ചിരിയുടെ രസക്കൂട്ടില്‍ പ്രണയവും സംഗീതവും ചേരുംപടി ചേര്‍ത്ത് ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ ‘ഓഡിയോ റിലീസും ട്രെയിലര്‍ ലോഞ്ചും നടന്നു. ജനപ്രിയ നായകന്‍ ദിലീപ് മുഖ്യാതിഥിയായ ചടങ്ങിലാണ് ചിത്രത്തിലെ ഗാനങ്ങളുടെയും ട്രെയിലറിന്റെയും പ്രകാശനം നടന്നത്. വൈകുന്നേരം 6.30 തിന് കൊച്ചി കലൂര്‍ ഐ.എം.എ ഹാളിലായിരുന്നു ചടങ്ങ്. ചിത്രത്തിലെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പുറമേ ചലച്ചിത്ര-സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു..
നോവല്‍, മൊഹബത്ത്, മൈ ബോസ്, ജിലേബി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മാണം നിര്‍വഹിക്കുന്ന അഞ്ചാമത്തെയും നോവലിനും മൊഹബത്തിനും ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന മൂന്നാമത്തെയും ചിത്രമാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’. പ്രണയത്തിനും നര്‍മ്മത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. യുവതാരം അഖില്‍ പ്രഭാകര്‍ നായകനാകുന്ന ചിത്രത്തില്‍ ശിവകാമി, സോനു എന്നിവര്‍ നായികമാരായി എത്തുന്നു. കൂടാതെ നെടുമുടി വേണു, ദിനേശ് പണിക്കര്‍, വിനയ് വിജയന്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, വിഷ്ണുപ്രിയ, സുബി സുരേഷ്, അഞ്ജലി തുടങ്ങി ഒരു മികച്ച താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്. എം. ജയചന്ദ്രന്‍ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. സന്തോഷ് വര്‍മ, ഈസ്റ്റ് കോസ്റ്റ് വിജയന്‍ എന്നിവരുടെതാണ് വരികള്‍. ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍, യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്. നിനക്കായ്, ആദ്യമായ്, ഓര്‍മ്മക്കായ്, സ്വന്തം, ഇനിയെന്നും, എന്നെന്നും എന്ന ആല്‍ബങ്ങളിലെ ഈസ്റ്റ് കോസറ്റ് വിജയന്റെ ഗാനങ്ങള്‍ എന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ത്തതാണ്. ഈസ്റ്റ് കോസ്റ്റ് ആല്‍ബങ്ങളിലെ ഗാനങ്ങള്‍പോലെ ന്യൂജെന്‍നാട്ടുവിശേഷങ്ങളിലെ ഗാനങ്ങളും ആരാധകഹൃദയങ്ങളെ കീഴടക്കും. വരികളും സംഗീതവുംകൊണ്ട് ശ്രോതാക്കളെ പിടിച്ചിരുത്തുന്ന ചിത്രത്തിലെ അഞ്ച് ഗാനങ്ങളേയും ഒന്നിനൊന്ന് മികവുറ്റതാക്കുന്നു ജയചന്ദ്രന്‍ എന്ന സംഗീതപ്രതിഭ.
പ്രണയവും ഹാസ്യവും ഇഴചേര്‍ന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. പ്രണയം, വിവാഹം തുടങ്ങിയ കാര്യങ്ങളിലൂടെ മുന്നോട്ടു പോകുന്ന രസകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിവഹിക്കുന്നു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്, ബോളിവുഡ് ഹീറോ ഷാരൂഖ് ഖാന്‍ തുടങ്ങിയവരുടെ സ്ഥിരംകോറിയോഗ്രാഫറായ ദേശീയ അവാര്‍ഡു ജേതാവുമായ ദിനേശ് മാസ്റ്ററാണ് ചിത്രത്തിലെ ഒരു ഗാനരംഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിഖ്യാത ഗായകന്‍ ശങ്കര്‍ മഹാദേവന്റെ ശബ്ദഗാംഭീര്യത്തില്‍ ‘സുരാംഗന.. സുമവദന..’ എന്നുതുടങ്ങുന്ന ഗാനം ദിനേശ് മാസ്റ്ററുടെ നൃത്തരംഗങ്ങളുമായി ഇഴചേരുമ്പോള്‍ അത് വേറിട്ടൊരു ദൃശ്യശ്രാവ്യ അനുഭവമായി മാറും.
രഞ്ജന്‍ എബ്രഹാം എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്ത് പിരപ്പന്‍കോടാണ്. കലാസംവിധാനം :ബോബന്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ്മാന്‍ : പ്രദീപ് രംഗന്‍, അസ്സോ: ഡയറക്ടര്‍ : സുഭാഷ് ഇളംബല്‍, സ്റ്റില്‍സ് : സുരേഷ് കണിയാപുരം, പോസ്റ്റര്‍ ഡിസൈന്‍ : കോളിന്‍സ് ലിയോഫില്‍, പി.ആര്‍.ഒ : എ. എസ് ദിനേശ്. വിതരണം: ഈസ്റ്റ് കോസ്റ്റ്. പുതിയ തലമുറയേയും പഴയതലമുറയേയും ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ ജൂലൈ പകുതിയോടെ തിയേറ്ററുകളിലെത്തും.
Post Your Comments