മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തെയും ആക്ടറെയും ഒരുപോലെ ഉപയോഗിച്ച ചിത്രമാണ് വിഎം വിനു സംവിധാനം ചെയ്ത ‘ബാലേട്ടന്‍’. ടിഎ ഷാഹിദ് ആദ്യമായി രചന നിര്‍വഹിച്ച ചിത്രം കൂടിയാണ് ‘ബാലേട്ടന്‍’. മോഹന്‍ലാലിന്‍റെ ഏറ്റവും വലിയ കുടുംബ ചിത്രങ്ങളില്‍ ഒന്ന്. മോഹന്‍ലാലിന്‍റെ സിനിമാ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ബാലേട്ടന്‍ നൂറോളം ദിവസങ്ങള്‍ കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞോടിയിരുന്നു. 2003-ല്‍ പുറത്തിറങ്ങിയ ബാലേട്ടനിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. എം.ജയചന്ദ്രന്‍ ഗിരിഷ് പുത്തഞ്ചേരി ടീമിന്‍റെതായിരുന്നു ഗാനങ്ങള്‍, ചിത്രത്തിലെ റിയാസ് ഖാന്റെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നെടുമുടി വേണു, ജഗതി ശ്രീകുമാര്‍ ,ഹരിശ്രീ അശോകന്‍, സുധീഷ്, ഇന്ദ്രന്‍സ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. ദേവയാനിയായിരുന്നു ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി വേഷമിട്ടത്.
സിനിമയുടെ കഥ കേട്ടപ്പോള്‍ ഒരു സംവിധായകര്‍ക്കും ചെയ്യാന്‍ താല്‍പ്പര്യം തോന്നാതിരുന്ന സിനിമയായിരുന്നു മലയാള സിനിമയിലെ മഹാ വിജയമായി മാറിയ ‘ബാലേട്ടന്‍’, ഒടുവില്‍ ടിഎ ഷാഹിദ് വിഎം വിനുവിനെ സ്ക്രിപ്റ്റ് കാണിക്കുകയും അദ്ദേഹത്തിന് ചിത്രത്തിന്റെ പ്രമേയത്തോട് താല്‍പ്പര്യം തോന്നുകയും ചെയ്തു.
‘മിസ്റ്റര്‍ ബ്രഹ്മചാരി’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് വിഎം വിനു മോഹന്‍ലാലിനോട് ബാലേട്ടന്റെ കഥ പറയുന്നത്, സിനിമയുടെ പേരാണ് വിഎം വിനു ആദ്യം മോഹന്‍ലാലിനോട് പറഞ്ഞത് ‘ബാലേട്ടന്‍’ എന്ന പേര് പറഞ്ഞതും വിഎം വിനുവിന്റെ കയ്യില്‍ മുറുകെ പിടിച്ചു കൊണ്ട് മോഹന്‍ലാല്‍ സിനിമ ചെയ്യാമെന്നെ സമ്മതം അറിയിക്കുകയായിരുന്നു.
Post Your Comments