളരെ വിരളമാണ്. തമിഴിലെ ഹിറ്റ് മേക്കർ പി വാസു സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ‘ചിന്ന തമ്പി’. പ്രഭു, ഖുശ്ബു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രം കോളിവുഡിലെ വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു. പി വാസു എന്ന സംവിധായകന് ചിന്ന തമ്പി എന്ന ചിത്രമെടുക്കാൻ പ്രേരണയായത് ഒരു മലയാള സിനിമയാണ്. കമൽ – ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ‘പെരുവണ്ണാപുരത്തെ വിശേഷങ്ങൾ’ എന്ന ചിത്രമാണ് ചിന്ന തമ്പി എന്ന ചിത്രമെടുക്കാൻ സംവിധായകനെ ചിന്തിപ്പിച്ചത്. സഹോദര സംഘത്തിന്റെ സ്നേഹ ലാളനയിൽ കഴിയുന്ന സഹോദരിയെ നായകൻ പ്രണയിക്കുന്നതും, തുടർന്നുണ്ടാകുന്ന പ്രതിഷേധങ്ങളുമാണ് രണ്ടു സിനിമയുടെയും ഇതിവൃത്തം.
1989-ല്‍ പുറത്തിറങ്ങിയ ‘പെരുവണ്ണാപുരത്തെ വിശേഷങ്ങൾ’ ജയറാമിനെ ജനപ്രിയ നായകനെന്ന നിലയില്‍ മുന്നില്‍ നിര്‍ത്തിയ ചിത്രമായിരുന്നു, ചിത്രത്തിലെ മോഹന്‍ലാലിന്റെ ഗസ്റ്റ് റോളും ഏറെ ശ്രദ്ധേയമായിരുന്നു.
1991-ല്‍ പുറത്തിറങ്ങിയ ‘ചിന്ന തമ്പി’ ഇളയരാജയുടെ നല്ല ഗാനങ്ങളാല്‍ സമ്പന്നമായിരുന്നു. കോളിവുഡില്‍ വലിയ തരംഗം സൃഷ്ടിച്ച ‘ചിന്ന തമ്പി’ പല തിയേറ്ററുകളിലും ഇരുനൂറോളം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു, മലയാളത്തിലും ചിന്ന തമ്പി വലിയ ചലനം സൃഷ്ടിച്ചിരുന്നു.
Post Your Comments