ജനിച്ചതും വളര്‍ന്നതും ഫ്രാന്‍സിലാണെങ്കിലും കേരളത്തിന്റെ സ്വന്തം മരുമകളാണ് ലക്ഷ്മി. ഇന്ത്യന്‍ സംസ്‌കാരത്തോടും നൃത്തത്തോടുമുള്ള ഇഷ്ടമാണ് ലക്ഷ്മിയെ മലയാളത്തിന്റെ മരുമകളാക്കിയത്. അന്താക്ഷരി കളിക്കുന്നില്ലേ ചേട്ടാ എന്ന ഒറ്റ ഡയലോഗ് മതി ലക്ഷ്മിയെ ഓര്‍ക്കാന്‍. ഇപ്പോള്‍ താരം തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്.
ജനിച്ച് വളര്‍ന്നത് ഫ്രാന്‍സിലായിരുന്നെങ്കിലും ഇന്ത്യന്‍ രീതികളെ കുറിച്ചൊക്കെ അറിവുണ്ടായിരുന്നതുകൊണ്ട് ഇവിടെ മരുമകളായി എത്തിയപ്പോഴും ഒട്ടും പേടിയും ടെന്‍ഷനും തോന്നിയിരുന്നില്ല. ചെറിയ കുട്ടികളായിരുന്നപ്പോള്‍ മുതല്‍ അമ്മ ശിവന്റേയും വിഷ്ണുവിന്റേയും ഗണപതിയുടേയുമൊക്കെ കഥകള്‍ പറഞ്ഞു തന്നിട്ടുണ്ട്. പിന്നെ വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന സ്ഥലവുമാണല്ലോ. പക്ഷേ മലയാളഭാഷ പഠിപ്പിച്ചതിന്റെ ഫുള്‍ ക്രെഡിറ്റും എന്റെ നൃത്തവിദ്യാലയത്തിലെ കുട്ടികള്‍ക്കാണ്.
കേരളത്തില്‍ പലപ്പോഴും ക്ലാസിക് കലകളൊക്കെയും പഠിപ്പിക്കുന്നതും മത്സരങ്ങള്‍ക്കു വേണ്ടി മാത്രമാണ് എന്ന് തോന്നാറുണ്ട്. അത് പലപ്പോഴും അംഗീകരിക്കാനാവുന്നില്ല. മത്സരത്തിന് വേണ്ടി മാത്രം ഞാന്‍ കുട്ടികളെ പഠിപ്പിക്കാറില്ല. കലാശക്തിയിലെ ക്ലാസുകളെല്ലാം ശാസ്ത്രീയമായ രീതിയിലാണ് പോകുന്നത്. പഠിപ്പിക്കുന്ന കുട്ടികള്‍ സ്‌കൂളിലെ മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട് എന്ന് മാത്രം. കലയ്ക്ക് ഒരിക്കലും അതിര്‍ത്തികളില്ല. ഏതു കലയും മറ്റൊരു കലയോട് താദാത്മ്യം പ്രാപിക്കുമെന്നതില്‍ സംശയമില്ല. അത്തരത്തില്‍ മൂന്ന് ഇന്ത്യന്‍ കലകള്‍ ചേര്‍ത്തുകൊണ്ട് കഴിഞ്ഞ ജനുവരിയില്‍ ഒരു പ്രോഗ്രാം ചെയ്തിരുന്നു. ‘രഹസ്യ’ എന്ന പേരില്‍ ചെയ്ത പരിപാടിയില്‍ ഭരതനാട്യവും കഥകളിയും ഒഡീസിയുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സിലെ ആ കഥാപാത്രം ശരിക്കും ഞാനുമായി നല്ല സാമ്യമുണ്ട്. ആ കഥാപാത്രം നൃത്തം പഠിക്കാനായി ഇന്ത്യയിലെത്തി അവസാനം ഇവിടത്തെ തന്നെ ഒരാളായി മാറുകയായിരുന്നു.
Post Your Comments