മലയാളികളുടെ പ്രിയ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്ന് വിട്ടു നിന്ന താരം പിന്നീടി ടെലിവിഷന്‍ ഷോകളിലൂടെയുമൊക്കെ നിറഞ്ഞ് നിന്നിരുന്നു. പിന്നീട് സിനിമയിലേക്ക് ആഷിഖ് അബുവിന്റെ വൈറസ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ച് വന്നത്. ഇടവേളയിലെ വിശേഷങ്ങളെക്കുറിച്ചും പുതിയ സിനിമകളെപ്പറ്റിയും പൂര്‍ണിമാ ഇന്ദ്രജിത്ത് മനസ്സുതുറക്കുന്നു.
സ്മൃതി എന്ന ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ (ഡി.എച്ച്.എസ്.) റോളിലാണ് വൈറസില്‍ ഞാന്‍ എത്തുന്നത്. നിപാ ബാധിതസമയത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച നാല് ഉദ്യോഗസ്ഥരില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രൂപപ്പെടുത്തിയ കഥാപാത്രമാണിത്. ഞാനടക്കം അവതരിപ്പിക്കുന്ന പല കഥാപാത്രങ്ങള്‍ക്കും പ്രചോദനമായ ഡോക്ടര്‍മാരെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയുമൊക്കെ നേരിട്ട് കണ്ട് അവരുടെ അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ചിലര്‍ ഷൂട്ടിങ്ങിന്റെ സമയത്ത് നമ്മുടെ കൂടെ വന്ന് കാര്യങ്ങള്‍ പറഞ്ഞുതന്നു. കൂടാതെ നിപയുടെ സമയത്ത് ഡി.എച്ച്.എസ്. നടത്തിയ പത്രസമ്മേളനങ്ങള്‍ കണ്ടു. അവരുടെ ശരീരഭാഷ, സംസാരരീതി എന്നിവ ശ്രദ്ധിച്ചു. ശേഷം അത് എന്റെ രീതിയിലേക്ക് മാറ്റിയാണ് കഥാപാത്രത്തെ അവതരിപ്പിച്ചത്.
വിവാഹശേഷം വന്ന ഓഫറുകളോടൊക്കെ ഞാന്‍ നോ പറയുകയായിരുന്നു. അപ്പോഴും ഒരിക്കല്‍ ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിച്ച് ഇടവേള അവസാനിപ്പിക്കും എന്ന് തീരുമാനിച്ചിരുന്നു. An offer u can’t miss എന്നൊക്കെ പറയില്ലേ, അതായിരുന്നു വൈറസ്. ഇത് മിസ് ചെയ്തിരുന്നെങ്കില്‍ പിന്നീടതില്‍ ഞാന്‍ പശ്ചാത്തപിച്ചേനേ. കേറാത്ത ബസിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്ന ഒരു വ്യക്തിയല്ല ഞാന്‍. എന്നാല്‍ വൈറസിന്റെ കാര്യത്തില്‍ ശരിക്കും വിഷമിക്കുമായിരുന്നു. ഈ സിനിമ നാളെ പഠനവിഷയംവരെയാകാവുന്ന സിനിമയാണ്. കഥാപാത്രത്തിന്റെ സമയമോ സീനുകളുടെ എണ്ണമോ അല്ല. ഉള്ളസമയത്ത് പ്രേക്ഷകര്‍ക്ക് നല്‍കുന്നൊരു പ്രകടനമുണ്ടല്ലോ അതാണ് പ്രധാനം. നാളുകള്‍ക്കുശേഷം അഭിനയിക്കുമ്പോള്‍ ഐ ഫീല്‍ വെരി ഗുഡ്. 17 വര്‍ഷം സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരു വ്യക്തിയാണ് ഞാന്‍. എന്നാല്‍ അതൊരു നീണ്ട ഇടവേളയായി തോന്നിയിട്ടില്ല. ക്യാമറയുടെ മുന്നിലേക്ക് വീണ്ടും വരുമ്പോള്‍ അത് വലിയ മാറ്റംതന്നെയാണെന്ന് മനസ്സിലാക്കുന്നു. ഈയൊരു കാലഘട്ടത്തില്‍ വീണ്ടും അഭിനയിക്കാനായി എന്നൊരു സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്.
Post Your Comments