മലയാളത്തിന്റെ മെഗാതാരം മോഹന്‍ലാലിന്റെ ആരാധകരെ പരസ്യമായി വിമര്‍ശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്. മോഹന്‍ലാല്‍ വേദിയില്‍ ഇരിക്കുമ്പോള്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
പാലക്കാട് നെന്മാറയില് ഒരു സ്വകാര്യ ആശുപത്രിയുടെ ഉത്ഘാടനചടങ്ങില്‍ എത്തിയതായിരുന്നു ഇരുവരും. മുഖ്യമന്ത്രിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍, മോഹന്‍ലാല്‍ വിശിഷ്ടാതിഥിയും. മോഹന്‍ലാല്‍ എത്തുന്നതറിഞ്ഞ് വന്‍ ജനാവലി ചടങ്ങിന് എത്തിയിരുന്നു.തങ്ങളുടെ ഇഷ്ട താരത്തെ നേരില്‍ കണ്ട സന്തോഷത്തില്‍ ആരാധകര്‍ ആര്‍പ്പു വിളിയും ബഹളങ്ങളും ഉണ്ടാക്കിയിരുന്നു. ഉദ്ഘാടന പ്രസംഗത്തിന് പിണറായി വേദിയിലെത്തിയപ്പോഴും മോഹന്‍ലാലിനായി ആരാധകര്‍ ബഹളം വച്ചു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
പിണറായിയുടെ വാക്കുകള്‍ ഇങ്ങനെ … “ഇതു സാധാരണ ഉണ്ടാവുന്നതാണ് യോഗത്തില്‍. അതിനെപറ്റി ആലോചിച്ചിട്ട് കാര്യമില്ല. ഇതും നമ്മുടെ ഒരു പ്രത്യേകതയാണ്. നമ്മള് നാടിന്റെ ഭാഗമായ കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ ചിലര്‍ ഒരു ചെറിയ വൃത്തത്തില്‍ ഒതുങ്ങിനില്ക്കും. അതിനപ്പുറം ഒന്നുമില്ല. മോഹന്‍ലാല്‍ എന്ന മഹാനടന് നമ്മുടെ അഭിമാനമാണ് അദ്ദേഹത്തോട് സ്നേഹമാണ് അംഗീകരിക്കുകയാണ്. ഈ ഒച്ചയിടുന്നവര്‍ക്ക് അത് മാത്രമേയുള്ളൂ കാര്യം. അതിനപ്പുറം ഒരു ലോകമില്ല എന്നര്‍ഥം. അത് കൊണ്ടാണ് അവര്‍ ഇടക്കിടയ്ക്ക് ഇങ്ങനെ ഒച്ചയിട്ടുകൊണ്ടിരിക്കുന്നത്. ഇനി അവര്‍ ഇത് അവസാനിപ്പിക്കാന്‍ ഒന്നും പോകുന്നില്ല..അത് സ്വാഭാവികമായിട്ടും കാണുന്ന ഒരു കാര്യമാണ്. അതിനകത്ത് മറ്റൊന്നും തോന്നേണ്ട കാര്യമില്ല. ഇത് പ്രായത്തിന്റെ ഒരു പ്രത്യേകതയായിട്ട് കണ്ടാല്‍മതി.” മുഖ്യമന്ത്രി പറഞ്ഞു.
തുടര്‍ന്ന് ഉദ്ഘാടന പ്രസംഗം അധികം നീട്ടാതെ മുഖ്യമന്ത്രി വേദി വിട്ടു. എന്നാല്‍ പിന്നീട് സംസാരിക്കാനെത്തിയ മോഹന്‍ലാല്‍ ഇതിനെക്കുറിച്ച് ഒന്നും തന്നെ പരാമര്‍ശിച്ചില്ല.
Post Your Comments