നര്‍മ്മത്തില്‍ ചാലിച്ച അവതരത്തിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ നടിയാണ് മോളി കണ്ണമാലി. ചാള മേരി എന്ന കഥാപാത്രമാണ് മലയാളികള്‍ക്ക് ഏറെ പരിചിതം. വെള്ളിത്തിരയില്‍ ചിരി പടര്‍ത്തുന്ന അഭിനേത്രി മോളി കണ്ണമാലിയുടെ ഇപ്പോഴത്തെ അവസ്ഥ അതീവ ദയനീയമാണ്. എറണാകുളം കണ്ണമാലി പുത്തൻതോട് പാലത്തിനടുത്ത് ചെറിയൊരു കൂരയിലാണ് നടിയുടെ ഇപ്പോഴത്തെ താമസം. പ്രളയത്തിനു ശേഷം അടിഞ്ഞു കൂടിയ ചവറും അഴുക്കുമൊക്കെ വീടിന്റെ ചുറ്റുപാടിനെ ചതുപ്പു നിലം പോലെയാക്കിയിട്ടുണ്ട്. സാമൂഹിക പ്രവർത്തകൻ സൂരജ് പാലാക്കാരനാണ് തന്റെ ഫെയ്സ്ബുക് വിഡിയോയിലൂടെ ഇവരുടെ ദയനീയാവസ്ഥ പുറത്തു കൊണ്ടു വന്നത്.
‘ഒരു ഹൃദയാഘാതം കഴിഞ്ഞതാണ്. ആകെ സമ്പാദ്യമായിരുന്ന സ്വർണാഭരണങ്ങൾ വരെ നഷ്ടപ്പെടുത്തേണ്ടിവന്നു. രണ്ട് ആൺമക്കൾ പണിക്കു പോയാലും കിട്ടുന്ന തുച്ഛ വരുമാനം ഒന്നുമാകുന്നില്ല. സിനിമയില്‍നിന്നു വല്ലപ്പോഴും കുറച്ച് അവസരങ്ങൾ ലഭിക്കും. അതിൽനിന്നുള്ള വരുമാനം ജീവിതച്ചെലവിനും മരുന്നിനുമൊക്കെക്കൂടി തികയുന്നില്ല.– മോളി പറയുന്നു. സ്വന്തമായി സ്ഥലം ഉണ്ടെങ്കിലും അവിടെ വീട് വയ്ക്കാൻ പറ്റാത്തതിനെപ്പറ്റി മോളി മുന്‍പും പറഞ്ഞിരുന്നു. ഈ സ്ഥലം ഇപ്പോൾ തർക്കത്തിലാണ്. അതുകൊണ്ടുതന്നെ വീട് വയ്ക്കാനോ സ്ഥലം വിൽക്കാനോ കഴിയുന്നില്ല. കടുത്ത നിസ്സഹായാവസ്ഥയിലാണ് തങ്ങളെന്നും കഴിയുന്നവർ സഹായിക്കണമെന്നും മോളി വീഡിയോയിലൂടെ അഭ്യർത്ഥിക്കുന്നു
മോളിയുടെ ദുരിതാവസ്ഥ അറിഞ്ഞതോടെ താരത്തിനു വീട് നിര്‍മ്മിച്ച് നല്‍കാനൊരുങ്ങിയിരിക്കുകയാണ് താരസംഘടനയായ ‘അമ്മ’. ജൂണ്‍ ഒന്നിന് ചേര്‍ന്ന ‘അമ്മ’യുടെ എക്‌സിക്യുട്ടീവ് കമ്മറ്റി ഇത് സംബന്ധിച്ച തീരുമാനം എടുത്തതായി ‘അമ്മ’ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. നിലവില്‍ ‘അമ്മ’യില്‍ അംഗമല്ലാത്ത മോളി കണ്ണമാലിക്ക് അക്ഷരവീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. അക്ഷരവീട് പദ്ധതിയുടെ ടീം സ്ഥലം സന്ദര്‍ശിക്കുകയും നിയമപരമായ വശങ്ങള്‍ കൂടി പരിഗണിച്ച് എത്രയും വേഗം വീട് നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments