മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടി ബീന ആന്റണി. എന്നാൽ, ഇപ്പോള്‍ ആരാധകരെ മാത്രമല്ല താരത്തെ പോലും ഞെട്ടിച്ചിരിക്കുകയാണ് ഒരു വാര്‍ത്ത. ബീനയുടെ ചിത്രം ഉപയോഗിച്ച് സൈബർ ലോകത്ത് ഒരു ഓൺലൈൻ തട്ടിപ്പ് സജീവമാകുന്നു.
‘കരിയര്‍ ജേണല്‍ ഓണ്‍ലൈന്‍’ എന്ന പേരിലുള്ള ഒരു ഓണ്‍ലൈന്‍ സൈറ്റിലാണ് ബീന ആന്റണിയുടെ ചിത്രമുപയോഗിച്ചുള്ള തട്ടിപ്പ്. വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി പ്രതിമാസം നാലര ലക്ഷത്തോളം രൂപ വരുമാനം ഉണ്ടാക്കുന്ന ആഭ കര്‍പാല്‍ എന്ന വീട്ടമ്മയുടെ വിജയ കഥയ്ക്കൊപ്പമാണ്, ബീന ആന്റണിയുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
‘നിങ്ങള്‍ക്ക് ഈ വീട്ടമ്മയുടെ വിജയ കഥ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും’ എന്ന തരത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ആഭ കര്പാലിന്റെ കഥ ഇങ്ങനെ.. കഴിഞ്ഞ വര്‍ഷം ജോലി നഷ്ടപ്പെട്ട വീട്ടമ്മയായ ആഭ കര്‍പാലിന് നിരവധി തവണ ജോലിക്കു ശ്രമിച്ചിട്ടും രക്ഷയില്ല. ഒടുവിൽ ഓൺലൈൻ വഴി ജോലി ചെയ്യാൻ തുടങ്ങി. അങ്ങനെ ഓണ്‍ലൈനിലെ ഡിജിറ്റല്‍ പ്രോഫിറ്റ് കോഴ്സിലൂടെ പ്രതിമാസം നാലര ലക്ഷം രൂപ വരെ സമ്പാദിക്കുന്നതായാണ് പരസ്യത്തിൽ പറയുന്നത്. ഈ കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാന്‍ പരസ്യത്തില്‍ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കാനും നിര്‍ദേശമുണ്ട്.
അനുവാദം കൂടാതെ തന്റെ ചിത്രമുപയോഗിച്ചുള്ള ഈ ഗുരുതര തട്ടിപ്പിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബീന ആന്റണി ഒരു മാധ്യമത്തോട് പ്രതികരിച്ചു. താനുമായി ഈ ഓണ്‍ലൈന്‍ സൈറ്റിന് യാതൊരുവിധ ബന്ധവുമില്ലെന്നും താരം വ്യക്തമാക്കി
Post Your Comments