മലയാള സിനിമയിലെ ‘ഗിരിരാജൻ കോഴി’യായി എത്തിയ താരമാണ് ഷറഫുദീൻ. പ്രേമത്തിലെ കോഴിയില്‍ നിന്നും വാരത്തിലെ വില്ലനായും ‘നീയും ഞാ നും’ എന്ന ചിത്രത്തിലെ നായകനായും തിളങ്ങിയ ഷറഫുദീന്റെ പുതിയ ചിത്രം ഷാഫിയുടെ ‘ചിൽഡ്രൻസ് പാർക്ക് ’ആണ് . പ്രേമത്തിന്റെ ഷൂട്ടിംഗിനിടയിലെ ഒരു ‘ഹണിമൂൺ തത്രപ്പാടിനെക്കുറിച്ചും’ രസകരമായി പങ്കുവച്ച് നടന്‍. വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ‘ചേട്ടന്റെ ഹണിമൂൺ ആണ്, മുടക്കരുത് പ്ലീസ് ’ എന്ന് പറഞ്ഞു അനുപമയുടെ മുന്നില്‍ മുട്ടുകുത്തേണ്ടി വന്ന സംഭവം താരം പറഞ്ഞത്.
ഭാര്യ ബീമയുടെയും മകൾ ദുഅയുടെയും ഒപ്പം ആലുവയിൽ പെരിയാറിന്റെ തീരത്താണ് ഷറഫിന്റെ താമസം. ‘‘ഓം ശാന്തി ഓശാന ഇറങ്ങിയ സമയത്താണ് പെണ്ണുകാണൽ. ചങ്ങനാശേരിയിലാണ് വീട്. വീട്ടുകാർ ആലോചിച്ചുറപ്പിച്ച കല്യാണമാണ്. സിനിമയിൽ കണ്ടാൽ നല്ല പ്രായമുള്ളയാളാണല്ലോ, വേണോ എന്ന് അന്ന് കൂട്ടുകാർ ചോദിച്ചു. നേരിട്ട് കണ്ടപ്പൊ എനിക്ക് ഇഷ്ടമായി. സിനിമയിൽ കാണുന്ന പോലെ അത്ര കൂൾ ഒന്നുമല്ല ജീവിതത്തിൽ. അൽപം സീരിയസ് ആണ്.” ഷറഫുദീന്റെ ഭാര്യ ബീമ പറയുന്നു.
‘‘ഷൂട്ടിനിടയിൽ കല്യാണവും നിശ്ചയവുമൊക്കെ കഴിഞ്ഞു. പക്ഷേ, ഞാൻ ഗിരിരാജൻ കോഴിയായി മഞ്ഞ ഷർട്ടും ഇട്ട് പറയുന്ന പ്രധാന ഡയലോഗ് ഷൂട്ട് ചെയ്തിട്ടില്ലായിരുന്നു. ഹണിമൂണിന് പോകാൻ ഫ്ലൈറ്റ് ബുക്ക് ചെയ്തതിന്റെ തലേദിവസം കൃത്യമായി ഷൂട്ട് വന്നു. ഓരോ ഭാഗവും എടുത്തു തീരുമ്പോൾ ആശ്വാസമാണ് വേഗം ഹണിമൂണിനു പോകാല്ലോ. പക്ഷേ, ഞാൻ ഡയലോഗ് പറയുമ്പോൾ അനുപമ ചിരിക്കുന്ന ഭാഗം എത്രയെടുത്തിട്ടും ശരിയാകുന്നില്ല. അവസാനം ഞാനവൾടെ മുന്നിൽ മുട്ടേൽ കുത്തി നിന്നു പറഞ്ഞു, ‘ചേട്ടന്റെ ഹണിമൂണാണ്, മുടക്കരുത്. മോളൊന്ന് ചിരിക്കൂ, പ്ലീസ്’’ ഷറഫുദീന്‍ പങ്കുവച്ചു
Post Your Comments