KollywoodLatest NewsMollywood

സൂരസംഹാരത്തില്‍ അഭിനയിക്കുമ്പോള്‍ കമലിനൊപ്പം ബെഡ്‌റൂം സീനിലും അഭിനയിക്കണം, ഇതോടെ ഒരുപാട് നടിമാര്‍ ഈ വേഷം വേണ്ടെന്ന് വെച്ചു, ഒടുവില്‍ ആ വേഷമെത്തിയത് ഈ നടിയ്ക്ക്; കുറിപ്പ് വൈറല്‍

സുനില്‍ വെയ്ന്‍സ് എന്ന സിനിമാപ്രേമിയാണ് ഈ വാര്‍ത്ത പങ്കുവച്ചത്

പ്രക്ഷകര്‍ ഓര്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ വഴി ശ്രദ്ധേയയായ നടിയാണ് നിരോഷ. നടന്‍ എം.ആര്‍.രാധയുടെ മകളാണ് നിരോഷ. നാം മറന്ന നടികള്‍ എന്ന ഹാഷ് ടാഗിലൂടെ മൂപി സട്രീറ്റില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സുനില്‍ വെയ്ന്‍സ് എന്ന സിനിമാപ്രേമിയാണ് ഈ വാര്‍ത്ത പങ്കുവച്ചത്.

കുറിപ്പ് വായിക്കാം:

മാലേയം മാറോടലിഞ്ഞു..കണ്ടാല്‍ ചിരിക്കാത്ത കാക്കക്കറുമ്പിയെ എന്നീ ഗാനരംഗങ്ങള്‍ കണ്ടവരാരും നിരോഷ എന്ന നടിയെ മറക്കില്ല. പ്രേക്ഷകര്‍ ഓര്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ വഴി ശ്രദ്ധേയയായ നടിയാണ് നിരോഷ. മലയാളത്തിനും തമിഴിനും ഒരു കാലത്ത് ഏറെ പ്രിയങ്കരിയായിരുന്ന നടി. പഴയകാല തമിഴ് നടനും എം.ജി.ആറിനെ വെടിവച്ചതിലൂടെ ഏറെ കുപ്രസിദ്ധിയാര്‍ജ്ജിച്ചതുമായ നടന്‍ എം.ആര്‍.രാധയുടെ മകളാണ് നിരോഷ. ശ്രീലങ്കയിലെ കൊളംബോയില്‍ ജനിച്ച നിരോഷയുടെ സഹോദരിയാണ് പ്രശസ്ത തമിഴ് നടി രാധിക. നടന്‍ രാധാരവി നിരോഷയുടെ സഹോദരനാണ്. 1988ല്‍ മണിരത്നം സംവിധാനം ചെയ്ത അഗ്നിനച്ചത്തിരം എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രം വഴിയാണ് നിരോഷ തമിഴില്‍ അരങ്ങേറുന്നത്. നായകന് ശേഷം മണിരത്നം ഒരുക്കിയ ഈ സിനിമ വലിയ വിജയമായതോടെ നിരോഷ എന്ന ഇരുണ്ടസുന്ദരിയെ തെന്നിന്ത്യന്‍ സിനിമാലോകം പതിയെ ശ്രദ്ധിച്ചുതുടങ്ങി. ഗ്ലാമര്‍ ആയിരുന്നു നിരോഷയുടെ തുറുപ്പുചീട്ട്. കാര്‍ത്തിക്കിനൊപ്പം ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ അതീവഗ്ലാമര്‍ വേഷത്തിലാണ് നിരോഷ പ്രത്യക്ഷപ്പെട്ടത്.

കമല്‍ഹാസന്റെ കരിയര്‍ ബെസ്റ്റ് ചിത്രങ്ങളില്‍ ഒന്നായ ‘നായകന്‍’ തമിഴ് മണ്ണിനെ ഒന്നടങ്കം ഇളക്കി മറിച്ചപ്പോള്‍ അടുത്ത കമല്‍ ചിത്രത്തിനായി കമലിന്റെ ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരുന്നത്. ‘സൂരസംഹാരം’എന്ന ആക്ഷന്‍ വെടിക്കെട്ടായിരുന്നു കമല്‍ അടുത്ത തമിഴ് ചിത്രമായി പ്രഖ്യാപിച്ചത്. പാശ്ചാത്യ ചിത്രമായ വിറ്റ്‌നസ്, ലെതല്‍ വെപ്പണ്‍’ എന്നീ ചിത്രങ്ങളെ കടംകൊണ്ടായിരുന്നു സൂരസംഹാരം എന്ന സിനിമ തയ്യാറാക്കിയത്. അക്കാലത്തെ തമിഴ് ബോക്സോഫീസിന്റെ സൂത്രവാക്യങ്ങളില്‍ ഒന്നായിരുന്നു കമല്‍ ചിത്രത്തിലെ ചുംബന സീന്‍. പക്ഷേ, സൂരസംഹാരത്തിലെ നായികയെ തിരയുമ്പോള്‍ ചുംബന സീനില്‍ മാത്രമല്ല കമലിനൊപ്പം എറെ ഇഴുകിചേര്‍ന്ന് ബെഡ് റൂം സീനില്‍ കൂടി അഭിനയിക്കണം എന്നായിരുന്നു സൂരസംഹാരത്തിന്റെ സംവിധായകന്‍ ചിത്രലക്ഷ്മണന്‍ വെച്ച ഡിമാന്‍ഡ്. എന്നാല്‍, കമലിനൊപ്പം ബെഡ് റൂം സീനില്‍ അഭിനയിച്ചാല്‍ ശരിയാവില്ലെന്ന കാരണം പറഞ്ഞ് കോളിവുഡിലെ പ്രശസ്തനായികമാരായ അമലയും, രാധയും,അംബികയും സൂരസംഹാരം എന്ന ചിത്രത്തിലെ നായികാവേഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഒടുവില്‍ ആ വേഷം എത്തിയത് നടി ലിസിക്കായിരുന്നു. ലിസിയും ആ വേഷം വേണ്ടെന്ന് വച്ചതോടെ സംവിധായകന്‍ ആശയക്കുഴപ്പത്തിലായി. ഒടുവില്‍, സംവിധായകന്‍ ചിത്രലക്ഷ്മണന്റെ സകല നിബന്ധനകളും അംഗീകരിച്ചു കൊണ്ട് നിരോഷ സൂരസംഹാരത്തിലെ ആ നായികാവേഷം ഏറ്റെടുക്കുകയായിരുന്നു.

അഗ്നിനച്ചത്തിരം റിലീസാകുന്നതിനും ഒരാഴ്ച മുന്‍പേ നിരോഷ മലയാളത്തില്‍ അരങ്ങേറിയിരുന്നു. പ്രിയദര്‍ശന്‍ ഒരുക്കിയ ഒരു മുത്തശ്ശിക്കഥ എന്ന സിനിമയായിരുന്നു അത്. വിനീത് നായകനായ ആ സിനിമയാകട്ടെ വന്‍ പരാജയമായിത്തീര്‍ന്നു. പിന്നീട് മോഹന്‍ലാല്‍ നായകനായ തച്ചോളി വര്‍ഗീസ് ചേകവര്‍ ഉള്‍പ്പടെ 8ഓളം മലയാളസിനിമകളില്‍ അവര്‍ അഭിനയിച്ചു. ശിപായിലഹള, ഇന്ദ്രപ്രസ്ഥം, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, കല്യാണക്കുറിമാനം എന്നിവയാണ് അതില്‍ ശ്രദ്ധേയമായവ. എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലുമായി ഏതാണ്ട് 100ലധികം സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ തന്റെ നായകനായി അഭിനയിച്ച നടന്‍ രാംകിയെയാണ് നിരോഷ പിന്നീട് വിവാഹം കഴിച്ചത്. തുടക്കം ഗംഭീരമായിരുന്നെങ്കിലും സിനിമയില്‍ അധികകാലം തിളങ്ങാന്‍ നിരോഷക്കായില്ല. വിവാഹശേഷം ഇടവേളയെടുത്ത നടി 2003ല്‍ മാധവന്‍ നായകനായ പ്രിയമാന തോഴി എന്ന സിനിമയിലൂടെയാണ് തിരിച്ച് അഭിനയരംഗത്ത് പ്രത്യക്ഷപ്പെട്ടത്. മോഡേണ്‍ വേഷങ്ങളും നാടന്‍ വേഷങ്ങളും ഒരുപോലെ വഴങ്ങുന്ന അഭിനേത്രിയാണ് നിരോഷ. രാധിക നിര്‍മ്മിക്കുന്ന തമിഴ് മെഗാസീരിയല്‍ വഴിയും തമിഴ് സിനിമയിലെ സ്വഭാവവേഷങ്ങള്‍ വഴിയും ഇന്നും സജീവമാണ് ഈ അഭിനേത്രി.. അഥര്‍വ നായകനായി, കഴിഞ്ഞ മാസം പുറത്തിറങ്ങിയ 100 എന്ന തമിഴ് സിനിമയില്‍ നായകന്റെ അമ്മ വേഷത്തിലാണ് ഏറ്റവും ഒടുവില്‍ അവര്‍ പ്രത്യക്ഷപ്പെട്ടത്. നബി:-:ചിലര്‍ക്കെങ്കിലും സില്‍ക്ക് സ്മിതയുടെ മുഖസാദൃശ്യം കൊണ്ട് നിരോഷയെ മാറി പോയ അനുഭവവും ഉണ്ടാകും.

shortlink

Related Articles

Post Your Comments


Back to top button