
തമിഴ് നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് തന്നോട് പകയുണ്ടായിരുന്നുവെന്നു നടന്‍ കമലഹസന്റെ വെളിപ്പെടുത്തല്‍. മക്കള്‍ നീതിമയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ച് രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ച നടന്‍ തന്റെ വിശ്വരൂപം സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ജയലളിതയുടെ പകയ്ക്ക് പിന്നിലെന്നും തുറന്നു പറയുന്നു.
മാധ്യമപ്രവര്‍ത്തക സോണിയ സിങ്ങിന്റെ ‘ഡിഫൈനിങ് ഇന്ത്യ ത്രൂ ദേര്‍ ഐയ്‌സ്’ എന്ന പുസ്തകത്തിലാണ് കമലിന്റെ വെളിപ്പെടുത്തല്‍. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് വിശ്വരൂപം. ജയലളിതയുമായുള്ള പ്രശ്നത്തെക്കുറിച്ച് കമലിന്റെ വാക്കുകള്‍ ഇങ്ങനെ …” ഈ ചിത്രത്തിന്‍റെ പകര്‍പ്പവകാഷത്തിനായി ജയലളിതയുടെ ഉടമസ്ഥതയില്‍ ഉള്ള ജയ ടിവി അധികൃതര്‍ തന്നെ സമീപിച്ചിരുന്നു. വലിയ വാഗ്ദാനമാണ് അവര്‍ നല്‍കിയത്. അനധികൃതമായി പണം നല്‍കാമെന്ന് പറഞ്ഞു. കള്ളപ്പണമായിരുന്നു അത്. എല്ലാവര്‍ക്കും അറിയുന്ന പോലെ ഞാന്‍ കള്ളപ്പണത്തിന് എതിരാണ്. അതുകൊണ്ടു തന്നെ ആ ഭീമമായ വാഗ്ദാനം ഞാന്‍ നിരസിച്ചു. ജയലളിതയോടുള്ള വ്യക്തിപരമായ വിരോധം കൊണ്ടല്ല ഞാന്‍ അങ്ങനെ ചെയ്തത്. പക്ഷേ അവര്‍ അങ്ങനെ കരുതി.”
അതുമൂലം ആരംഭിച്ച പ്രശ്നങ്ങള്‍ ചിത്രത്തിന്‍റെ റിലീസ് തടയുന്നതുവരെ എത്തിയാതിനെക്കുറിച്ചും കമല്‍ പങ്കുവച്ചു. സിനിമ റീലീസ് ചെയ്താല്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് സെന്‍സര്‍ ബോര്‍ഡിനു റിപ്പോര്‍ട്ട് നല്‍കി തമിഴ് നാട്ടില്‍ പ്രദര്‍ശനം തടസ്സപ്പെടുത്തി. മുഖ്യമന്ത്രിയോടു മാപ്പ് പറഞ്ഞാല്‍ പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പാക്കാമെന്നായിരുന്നു തനിക്ക് ലഭിച്ച ഉപദേശമെന്നും എന്നാല്‍ താനത് സമ്മതിച്ചില്ലെന്നും താരം വ്യക്തമാക്കി. കൂടാതെ നിര്‍മ്മാതാവും തനിക്കെതിരെ തിരിഞ്ഞു. ചിത്രം നഷ്ടത്തിലാണെന്നും മുതല്‍ മുടക്ക് തിരിച്ചു വേണമെന്നും ആവശ്യപ്പെട്ട നിര്‍മാതാവ് പണം നല്‍കിയില്ലെങ്കില്‍ എന്റെ സ്വത്തുക്കള്‍ ജപ്തിചെയ്യുമെന്ന ഉപാധിയോടെ കരാര്‍ സ്വന്തമാക്കി. പക്ഷേ, കോടതി വിധി എനിക്ക് അനുകൂലമായിരുന്നു. സിനിമയുടെ വിലക്ക് നീങ്ങിയതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ സിനിമ റിലീസ് ചെയ്യുകയും നിര്‍മാതാവിന് മുതല്‍ മുടക്ക് തിരിച്ചു നല്‍കുകയും ചെയ്തു. ഒരുഘട്ടത്തില്‍ ചിത്രകാരന്‍ എം.എഫ്. ഹുസൈനെപ്പോലെ എനിക്കും രാജ്യം വിടേണ്ടി വരുമെന്നാണ് തോന്നിയതെന്നും കമല്‍ പറഞ്ഞു.
Post Your Comments