GeneralLatest NewsMollywood

ബാലുവിന് പകരം മരിക്കേണ്ടത് ഞാനായിരുന്നു; ആരോപണങ്ങള്‍ തളര്‍ത്തുന്നുവെന്ന് ലക്ഷ്മി

മര്യാദയ്ക്ക് നിവര്‍ന്ന് നില്‍ക്കാനോ തല ചലിപ്പിക്കാനോ കഴിയാത്ത ഞാന്‍ എങ്ങനെയാണ് ആല്‍ബങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്?

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ദുരൂഹത ഏറുന്നു. ഈ അവസരത്തില്‍ ബാലുവിന്റെ അപകടത്തില്‍ നിന്നും നേട്ടമുണ്ടാവുന്ന തരത്തിലുള്ള നിലപാടാണ് താന്‍ സ്വീകരിക്കുന്നതെന്ന മട്ടിലുള്ള ആരോപണങ്ങള്‍ തളര്‍ത്തുന്നുവെന്ന് ബാലുവിന്റെ ഭാര്യ ലക്ഷ്മി. സെപ്തംബർ 25 നാണ് നാടിനെ കണ്ണീരിലാഴ്ത്തി ബാലഭാസ്കറും മകൾ തേജസ്വിനിയും കാറപകടത്തില്‍ മരിച്ചത്. എന്നാല്‍ മരണത്തിലെ ദുരൂഹത ചര്ച്ചയാകുമ്പോള്‍ ഭാര്യ ലക്ഷ്മിയ്ക്കെതിരെ ബാലുവിന്റെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ച് രംഗത്തെത്തി.

മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതമായിരുന്നു ബാലഭാസ്‌കറെന്നും ബാലുവില്‍ തനിക്ക് നെഗറ്റീവ് ആയി തോന്നിയ ഒരേയൊരു സ്വഭാവവിശേഷം അതായിരുന്നുവെന്നും ലക്ഷ്മി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. “തന്റെ കലയില്‍ ഒട്ടും വിട്ടുവീഴ്ച കാട്ടാത്ത ആളായിരുന്നു ബാലു. ടീമംഗങ്ങളില്‍ ആരെങ്കിലും എപ്പോഴെങ്കിലും മദ്യപിച്ചെത്തിയാല്‍ അവരെ പുറത്താക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലായിരുന്നു അദ്ദേഹത്തിന്. അത്തരത്തിലൊരാള്‍ എങ്ങനെയാണ് ക്രിമിനലുകളുമായി ചങ്ങാത്തത്തിലാവുന്നതെന്നു ചോദിച്ച ലക്ഷ്മി ബാലഭാസ്‌കര്‍ തുടങ്ങിവച്ച വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും വ്യക്തമാക്കി.

“മര്യാദയ്ക്ക് നിവര്‍ന്ന് നില്‍ക്കാനോ തല ചലിപ്പിക്കാനോ കഴിയാത്ത ഞാന്‍ എങ്ങനെയാണ് ആല്‍ബങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്? സംഗീതം ആസ്വദിക്കും എന്നതിനപ്പുറം എനിക്ക് അതില്‍ കഴിവുകളൊന്നുമില്ല.” അപകടം നടന്ന ദിവസം ബാലുവായിരുന്നു കാര്‍ ഓടിച്ചിരുന്നതെങ്കിലെന്ന് ഇപ്പോള്‍ ആഗ്രഹിക്കുന്നുവെന്നും ലക്ഷ്മി. “അങ്ങനെയെങ്കില്‍ ബാലു ഇപ്പോഴും ഉണ്ടാവുമായിരുന്നു. അദ്ദേഹത്തിന് ഇപ്പോഴും വയലിന്‍ വായിക്കാന്‍ പറ്റുമായിരുന്നു. ബാലുവിന് പകരം താനാണ് മരിച്ചിരുന്നതെങ്കില്‍ ഇപ്പോഴത്തെ ആരോപണങ്ങള്‍ സംഭവിക്കില്ലായിരുന്നു,” ലക്ഷ്മി പറഞ്ഞു. അപകടത്തില്‍ നിന്നുള്ള പരുക്കുകള്‍ ഇനിയും ഭേദമാവാത്തതിനാല്‍ കുളിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ഇപ്പോഴും പരസഹായം വേണമെന്നും ഈ കാര്യങ്ങളൊക്കെ സ്വന്തമായി ചെയ്യാനാവുക എന്നതാണ് ഇപ്പോഴത്തെ ഒരേയൊരു ആഗ്രഹമെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button