ബാലഭാസ്‌കറിന്റെ അപകടത്തില്‍ നിന്നും തനിക്ക് നേട്ടമുണ്ടാവുന്ന തരത്തിലുള്ള അപവാദങ്ങളില്‍ പ്രചരിക്കുന്നത് തന്നെ തളര്‍ത്തുന്നുവെന്ന് ഭാര്യ ലക്ഷ്മി. കാറപകടത്തില്‍ ബാലഭാസ്‌കറിന് പകരം താനാണ് കൊല്ലപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രചരിക്കുന്ന അപവാദങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ലെന്ന് ലക്ഷ്മി പറയുന്നു.
സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി ആസൂത്രിതമായി വരുത്തി വച്ചതാണ് അപകടമെന്ന് പറയുന്നവരോട് ഏറെ സ്നേഹിക്കുന്ന മകളും ഭര്‍ത്താവും കൂടെ ഇല്ലാത്ത തനിക്കെന്തിനാണ് സ്വര്‍ണവും പണവുമെന്നും ലക്ഷ്മി ചോദിച്ചു. വഴിപാടുകള്‍ നടത്താനായി വടക്കുന്നാഥനില്‍ പോയതും അന്ന് തന്നെ തിരിച്ചു വന്നതും ബാലുവിന്റെ താത്പര്യപ്രകാരമാണ്. അര്‍ജുനോട് വണ്ടി ഓടിക്കാന്‍ നിര്‍ദ്ദേശിച്ചതും ബാലുവാണ്. ട്രാവല്‍ സിക്നസ് ഉള്ളതുകൊണ്ടാണ് മകള്‍ക്കൊപ്പം താന്‍ ഫ്രണ്ട് സീറ്റില്‍ ഇരുന്നത്.
മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതമായിരുന്നു ബാലഭാസ്‌കറിന്റേത്. കലയില്‍ ഒട്ടും വിട്ടുവീഴ്ച കാണിക്കാറില്ല. ടീമംഗങ്ങളില്‍ ആരെങ്കിലും എപ്പോഴെങ്കിലും മദ്യപിച്ചെത്തിയാല്‍ അവരെ പുറത്താക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലായിരുന്നു അദ്ദേഹത്തിന്. അത്തരത്തിലൊരാള്‍ക്ക് ക്രിമിനലുകളുമായി കൂട്ടുകൂടാന്‍ സാധിക്കുന്നത് എങ്ങനെയാണ്? അപകടം നടന്ന ദിവസം ബാലുവായിരുന്നു കാര്‍ ഓടിച്ചിരുന്നതെങ്കിലെന്ന് ഇപ്പോള്‍ ആഗ്രഹിക്കുകയാണ്. അങ്ങനെയെങ്കില്‍ ബാലു ഇപ്പോഴും ഉണ്ടാവുമായിരുന്നു. അദ്ദേഹത്തിന് ഇപ്പോഴും വയലിന്‍ വായിക്കാന്‍ പറ്റുമായിരുന്നുവെന്നും ലക്ഷ്മി പറയുന്നു.
Post Your Comments