മലയാള സിനിമയിലെ അതുല്യ പ്രതിഭകളുടെ ചരമ ദിനങ്ങള്‍ സഹ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് വാചകങ്ങളായി ചുരുക്കുമ്പോള്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തനാവുകയാണ് സംവിധായകന്‍ ലാല്‍ ജോസ്, ലോഹിതദാസ് എന്ന അതുല്യ കലാകാരന്റെ പത്താണ്ടുകളുടെ ഓര്‍മ്മ ദിനത്തില്‍ വൃക്ഷത്തൈ നട്ടാണ് ആ വലിയ കലാകാരന് മുന്നില്‍ കൈ കൂപ്പുന്നത്.
ലോഹിതദാസിന്റെ ഓര്‍മ്മ ദിവസത്തില്‍ ലാല്‍ ജോസ് തന്‍റെ മുഖപുസ്തകത്തില്‍ ഇങ്ങനെ കുറിച്ചു……
അക്ഷരങ്ങളാൽ അമരനായി മാറിയ ഒരു മനുഷ്യൻ ഓർമ്മ മരങ്ങളായി തഴച്ചു വളരുന്ന ഒരിടമുണ്ട് തൃശ്ശൂരിൽ. ലോഹിയേട്ടനുവേണ്ടി തൃശ്ശൂർ ഔഷധിയിലെ ഡോക്ടർ രജിതനും സുഹൃത്തുക്കളും ചേർന്ന് നട്ട് വളർത്തുന്ന സ്മൃതിവനം. ഇന്നേക്ക് പത്ത് കൊല്ലം മുമ്പ് ലോഹിയേട്ടന്റെ ഒന്നാം ചരമ വാർഷികത്തിലാണ് ഡോക്ടർ രജിതൻ അറിയിച്ചതനുസരിച്ച് ഞാനിവിടെ ആദ്യം എത്തുന്നത്. അവിടെ അത്ര പരിചിതമല്ലാത്ത ഒരു ചെടിയുടെ കുറെ തൈകൾ കണ്ടു. അന്വേഷിച്ചപ്പോൾ അതെല്ലാം നീർമരുതിന്റെ തയ്യുകളാണ്. ചോതി നക്ഷത്രക്കാരനായ ലോഹിതദാസിന്റെ നക്ഷത്രമരമാണ് നീർമരുത്. പ്രിയ തിരക്കഥാകൃത്തിന്റെ ഓർമ്മയിൽ നീർമരുതുകളുടെ ഒരു വനമൊരുക്കണമെന്ന പ്രകൃതിസ്നേഹിയായ ഡോക്ടർ രജിതന്റെ ആഗ്രഹത്തിനൊപ്പം തൃശ്ശൂരിലെ കൈലാസ് നാഥ് സ്കൂൾ അധികൃതർ കൈകോർത്തപ്പോൾ അനുവദിച്ചുകിട്ടിയ പന്ത്രണ്ട് സെന്റിലാകെ അന്ന് ഞങ്ങൾ നീർമരുതുകൾ നട്ടു. ലോഹിയേട്ടന്റെ ഭാവന ഉയിരു നൽകിയ ചലച്ചിത്രങ്ങളുടെ പേരിട്ടാണ് ഓരോ തൈയ്യും നട്ടത്. ഞാൻ നട്ട തൈയ്യുടെ പേര് ഭൂതക്കണ്ണാടി. (ആ സിനിമയിൽ ലോഹിയേട്ടന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നല്ലോ ഞാൻ. )
ലോഹിയേട്ടൻ നമ്മെവിട്ട് പിരിഞ്ഞിട്ട് പത്ത്കൊല്ലം തികയുന്ന ഇന്ന് വീണ്ടും ഈ സ്മൃതിവനത്തിലെത്തുമ്പോൾ നീർമരുതുകൾക്ക് ആൾപ്പൊക്കം. സാധാരണ നീരൊഴുക്കുളള ചതുപ്പുനിലങ്ങളിൽ വളരുന്ന നീർമരുതുകൾ ഇവിടെ ഈ കുന്നിൻ മുകളിലെ ഈ വിദ്യാലയപരിസരത്ത് ആർത്തു വളരുന്നത് ഒരു കാഴ്ചതന്നെയാണ്. കൂട്ടത്തിൽ ഞാൻ നട്ട ഭൂതക്കണ്ണാടിയും പത്ത് വയസ്സുകാരന്റെ പ്രസരിപ്പോടെയുണ്ട്. ഇങ്ങനെ നോക്കിനിൽക്കേ കാലം ഇവിടെ മരങ്ങളായി വളരുകയാണെന്ന് തോന്നിപ്പോയി. ആദ്യകാഴ്ചയിൽ മനസ്സിലേക്ക് വേരാഴ്ത്തിയ ഒരു നല്ല സിനിമ നമ്മിൽ നിറഞ്ഞു വളരുന്നതുപോലെ ഇവിടെ നീർമരുതകൾ. ഹൃദ്രോഗങ്ങൾക്കുളള ആയുർവേദമരുന്നുകളിലെ പ്രധാന ചേരുവയാണത്രേ ഈ നീർമരുത്. ഹൃദയാഘാതത്തെ തുടർന്ന് നമ്മെവിട്ടുപോയ അങ്ങേയറ്റം ഹൃദയാലുവായ ഒരു മനുഷ്യന്റെ ഓർമ്മമരങ്ങളായിമാറുന്നതും അതേ നീർമരുതകൾ തന്നെ.
ഇന്നും ഞങ്ങൾ ആറു തൈയ്യുകൾ നട്ടു. ഇങ്ങനെ പോയാൽ ഇനിയൊരു പത്താണ്ട് പിന്നിടുമ്പോൾ ഈ പന്ത്രണ്ട് സെന്റ് ഒരു നിബിഢവനമാകും. ഇവിടേക്ക് കാറ്റിനൊപ്പം കിളികളും കിളിപ്പാട്ടുകളും എത്തും. അന്നും മലയാളസിനിമയുടെ തലമുറകൾ ഈ മണ്ണ് തേടി, ലോഹിയേട്ടന്റെ ഓർമ്മമരങ്ങളുമായെത്തിക്കൊണ്ടിരുക്കും..
Post Your Comments