
മലയാള സിനിമയിലെ പരീക്ഷണ സിനിമകള്‍ക്കും കലാമൂല്യമുള്ള ജനപ്രിയ സിനിമകള്‍ക്കും എന്നും പ്രോത്സാഹനം നല്‍കിയിട്ടുള്ള സംവിധായകനാകാന് സത്യന്‍ അന്തിക്കാട്. നവാഗത സംവിധായകരുടെ പുതിയ കാഴ്ചപാടുകള്‍ക്ക് കൈയ്യടിക്കുന്ന മലയാളത്തിന്റെ സ്വന്തം കുടുംബ സംവിധായകന്‍ ‘ഇഷ്ക്’ എന്ന സിനിമയെ പ്രശംസിച്ച് രംഗത്തെത്തിരിക്കുകയാണ്.
രതീഷ് രവി രചന നിര്‍വഹിച്ച് നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ഇഷ്ക് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുമ്പോള്‍ സിനിമയോടുള്ള തന്റെ ആകര്‍ഷണം ഫേസ്ബുക്കിലൂടെ സത്യന്‍ അന്തിക്കാട് തുറന്നു പറയുന്നു.
സത്യന്‍ അന്തിക്കാടിന്റെ കുറുപ്പിന്റെ പൂര്‍ണ്ണരൂപം
തിരഞ്ഞെടുപ്പും, അതിന്റെ കോലാഹലങ്ങളും കഴിഞ്ഞു. നമ്മളെങ്ങനെ തോറ്റു എന്നതിനെക്കുറിച്ചുള്ള ‘താത്വികമായ അവലോകനങ്ങളും’ കഴിഞ്ഞു. ഇപ്പോഴും വിഘടനവാദികളും പ്രതിക്രിയാവാദികളും തമ്മിലുള്ള ‘അന്തർധാര സജീവമായിരുന്നു’ എന്ന കണ്ടെത്തലിനു തന്നെയാണ് മുൻതൂക്കം.
ഈയടുത്ത ദിവസം ശ്രീ എം. പി. വീരേന്ദ്രകുമാർ ഒരു സൗഹൃദസംഭാഷണത്തിനിടയിൽ പറഞ്ഞു – ‘സന്ദേശ’ത്തിലെ ഈ സംഭാഷണം ഇത്രയേറെ ശ്രദ്ധിക്കപ്പെടാൻ കാരണം അത് ശങ്കരാടി എന്ന അനുഗ്രഹീത നടൻ പറഞ്ഞതുകൊണ്ടാണ്.
വാസ്തവം!
കണ്മുന്നിലുള്ളപ്പോൾ അതിന്റെ വിലയറിയില്ലല്ലോ.ശങ്കരാടിയും ഒടുവിൽ ഉണ്ണികൃഷ്ണനുമൊക്കെ അഭിനയകലയിലെ പകരം വെക്കാനില്ലാത്തവരാണെന്ന് നമ്മൾ പോലും തിരിച്ചറിയുന്നത് അവരുടെ അഭാവത്തിലാണ്.
അഭിനയമികവിന്റെ കാര്യത്തിൽ ഇന്നും മലയാള സിനിമ സമ്പന്നമാണ്. നായകനടന്മാരെ മാറ്റി നിർത്തിക്കൊണ്ട് പറയാം. നമ്മുടെ സിദ്ധിഖ് ഇപ്പോൾ ഓരോ സിനിമയിലും നമ്മെ വിസ്മയിപ്പിക്കുകയല്ലേ. സംഭാഷണത്തിലും, ചെറിയ ചലനങ്ങളിൽ പോലും എത്ര സ്വാഭാവികമായാണ് സിദ്ധിഖ് പെരുമാറുന്നത്. ഭരത് ഗോപിച്ചേട്ടന്റെ പാതയിലൂടെയാണ് സിദ്ധിക്കിന്റെ യാത്ര എന്ന് തോന്നാറുണ്ട്.
സൗബിൻ ഷാഹിർ മറ്റൊരു അത്ഭുതം.
ഇപ്പോൾ ഇതൊക്കെ ഓർമ്മിക്കാൻ കാരണം ‘ഇഷ്‌ക്’ എന്ന സിനിമയാണ്. ഇത്തിരി വൈകിയാണ് ‘ഇഷ്‌ക്’ കണ്ടത്. ഷൈൻ ടോം ചാക്കോയും, ഷെയ്ൻ നിഗവും, ജാഫർ ഇടുക്കിയുമൊന്നും നമുക്ക് അപരിചിതരല്ല. പക്ഷെ അവർ ഇത്രയും മികച്ച അഭിനേതാക്കളാണെന്ന് തിരിച്ചറിയുന്നത് ‘ഇഷ്‌ക്’ കാണുമ്പോഴാണ്. നായിക ആൻ ശീതളും വളരെ സ്വാഭാവികമായി അഭിനയിച്ചിരിക്കുന്നു. ഒരു നല്ല സംവിധായകൻ ക്യാമറക്കു പിന്നിൽ നിൽക്കുമ്പോഴാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത്.
അനുരാജ് മനോഹർ എന്ന പുതിയ സംവിധായകനെ നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുന്നു.
നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്ന് ഒരു വിഷയം കണ്ടെത്തുക, അത് ഉള്ളിൽ തട്ടും വിധം പ്രേക്ഷകരിലേക്ക് പകരുക – രണ്ടിലും സംവിധായകനും എഴുത്തുകാരനും വിജയിച്ചിരിക്കുന്നു.
ഒട്ടും ആശങ്കപ്പെടേണ്ടതില്ല. മലയാള സിനിമ മുന്നോട്ടു തന്നെയാണ്- എല്ലാ അർത്ഥത്തിലും.
Post Your Comments