മലയാളികളുടെ പ്രിയ താരമാണ് സുഹാസിനി. മാസങ്ങൾക്ക് മുൻപ് സുഹാസിനി മണിരത്നം തന്റെ ട്വിറ്ററിൽ ‘കുട്ടി ആനന്ദ്’ എന്ന ഷോർട്ട് സീരീസിലെ ചില ഭാഗങ്ങൾ കിട്ടാനുള്ള മാർഗമുണ്ടോ എന്ന് അന്വേഷിച്ച് പോസ്റ്റിട്ടിരുന്നു. അതോടെ സുഹാസിനി സംവിധാനം ചെയ്ത ‘പെൺ’ എന്ന ടെലിവിഷൻ സീരിസ് വീണ്ടും വാർത്തയാകുകയാണ്. 1991ൽ സുഹാസിനി എഴുതി സംവിധാനം ചെയ്ത ‘പെൺ’ സീരിസിൽ, ഹേമാവുക്ക് കല്യാണം, അപ്പാ അപ്പടി താൻ, അപ്പാ ഇറുക്കെൻ, കുട്ടി ആനന്ദ്, ലവ് സ്റ്റോറി, രാജി മാതിരി പെൺ, Mrs രംഗനാഥ്, വാർത്തൈ തവരൈ വിട്ടായ് എന്നിങ്ങനെ 8 എപ്പിസോഡുകളാണുള്ളത്. 25 മിനിറ്റുള്ള ഓരോ എപ്പിസോഡും ഓരോ കഥ പറയുന്നു. ചാരുഹാസൻ നിർമിച്ച ഈ സീരീസിൽ ഇളയരാജയുടെ സംഗീതവും ശോഭന, രേവതി, പാർത്ഥിപൻ, രഘുവരൻ, ശരണ്യ, അമല, ശ്രീവിദ്യ, ഭാനുപ്രിയ, ഗീത തുടങ്ങിയവരുടെ പ്രകടനും ശ്രദ്ധേയമാണ്. ഒരു ഫെയ്സ്ബുക്ക് സിനിമാക്കൂട്ടായ്മാ പേജിൽ, ഈ പരമ്പരയെക്കുറിച്ച് സജിത്ത് എം.എസ് എഴുതിയ കുറിപ്പിനൊപ്പം ഈ സീരിസിന്റെ എപ്പിസോഡുകളുടെ യൂ ട്യൂബ് ലിങ്കും നൽകിയിട്ടുണ്ട്
കുറിപ്പ് വായിക്കാം
‘പെൺ’ (Indian Television Series)
Language : Tamil , Director :സുഹാസിനി മണിരത്നം
Music : ഇളയരാജ , No of Episode : 8
കുറച്ചു മാസങ്ങൾക്ക് മുൻപ് സുഹാസിനി തന്റെ ട്വിറ്ററിൽ ഒരു ട്വീറ്റ് കുറിച്ചു, വർഷങ്ങൾക്ക് മുൻപ് താൻ സംവിധാനം ചെയ്ത ‘കുട്ടി ആനന്ദ്’ എന്ന ഷോർട്ട് സീരീസിലെ ചില ഭാഗങ്ങൾ കിട്ടാനുള്ള മാർഗമുണ്ടോ എന്ന് ആവശ്യപ്പെട്ടു കൊണ്ട്. അന്നാണ് സുഹാസിനി 1991ൽ ഇങ്ങനെ ഒരു സീരീസ് എഴുതി സംവിധാനം ചെയ്ത വിവരം പലരും അറിഞ്ഞതും പിന്നെയും ചർച്ച ആയതും.
പെൺ’ എന്ന പേരിൽ ഹേമാവുക്ക് കല്യാണം, അപ്പാ അപ്പടി താൻ, അപ്പാ ഇറുക്കെൻ, കുട്ടി ആനന്ദ്, ലവ് സ്റ്റോറി, രാജി മാതിരി പെൺ, Mrs രംഗനാഥ്, വാർത്തൈ തവരൈ വിട്ടായ് എന്നിങ്ങനെ 8 എപ്പിസോഡുകളാണ് സീരീസിലുള്ളത്. 25 മിനിറ്റുള്ള ഓരോ എപ്പിസോഡും ഓരോ കഥ പറയുന്നു. ചാരുഹാസൻ നിർമിച്ച ഈ സീരീസിന്റെ ഏറ്റവും വലിയ പ്രത്യേകത ഇളയരാജയുടെ സംഗീതവും ശോഭന, രേവതി, പാർത്ഥിപൻ, രഘുവരൻ, ശരണ്യ, അമല, ശ്രീവിദ്യ, ഭാനുപ്രിയ, ഗീത തുടങ്ങിയ കഴിവുറ്റ അഭിനേതാക്കളുടെ മികച്ച പ്രകടനമാണ്. സുഹാസിനി തന്നെ എഴുതിയ സ്ക്രിപ്റ്റിന്റെ കരുത്തും ഈ സീരീസിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. അന്നത്തെ ഒരു സിനിമയുടെ അത്ര നിലവാരം മേക്കിങ്ങിലും കഥയിലും എല്ലാം ഇത് പുലർത്തുന്നുണ്ട്.
സ്ത്രീകളുടെ ലോകത്തെ വൈകാരിക – സാമൂഹ്യ അവസ്ഥകൾ ആണ് സീരീസ് പറയുന്നത്. 1990 കളിൽ തമിഴ് നാട്ടിൽ ഉൾപ്പെടെ സ്ത്രീകൾ വിദ്യാഭ്യാസം നേടുകയും സ്വയം പര്യാപ്തർ ആകുകയും കൂട്ടുകാരികൾക്കൊപ്പം ആനന്ദിക്കുകയും പ്രണയിക്കാൻ ധൈര്യം കാണിക്കുകയും ചെയ്യുന്ന ചെയ്തു തുടങ്ങിയ കാലത്തെ വിവിധ കുടുംബ -സാമൂഹ്യ സാഹചര്യങ്ങളിലെ സ്ത്രീകളെയാണ് സീരീസിൽ കാണാൻ സാധിക്കുന്നത്. ചെറുകഥകൾ പോലെയുള്ള മനോഹരമായ കഥകളാണ് ഓരോന്നും. കുടുംബം എന്ന സ്ഥാപനത്തെ തന്നെയാണ് മറ്റെല്ലാ ഇന്ത്യൻ സീരിയലുകൾ പോലെ ഇതും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. ഓരോ കുടുംബത്തിലും സ്ത്രീകൾ ഓരോരോ പ്രതിസന്ധികൾ നേരിടുന്നു. ഓരോരോ തരത്തിലുള്ള ചിന്തകളും, അരക്ഷിതാവസ്ഥയും, പ്രതിഷേധങ്ങളും നടത്തുന്നു. എല്ലാ കഥകളും സ്നേഹം എന്ന അടിസ്ഥാന ഭാവത്തെ കാണിച്ചു തരുന്നവയാണ് എന്നത് ഓരോ കഥ കഴിയുമ്പോഴും നമ്മുടെ മനസ്സിൽ നിറയുന്ന സന്തോഷത്തിന്റെ നിതാനം.
‘ഹേമാവുക്ക് കല്യാണം’ എന്ന കഥയിൽ ഒരമ്മയും മകളും തമ്മിലുള്ള വൈകാരിക ബന്ധത്തെ കാണിക്കുന്നു. അമ്മയായി ശ്രീവിദ്യയും മകളായി രേവതിയും ഉജ്ജ്വല പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ‘കുട്ടി ആനന്ദ്’ എന്ന കഥ ഒരു ലേഡി ഡോക്ടറും അഞ്ചു വയസുകാരൻ ആയ ഒരു രോഗിയും തമ്മിൽ ഉടലെടുക്കുന്ന വൈകാരിക ബന്ധത്തെ പറയുന്നു. അമലയാണ് ഡോക്ടറുടെ വേഷം ചെയ്തത്. ‘അപ്പാ അപ്പടി താൻ’ എന്ന കഥയും ‘അപ്പാ ഇറുക്കെൻ’ എന്ന കഥയും പെണ്മക്കളോടുള്ള അച്ഛന്റെ സ്നേഹത്തെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന എപ്പിസോഡുകളാണ്. ശോഭന പ്രധാന വേഷം ചെയ്ത ‘Love story’ എന്ന കഥയിൽ വളരെ ഉല്ലാസവതിയായി സ്വയം പര്യാപ്തയായ യുവതി ആയാണ് ശോഭന എത്തുന്നത്. സുഹാസിനിയാണ് ശോഭനയ്ക്ക് dubb ചെയ്തത്. വളരെ subtle ആയി കഥാപാത്രത്തെ ശോഭന അവതരിപ്പിച്ചു (ഈ series കഴിഞ്ഞു രണ്ടു കൊല്ലം കഴിഞ്ഞാണ് ശോഭന മണിച്ചിത്രത്താഴ് ചെയ്തത്). സുഹാസിനി തന്നെ പ്രധാന വേഷം ചെയ്ത ‘വാർത്തൈ തവര വിട്ടയ് ‘ എന്ന കഥ ഗ്രാമത്തിന്റെ മാനം കാക്കാൻ വേണ്ടി അന്ന് മാത്രം ആദ്യമായി കാണുന്ന ഒരാളെ വിവാഹം ചെയ്തു ഗ്രാമത്തിൽ നിന്ന് മദ്രാസിൽ പോകേണ്ടി വരുന്ന ഒരു പെൺകുട്ടിയും ഭർത്താവും തമ്മിൽ ഉടലെടുക്കുന്ന സ്നേഹത്തിന്റെ കഥയാണ്. ഭർത്താവ് ആയി വരുന്ന പാർത്ഥിപനും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നുണ്ട്. Mrs രംഗനാഥ്, ഭർത്താവിന്റെ മരണ ശേഷം കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്ന ഒരു സ്ത്രീയുടെ കഥ പറയുന്നു (ഇത് കാണുമ്പോ ഇതിൽ നിന്നാണ് സത്യൻ അന്തിക്കാടിന്റെ കഥ തുടരുന്നു ആയി വർണ്യത്തിൽ ആശങ്ക തോന്നും ?). ‘രാജി മാതിരി പെണ്ണ്’ എന്ന കഥ ഭാര്യയെ തല്ലുന്ന, സ്ത്രീകളെ ബഹുമാനിക്കാത്ത ഒരു പുരുഷനെ മാറ്റിയെടുക്കാനുള്ള അയാളുടെ അമ്മയുടെയും ഭാര്യയുടെയും ശ്രമങ്ങളാണ് പറയുന്നത്. ശരണ്യയും രഘുവരനും ആണ് ഇതിലെ പ്രധാന താരങ്ങൾ.
25 മിനിറ്റിൽ വളരെ കുറച്ചു കഥാപാത്രങ്ങളെ വച്ച് ഏറ്റവും മികച്ച രീതിയിൽ തന്നെയാണ് സുഹാസിനി ഈ series അണിയിച്ചൊരുക്കിയിട്ടുള്ളത്. ഈ സീരീസ് സംപ്രേഷണം ചെയ്ത കാലത്തെ സ്ത്രീകൾ എല്ലാം ഇന്ന് അടുത്ത തലമുറയിലേക്ക് കടന്നു. എന്നാലും ഇന്നും ഇതിലെ ഓരോ കഥയും ഇന്നത്തെ കാലത്തെ പോലും പെൺകുട്ടികൾക്ക് connect ചെയ്യാൻ സാധിക്കും (ശോഭന ചെയ്ത love story പുതിയ കാലത്തെ സ്ത്രീകളുടെ കഥയാണ്). അമ്മ – മകൾ, അച്ഛൻ – മകൾ, ഭാര്യ -ഭർത്താവ് തുടങ്ങിയ കുടുംബത്തിനുള്ളിലെ വിവിധ റോളുകളിൽ സ്ത്രീകൾ എങ്ങനെ ലോകത്തെ കാണുന്നെന്നും എങ്ങനെ ജീവിക്കുന്നു എന്നുമുള്ള ഒരു സ്ത്രീ എഴുത്തുകാരിയും സംവിധായികയും ആയ സുഹാസിനിയുടെ അന്വേഷണം ആണ് ‘പെൺ’ എന്ന സീരീസ്.
ഇരുപത് വർഷങ്ങൾക്ക് ശേഷം പിന്നെയും അത് കാണുമ്പോൾ ഹൃദയം ആർദ്രമാകുന്നു
കാണാത്തവർ കാണൂ… You tube ൽ 8 എപ്പിസോഡുകളും ഉണ്ട്.
Post Your Comments