അര്‍ബുദമില്ലാത്ത കീമോതെറാപ്പി നടത്തിയതിനെതിരെ യുവതി രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അത്തരം ഒരു ആരോപണം ഉന്നയിച്ചു രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിലെ ഒരു നടന്റെ കുടുംബം. നടന് കുഞ്ഞുകുഞ്ഞിന്റെ മരണം അര്‍ബുദമില്ലാത്ത കീമോ തെറാപ്പി കാരണമാണ് സംഭവിച്ചതെന്നു അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നു. തെറ്റായ ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആറ് തവണ കീമോ തെറാപ്പി ചെയ്തതോടെ പ്രതിരോധശേഷി നഷ്ടപ്പെട്ട് ന്യുമോണിയ ബാധിച്ചാണ് അദ്ദേഹം മരിച്ചതെന്നാണ് മാധ്യമ ദിനപ്പത്രത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ.മ.യൗ’, ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’, ‘ഫ്രഞ്ച് വിപ്ലവം’, ‘മട്ടാഞ്ചേരി’ തുടങ്ങിയ സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും വേഷമിട്ട താരമാണ് കുഞ്ഞുകുഞ്ഞു. ഫെബ്രുവരി 24 നാണ് ഇദ്ദേഹം മരിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആയിരുന്നു മരണം. 2018 ല്‍ കടുത്ത ചുമയെ തുടര്‍ന്ന് പള്ളുരുത്തിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ[പ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിക്കാനായിരുന്നു നിര്‍ദേശമെന്നും രക്തവും മറ്റും പരിശോധനയ്ക്ക നല്കിയപ്പോള് ശ്വാസകോശാര്ബുധം രണ്ടാം ഘട്ടം കഴിഞ്ഞു എന്നായിരുന്നു ഹരിയാനയിലെ സ്വകാര്യ ലാബില്‍ നടത്തിയ പരിശോധന ഫലമെന്നും താരത്തിന്റെ ഭാര്യ മേഴ്സി പറയുന്നു.
ചികിത്സക്ക് 15 ലക്ഷം ചെലവുവരുമെന്നും ഡോക്ടര്‍ അറിയിച്ചു. അര്‍ബുദം ഗുരുതര ഘട്ടത്തിലാണെന്നും ഏറിയാല്‍ മൂന്നുമാസമേ ജീവിക്കൂ എന്നും കീമോ ചെയ്താല്‍ ആയുസ്സ് നീട്ടിക്കിട്ടുമെന്നുമായിരുന്നു പല ഡോക്ടര്‍മാരുടെയും മറുപടി. സ്വകാര്യലാബിലെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ 2018 മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെ ആറ് കീമോ ചെയ്തു. ഈ സമയത്തൊന്നും അര്‍ബുദത്തിന്റെ ഒരു ലക്ഷണവും കുഞ്ഞുകുഞ്ഞ് പ്രകടിപ്പിച്ചിരുന്നില്ലെന്നും മേഴ്സി കൂട്ടിച്ചേര്‍ത്തു. കൂടാതെ ഇതിനിടെ ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിച്ചെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ കീമോക്കുശേഷം ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ടില്‍ നിലവില്‍ അര്‍ബുദം ഇല്ലെന്നാണ് രേഖപ്പെടുത്തിയത്. രോഗം മാറിയതാണെന്ന ധാരണയില്‍ തിരിച്ചുപോന്നു. കഴിഞ്ഞ ജനുവരി അവസാനമാണ് കുഞ്ഞുകുഞ്ഞിന് പനി പിടിച്ചത്. അത് ന്യുമോണിയയായി. ചികിത്സക്കിടെയായിരുന്നു മരണം. അര്‍ബുദമാണെന്ന ലാബ് റിപ്പോര്‍ട്ട് തെറ്റായിരുന്നെന്നും സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇക്കാര്യം രണ്ടാമത് പരിശോധിക്കാതെ ചികിത്സ തുടങ്ങുകയായിരുന്നെന്നും ആരോപിച്ച മേഴ്സി കുറ്റക്കാര്‍ക്കെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ്.
Post Your Comments