ഗാനഗന്ധര്വന് യേശുദാസിന്റെ പാട്ടുകള്‍ ഇഷ്ടപ്പെടാത്ത മലയാളികള്‍ ഉണ്ടാകില്ല. നടന് മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും വേണ്ടി നിരവധി ഗാനങ്ങള്‍ പാടിയ യേശുദാസ് ഇരുവരും ഒരുമിച്ച ചിത്രത്തില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും വേണ്ടി പാടിയിട്ടുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച ഹിറ്റ് ചിത്രമാണ് ഹരികൃഷ്ണൻസ്. ചിത്രത്തിലെ ‘പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസാണ്. രണ്ടുശബ്ദത്തിൽ പാടിയ ഗാനം അന്ന് തരംഗമായിരുന്നു. വർഷങ്ങൾക്കു ശേഷം ഈ പാട്ടുപാടിയതിനു പിന്നിലെ കഥ പങ്കുവെക്കുകയാണ് യേശുദാസ്.
ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് മമ്മൂട്ടിക്കും മോഹൻലാലിനും വേണ്ടി രണ്ടു ശബ്ദത്തിൽ പാടുന്നു എന്ന പരസ്യവാചകത്തോടെയായിരുന്നു ഹരികൃഷ്ണൻസിന്റെ കാസറ്റ് വിപണിയിലെത്തിയിരുന്നത്. സത്യത്തിൽ അങ്ങനെ രണ്ടു ശബ്ദത്തിൽ പാടാൻ കഴിയുമോ ?’ എന്നു അവതാരകനായ രമേഷ് പിഷാരടിയുടെ ചോദ്യത്തിനു മറുപടിയായാണ് യേശുദാസ് ആ രഹസ്യം വെളിപ്പെടുത്തിയത്.
അതിനുള്ള യേശുദാസിന്റെ മറുപടിങ്ങനെ.. ‘വർഷങ്ങൾക്കു മുൻപാണെങ്കിൽ രണ്ടുശബ്ദത്തിൽ പാടുക എന്നത് സാധ്യമല്ല. ടെക്നോളജി അത്രയും ഉയർന്നപ്പോൾ ലാലിനു വേണ്ടി ഒരു ട്രാക്കിലും മമ്മൂട്ടിക്കു വേണ്ടി ഒരു ട്രാക്കിലും പാടാനുള്ള ഭാഗ്യം അടിയനു ലഭിച്ചു. ടെക്നോളജിയാണ് അതിനെ വ്യത്യസ്തമാക്കിയത്. കാരണം രണ്ടുപേരുടെയും ശബ്ദത്തെ പറ്റി എല്ലാവർക്കും അറിയാം. രണ്ടുപേരുടെയും ശബ്ദത്തിൽ പാടണമെന്ന് ചിത്രത്തിന്റെ സംവിധായകൻ എന്നിലർപ്പിച്ച കർത്തവ്യം എങ്ങനെയെങ്കിലും ഭംഗിയാക്കണമെന്നു തോന്നി. അപ്പോഴാണ് ടെക്നോളജി ഉപയോഗപ്പെടുത്താമെന്ന ബുദ്ധി വന്നത് . ആദ്യത്തെ ഭാഗം അൽപം സ്പീഡിലാക്കാമോ എന്നു സൗണ്ട് എൻജിനീയറോട് ചോദിച്ചു. അദ്ദേഹം അങ്ങനെചെയ്തു നൽകി. ലാലിന്റെ പോർഷനിൽ അൽപം കുണുക്കത്തോടെയാണ് പാടുന്നത്. അത് ആ ഭാവത്തോടുകൂടി പാടി മിക്സ് ചെയ്യുകമാത്രമാണ് ചെയ്തത്. അല്ലാതെ രണ്ടു ശബ്ദത്തിൽ പാടുകയൊന്നുമായിരുന്നില്ല. ആ എൻജിനീയർക്കാണ് അതിന്റെ സല്യൂട്ട്.ടെക്നോളജിയില്ല എങ്കിലും ഈ പാട്ടിന്റെ നാലുവരി ഞാനിവിടെ പാടാം. ഈ കത്തി ഉണ്ടാകുമെന്നു കരുതി ഒരു ഉറയുമായാണ് ഞാൻ വന്നത്.’ ഇത്രയും പറഞ്ഞ അദ്ദേഹം ജുബ്ബയുടെ പോക്കറ്റിൽ നിന്നും പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മള് എന്ന ഗാനം എഴുതിയ പേപ്പർ കയ്യിലെടുക്കുകയും ചെയ്തു.
മഴവിൽ മനോരമയുടെ ആൾ ടൈം എന്റർടെയ്നർ പുരസ്കാരം മമ്മൂട്ടിയിൽ നിന്നും മോഹൻലാലിൽ നിന്നും സ്വീകരച്ചുകൊണ്ടായിരുന്നു യേശുദാസ് പാട്ടിനു പിന്നിലെ രഹസ്യം പങ്കുവച്ചത്.
Post Your Comments