ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് അല്‍സാബിത്. കേശുവിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായ അല്‍സാബിത്തിന്റെയും ഉമ്മയുടെയും യഥാര്‍ത്ഥ ജീവിതം അത്ര സുഖകരം ആയിരുന്നില്ല. വീട് ജപ്തിയാകുമെന്ന സ്ഥിതിയും സാമ്പത്തിക പ്രശ്നങ്ങളും അച്ഛന് ഉപേക്ഷിച്ചതുമെല്ലാം അനുഭവിക്കേണ്ടിവന്നു.
പത്തനംതിട്ട കലഞ്ഞൂരിലാണ് അല്‍സാബിത് താമസിക്കുന്നത്. ഷൂട്ട് ഉള്ളപ്പോള്‍ വാഴക്കാലയുള്ള വാടകവീട്ടിലാണ് കഴിയുന്നത്. ചെറിയ പ്രായത്തിൽ തന്നെ അച്ഛൻ ഉപേക്ഷിച്ചതിന്റെ കയ്പേറിയ അനുഭവമാണ് താരത്തിനുള്ളത്. കടക്കെണിയില്‍ ആയ കുടുംബത്തെ സംരക്ഷിച്ചത് പത്തുവയസ്സുകാരന്റെ സമ്പാദ്യമാണെന്ന് താരത്തിന്റെ അമ്മ പറയുന്നു.
കോന്നിയില്‍ നിന്നും അൽസാബിത്തിനു ഒരു വയസ്സ് പ്രായമുള്ളപ്പോഴാണ് അല്‍സാബിത്തിന്റെ ഉമ്മയും കുടുംബവും പത്തനം തിട്ടയിലെയ്ക്ക് താമസം മാറുന്നത്. ജീവ്വിതത്തില്‍ നേരിട്ട പ്രതി സന്ധികളെക്കുറിച്ച് അല്‍സാബിത്തിന്റെ ഉമ്മ ബീന പറയുന്നു ”വസ്തു വാങ്ങുമ്പോൾ ഒരു ചെറിയ വീടുണ്ടായിരുന്നത് പൊളിച്ചു കളഞ്ഞാണ് ആദ്യം ഒരുനില വീടുവച്ചത്. പുതിയ ജീവിതത്തെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും ഒരുപാട് സ്വപ്നങ്ങൾ നെയ്തുകൂട്ടിയ കാലം. പക്ഷേ ആ സന്തോഷം അധികകാലം നീണ്ടില്ല. ആ സമയത്താണ് ഭർത്താവ് വീടുവിട്ടുപോകുന്നത്. അതോടെ ഞങ്ങൾക്ക് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. വീട് ജപ്തിയാകുമെന്ന സ്ഥിതിയായി. പറക്കമുറ്റാത്ത കുഞ്ഞിനെക്കൊണ്ട് ഞാൻ ഒരുപാട് അലഞ്ഞു. എന്റെ ചെറിയ ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് അന്ന് ഞങ്ങൾ പിടിച്ചു നിന്നത്. പക്ഷേ ദൈവം ഞങ്ങളുടെ പ്രാർഥന കേട്ടു. ആ സമയത്താണ് കുഞ്ഞിന് മിനിസ്ക്രീനിൽ അവസരം കിട്ടുന്നത്. പിന്നെ ഇതുവരെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എന്റെ കുഞ്ഞു ജോലി ചെയ്തുണ്ടാക്കിയ കാശുകൊണ്ടാണ് ഞങ്ങളുടെ കടങ്ങൾ എല്ലാം വീട്ടിയത്. അതുകൊണ്ടുതന്നെ ഈ വീട് ഞങ്ങളെ സംബന്ധിച്ചിടത്തോളം രണ്ടാം ജന്മമാണ്. മറ്റു കുട്ടികൾ വേനലവധിക്കാലം ആഘോഷിക്കുമ്പോൾ എന്റെ മോൻ കുടുംബത്തിനായി ജോലിചെയ്യുകയാണ്.”
മനോരമയ്ക്ക് കിളിക്കൂടെന്ന തന്റെ വീടിനെ പരിചയപ്പെടുത്തിയപ്പോഴാണ് ജീവിതത്തിലെ പ്രതിസന്ധികള്‍ പങ്കുവയ്ക്കപ്പെട്ടത്.
Post Your Comments