സംവിധായകന് ലാല്‍ ജോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്, പ്രശസ്ത ക്യാമറമാന് എസ്.കുമാറിന് ഒരു ട്രിബ്യൂട്ട് സമ്മാനിച്ചു കൊണ്ടുള്ള ലാല്‍ജോസിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ കൈയ്യടി തീര്‍ക്കുകയാണ്.
ലാല്‍ ജോസിന്റെ ശബ്ദത്തോട് കൂടിയുള്ള ഫേസ്ബുക്ക് പോസ്റ്റിലെ വാചകത്തിന്റെ പൂര്‍ണ്ണരൂപം
“വിസിആറും വിസിപിയും പ്രചരിച്ച് തുടങ്ങിയ കാലത്ത് മിക്കവീട്ടിലും മൂന്ന് കാസറ്റുകളുണ്ടാകും!, ‘ടോം & ജെറി’, ‘പൂച്ചയ്ക്കൊരു മൂക്കുത്തി’, ഹിന്ദി സിനിമാ ഗാനങ്ങളുടെ ചിത്രഹാര്‍, ഇടയില്‍ എവിടെ നിന്ന് പ്ലേ ചെയ്താലും രസിക്കും എന്നതാണ് ഈ മൂന്നിന്റെയും പ്രത്യേകത, ‘പൂച്ചയ്ക്കൊരു മൂക്കുത്തി’ കണ്ടു കണ്ടു കണ്ണിലുടക്കിയ പേരാണ് ക്യാമറ എസ്.കുമാര്‍. പിന്നീട് ‘ചിത്രം’ സിനിമ കണ്ടിറങ്ങിയപ്പോള്‍ പോസ്റ്ററില്‍ പോയി ആരാണ് ക്യാമറമാനെന്നു നോക്കി. അതേ എസ് കുമാര്‍ തന്നെ, ‘വന്ദനം’, ‘കിലുക്കം’, ‘ആര്യന്’, ‘കിരീടം’ ‘മിഥുനം’, ‘പരിണയം’, ‘ജോണിവാക്കര്‍’, അങ്ങനെ കാഴ്ചയുടെ വസന്തങ്ങള്‍ എത്ര പിന്നില്‍, കമല്‍ സാറിന്റെ അസിസ്റ്റന്റായി സിനിമയില്‍ കയറികൂടിയ ശേഷം 1995-ല്‍ ‘മഴയെത്തും മുന്‍പേ’ ഷൂട്ട് ചെയ്യാനെത്തുമ്പോഴാണ് കുമാര്‍ജിയെ ജീവനോടെ കാണുന്നത്. സംവിധായകരുമായി മല്ലയുദ്ധം ആണെങ്കിലും സഹസംവിധായകരുമായി കൂട്ട് കൂടുന്നതാണ് കുമാര്‍ സ്റ്റൈല്‍, അങ്ങനെ ഞാനും കുമാര്‍ ജിയുടെ സംഘത്തിലെ ഒരംഗമായി, എന്റെ രണ്ടാമത്തെ സിനിമയായ ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ വിഷ്വലുകള്‍ക്ക് എറെ പ്രാധാന്യമുള്ള സിനിമയായിരുന്നു, കുമാര്‍ സാറിനെ അല്ലാതെ, ഞാന്‍ ആരെ വിളിക്കാന്‍!!, പിന്നീട് ‘രണ്ടാം ഭാവം’, ‘മീശമാധവന്’, ‘പട്ടാളം’, ‘പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും’, ഇപ്പോഴിതാ എന്റെ കരിയറിലെ 25-ആം സിനിമയായ ’41’-ന്റെ ക്യാമറമാനായി കുമാര്‍ജിയാണ്, 1978-ല്‍ മോഹന്‍ലാലിന്റെ ആദ്യ സിനിമയായ തിരനോട്ടത്തിന്റെ ക്യാമറമാനായി തുടക്കം കുറിച്ചപ്പോഴുള്ള അതെ കൗതുകത്തോടെ, അതെ ആവേശത്തോടെ ഏതു പുതുപുത്തന്‍ ക്യാമറമാനും മാറിനിന്ന് കൈയ്യടിച്ചു പോകുന്ന കാഴ്ചകളുടെ പരമ്പര തീര്‍ക്കുകയാണ് കുമാര്‍ ജി.
Post Your Comments