നിപ്പ ബാധയെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്ത ചിത്രമാണ് വൈറസ്. ചിത്രത്തിന് അനുകൂലമായും പ്രതികൂലമായും പ്രേക്ഷകര്‍ വിലയിരുത്തുന്നുണ്ട്. ഇപ്പോഴിതാ പുതിയ കാഴ്ചപ്പാടിലൂടെ ചിത്രത്തെ വിലയിരുത്തുകയാണ് രഞ്ജിത് ആന്റണി ഈ കുറിപ്പില്‍.
രഞ്ജിത് ആന്റണി ഫെയ്സ്ബുക്കില്‍ എഴുതിയത്:
ഈ സിനിമ അനൌണ്‍സ് ചെയ്തപ്പോള്‍ ഇതിന്റെ കഥ എന്തായിരിക്കും എന്ന് ഊഹിക്കാന്‍ ശ്രമിച്ചിരുന്നു. രണ്ട് കഥാ വഴികളാണ് തെളിഞ്ഞത്. ആദ്യത്തെ കഥ, ലിനി സിസ്റ്ററുടെ വ്യക്തി ജീവിതത്തെ ഫിക്ഷണലൈസ് ചെയ്യുന്ന കഥ. പ്രേമവും, വിവാഹവും, വിരഹവും ദാമ്പത്യത്തിന്റെ കഷ്ടപ്പാടുകളും അവസാനം ഒരു സമൂഹത്തെ രക്ഷിക്കാന്‍ രക്തസാക്ഷിത്വം വഹിക്കുന്ന ഒരു ധീരയുടെ കഥ. രണ്ടാമത്തെ കഥ; ഇത് നിപ്പ തന്നെ എന്ന് സ്ഥിരീകരിച്ച ഡോക്ടറുടെ കഥ. നിപ്പയാണെന്ന് ഉറപ്പിക്കാന്‍ അദ്ദേഹം അനുഭവിച്ച മാനസ്സിക സംഘര്‍ഷത്തിന്റെ കഥ.
സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ഞെട്ടി. ഞാനൊരിക്കലും ഊഹിക്കാതിരുന്ന മൂന്നാമത്തെ ഒരു ആംഗിളാണ് ആഷിക് അബു കഥ പറയാന്‍ തിരഞ്ഞെടുത്തത്. ഒരു കമ്യൂണിറ്റി മെഡിസിന്‍ ആന്‍ഡ് പ്രിവെന്റീവ് സോഷ്യല്‍ മെഡിസിന്‍ തലത്തിലൊരു മെഡിക്കല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ ലിനി സിസ്റ്ററും, നമുക്ക് പരിചയമുള്ള മറ്റ് രോഗികളുടെയും വ്യക്തി ജീവിതങ്ങളുടെ കഥകളും ഡ്രാമയും ഇഴ ചേര്‍ത്തപ്പോള്‍ മനോഹരമായ ഒരു സിനിമ ആണ് ഉണ്ടായത്.
ഇങ്ങനെ ഒരു കഥാകഥന രീതി അവലംബിച്ച ആഷിക് അബുവിനൊട് നന്ദിയുണ്ട്. രണ്ട് കാരണങ്ങളാണ്
ഒന്ന്.
കമ്യൂണിറ്റി മെഡിസിന്‍ ഡോക്ടര്‍മ്മാരെ നമ്മള്‍ മലയാളികള്‍ക്ക് പരിചയമില്ല. നമ്മുടെ മനസ്സില്‍ വലിയ സര്‍ജ്ജന്‍മ്മാരും, ഓങ്കോളജിസ്റ്റുകളും, കാര്‍ഡിയോളജിസ്റ്റുമൊക്കെ ആണ് ഡോക്ടര്‍മ്മാര്‍. കമ്യൂണിറ്റി മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മ്മാര്‍ ഉണ്ടെന്ന് പോലും ഭൂരിപക്ഷത്തിനും അറിയില്ല. അവര്‍ എപ്പഴും കര്‍ട്ടനു പുറകിലാണ്. നാട്ടില്‍ വാക്സിനുകള്‍ എത്തിക്കാനും, സാംക്രമിക രോഗങ്ങള്‍ പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയുമൊക്കെ ആണ് അവരുടെ ജോലിയുടെ ഒരു സിംഹഭാഗവും. അനേകം എഴുത്തുകുത്തുകളിലും, റിപ്പോര്‍ട്ടുകളിലും, ഫയലുകളിലും കുടുങ്ങിയ ഒരു ജീവിതമാണ് അവരുടേത്. നിപ്പ പോലുള്ള മാരകമായ പകര്‍ച്ച വ്യാഥികള്‍ ഉണ്ടാകുമ്പഴും അതിന്റെ പ്രതിരോധവും വ്യാപനം തടയാനുള്ള പോം വഴികളും ആലോചിക്കണ്ടവരാണ് അവര്‍. മെഡിക്കല്‍ കോളേജിലെ ഇ.ആറില്‍ ചുറ്റും നില്‍ക്കുന്നവര്‍ക്ക് ഓഡര്‍ കൊടുത്ത് ഓടി നടക്കുന്നവരുടെ ഇടയില്‍ അവരെ കാണില്ല. കാഷ്വാലിറ്റിയില്‍ രോഗിയെ എത്തിക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് അവര്‍ അപ്പോള്‍. മെഡിസിന്‍ എന്ന സയിന്‍സ്സിനെ ജനങ്ങളുമായി ബന്ധിപ്പിക്കുന്ന കണ്ണികളാണ് അവര്‍.
നിപ്പയുടെ പുറകിലെ കമ്യുണിറ്റി മെഡിസിന്റെ പ്രസക്തിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തതിന് നന്ദി.
രണ്ട്.
സിനിമ ഒരു മെഡിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്ന് തീരുമാനിച്ചപ്പോള്‍ ആഷിക് അബുവിന് സേതു രാമയ്യര്‍ പോലൊരു പുരുഷനെ ഡിക്ടക്ടീവായി അവതരിപ്പിക്കാമായിരുന്നു. ട ട്ട ട്ട ട ഡ ട്ടാ എന്നൊക്കെ മ്യൂസിക്കുമിട്ട് പിറകില്‍ കൈ കെട്ടി മുറുക്കി ചുവപ്പിച്ച് തീക്ഷണമായ കണ്ണുകള്‍ കുത്തിയിറക്കി ചോദ്യം ചെയ്യുന്നവരില്‍ നിന്ന് ഉത്തരങ്ങള്‍ പിടിച്ചു വാങ്ങുന്ന ഒരു അമാനുഷിക നായകനെ ഈ ജോലി ഏല്‍പ്പിക്കാമായിരുന്നു. പക്ഷെ വൈറസ്സിലെ ഡിക്ടറ്റീവ് ഒരു സ്ത്രീയാണ്. കമ്യൂണിറ്റി മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന നാണം കുണുങ്ങിയായ ഒരു വീട്ടമ്മ. പാര്‍വ്വതിയാണ് അന്നു എന്ന ഈ ഡോക്ടറെ അവതിരപ്പിക്കുന്നത്.
ഒരു സ്ത്രീയെ തിരഞ്ഞെടുത്തതില്‍ ആഷിക് അബുവിന്റെ രാഷ്ട്രീയം ഉണ്ടായിരിക്കാം. പക്ഷെ അതിലും ഉപരിയായി ഈ മെഡിസിന്‍ എന്ന കരീറിന്റെ ഉള്ളുകള്ളികള്‍ മനസ്സിലാക്കിയ ആ നിരീക്ഷണ പാടവത്തിനാണ് എന്റെ സല്യൂട്ട്.
കമ്യൂണിറ്റി മെഡിസിന്‍ ഇന്‍ഡ്യയിലെ ഡോക്ടര്‍മ്മാരുടെ ഇടയില്‍ വലിയ ഗ്ലാമറില്ലാത്ത ഒരു പി.ജി ഓപ്ഷനാണ്. പ്രൈവറ്റ് പ്രാക്ടീസിന് സാദ്ധ്യത ഇല്ല എന്ന് മാത്രമല്ല ഈ പ്രഫഷന്‍ തിരഞ്ഞെടുക്കാന്‍ പലരും മടിക്കുന്നത്. പോളിസി രൂപീകരണവും അതിന്റെ ഇമ്പ്്ലിമെന്റേഷനുമാണ് ജോലിയുടെ മുഖ്യ ഘടകം. പിന്നെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പു ചുമതലയും. അതിനാല്‍ ഒരു മല്ലു പിടിച്ച പണിയാണ്. ഇന്‍സ്റ്റന്റ് ഗ്രാറ്റിഫിക്കേഷന്‍ ലഭിക്കുന്ന അവസരങ്ങള്‍ തീരെ ഇല്ല. നിപ്പ പോലുള്ള ഹൈ പ്രൊഫൈല്‍ സാംക്രമിക രോഗങ്ങള്‍ ഉണ്ടാകുമ്‌ബോള്‍ പോലും അതിന്റെ മുന്‍നിര പോരാളികളായി നില്‍ക്കുമ്പോഴും, ടി.വിയിലൊ പത്രത്തിലൊ ഒന്നും കമ്യൂണിറ്റി മെഡിസിന്‍ ഡോക്ടര്‍മ്മാരെ കാണില്ല. ഗ്ലാമറില്ലാത്ത ജോലിയാകുന്നത് ഇത് കൊണ്ടൊക്കെ ആണ്. അതിനാല്‍ തന്നെ സ്ത്രീകളാണ് കമ്യൂണിറ്റി മെഡിസിന്‍ തിരഞ്ഞെടുക്കാറ്. ഓണ്‍ കോളുകളും, നൈറ്റ് ഷിഫ്റ്റുകളും സാധാരണ ഉണ്ടാവാറില്ല. അതിനാല്‍ ഒരു ബാലന്‍സ്ഡ് കുടുംബ ജീവിതം ആഗ്രഹിക്കുന്നവരുടെ ഒരു ഓപ്ഷനാണ് കമ്യൂണിറ്റി മെഡിസിന്‍. കുടുബത്തിനു വേണ്ടി സ്ത്രീകളാണല്ലൊ കരീര്‍ ത്യജിക്കാന്‍ മുതിരുക. അതിനാലാണ് കമ്യൂണിറ്റി മെഡിസിനില്‍ സ്ത്രീകള്‍ അധികമാകാന്‍ കാരണം.
മറ്റ് പി.ജി ക്കാര്‍ കമ്യൂണിറ്റി മെഡിസിന്‍കാരെ ഒന്ന് താഴ്ത്തികെട്ടുന്നതും കണ്ടിട്ടുണ്ട്. അനു ഡോക്ടറുടെ ഭര്‍ത്താവ് ഒരു ജനറല്‍ മെഡിസിന്‍ ഫിസിഷ്യനാണ്. ഭാര്യയുടെ കമ്യൂണിറ്റി മെഡിസിനെ പുള്ളിയും അറിയാതെ ആണെങ്കിലും പരിഹസിക്കുന്നുണ്ട്. ഇതില്‍ നിന്ന്, ആഷിക് അബു ഡോക്ടര്‍മ്മാരുടെ ഇടയിലെ ഈ വേര്‍തിരുവകളെ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട് എന്ന് വേണം കരുതാന്‍.
അത് കൊണ്ട്, കമ്യൂണിറ്റി മെഡിസിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയതും, ഒരു സ്ത്രീയെ തന്നെ പ്രോട്ടോഗൊണിസ്റ്റായി അവതരിപ്പിക്കാന്‍ ശ്രമിച്ചതും ഈ സിനിമയുടെ ഹൈലൈറ്റ് ആണ്. ചുരുക്കി പറഞ്ഞാല്‍ മലയാളത്തില്‍ അടുത്തിറങ്ങിയ നല്ല സിനിമ മാത്രമല്ല വൈറസ്, ശക്തമായ ഒരു സ്ത്രീപക്ഷ സിനിമയുമാണ് വൈറസ്.
പി.എസ്. ക്ലൈമാക്സ് സീനിന് ഒരു ഡബിള്‍ ഉമ്മ :) ലവ്ഡ് ഇറ്റ്.
https://www.facebook.com/rpmam/posts/2451109308469057
Post Your Comments