Latest NewsMollywood

ദിലീപിന്റെ കേസ് തന്റെ ജീവിതത്തില്‍ സംഭവിച്ചതുമായി ഉപമിച്ചത് എന്തിന്? ബാലചന്ദ്ര മേനോന്‍ പറയുന്നു

ഈ നിമിഷം വരെ വന്ന എല്ലാ കമന്റുകളും വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞതും നിങ്ങള്‍ കേട്ടതും തമ്മില്‍ ഉണ്ടായ ഒരു ആശയക്കുഴപ്പം നീക്കം ചെയ്യേണ്ടത് എന്റെ കടമ ആയതുകൊണ്ട് മാത്രമാണ് ഈ കുറിപ്പ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താന്‍ പിന്തുണച്ചെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ വിശദീകരണവുമായി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ രംഗത്ത്. ദിലീപ് അനുഭവിച്ച മാനസികാവസ്ഥ തനിക്ക് മനസിലാകുമെന്നും, താനും അത്തരം അനുഭവത്തിലൂടെ കടന്നുവന്നതാണെന്ന് സ്വന്തം യൂട്യൂബ് ചാനലായ ഫില്‍മി ഫ്രൈഡേയ്സിലൂടെ മേനോന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് നാനാകോണില്‍ നിന്നും വന്നത്. തുടര്‍ന്നാണ് വിശദീകരണവുമായി ബാലചന്ദ്ര മേനോന്‍ തന്നെ രംഗത്തെത്തിയത്.

കുറിപ്പിന്റെ പൂര്‍ണരൂപം-

‘filmy Fridays’ എട്ടാം എപ്പിസോഡില്‍ ഞാന്‍ ദിലീപിനെ പരാമര്‍ശിച്ചെഴുതിയതിനു എന്റെ You Tube ല്‍ ഈ നിമിഷം വരെ വന്ന എല്ലാ കമന്റുകളും വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞതും നിങ്ങള്‍ കേട്ടതും തമ്മില്‍ ഉണ്ടായ ഒരു ആശയക്കുഴപ്പം നീക്കം ചെയ്യേണ്ടത് എന്റെ കടമ ആയതുകൊണ്ട് മാത്രമാണ് ഈ കുറിപ്പ്. ക്ഷമയോടെ, സമചിത്തതയോടെ വായിക്കുക. (‘അതാണ് ഞങ്ങടെ ദിലീപേട്ടന്‍ ‘ എന്ന ആരാധനക്കോ അല്ലെങ്കില്‍’ ദിലീപും ഗോവിന്ദച്ചാമിയും തമ്മില്‍ എന്ത് വ്യത്യാസം’ എന്ന പുച്ഛത്തിനോ ഒന്നും ഒരു പ്രസക്തിയും ഞാന്‍ കാണുന്നില്ല എന്ന് ആദ്യമേ പറയട്ടെ. എന്തെന്നാല്‍ അതൊന്നമല്ല എന്റെ വിഷയം..)

ഒന്നാമത്, ആരോ ആരുമായിട്ടോ എന്നെ താരതമ്യം ചെയ്തുകൊണ്ട് സൂചിപ്പിച്ചതുപോലെ, ദിലീപിന്റെ ജീവചരിത്രമല്ല ഞാന്‍ പറയുന്നത്. എന്റെ ചലച്ചിച്ചിത്രാനുഭവങ്ങളാണ്. അതില്‍ പരാമര്‍ശിക്കപ്പെടുന്നവര്‍ക്കു അതിനുള്ള പ്രസക്തിയാണ് നാം കൊടുക്കേണ്ടത്. അല്ലാതെ അവരെ പര്‍വ്വതീകരിച്ചു ‘വരികള്‍ക്കിടയില്‍’ വായിക്കാന്‍ തുടങ്ങിയാല്‍ ‘ആടിനെ പട്ടി’ യാക്കുന്ന പോലെയാവും.

സിനിമാരംഗത്തു 42 വര്‍ഷം സഹകരിച്ചിട്ടും ഞാന്‍ ആകെ ‘ഇഷ്ട്ടം’ എന്ന ദിലീപിന്റെ ഒരു സിനിമയില്‍ ദിലീപിന്റെ നായികയായ നവ്യാനായരുടെ അച്ഛന്‍ എന്ന നിലയില്‍ വന്നു പോകുന്ന ഒരു അതിഥി വേഷമേ ചെയ്തിട്ടുള്ളു. അതിനപ്പുറമുള്ള ഒരു സിനിമാബന്ധം ഞങ്ങള്‍ തമ്മില്‍ ഇല്ലാ. സ്വകാര്യത പങ്കു വെക്കാറുമില്ല. ആ നിലക്ക് ഞാന്‍ എന്തിനു ദിലീപിനെ പറ്റി പരാമര്‍ശിച്ചു എന്നാണു ചോദ്യമെങ്കില്‍ ഉത്തരം താഴെ…

ദിലീപ് അറസ്റ്റിലാകുന്ന ദിവസത്തെ ദൃശ്യങ്ങള്‍ ടീവിയില്‍ ആവര്‍ത്തിച്ചുകണ്ടപ്പോള്‍ എന്റെ മനസ്സില്‍ അതിയായ അസ്വസ്ഥത ഉണ്ടായി. അത് സംഭവിച്ചത് എന്റെ വീട്ടില്‍ ദിവസവും മലക്കറി വാങ്ങിച്ചു തരുന്ന ഒരാള്‍ക്കുണ്ടായാലും ഉണ്ടാകും എന്ന് ഞാന്‍ പറയുന്നത് നമ്മുടെ മനസ്സില്‍ അല്‍പ്പമെങ്കിലും അവശേഷിക്കുന്ന മനുഷ്യത്വപരമായ ഒരു ചിന്ത ഒന്ന് കൊണ്ട് മാത്രമാണ്. അറിയപ്പെടുന്ന ഒരു കലാകാരനെ നടുറോഡിലൂടെ പോലീസ് വലയത്തില്‍ കൊണ്ട് പോകുന്നിടത്ത് നിന്ന്, എന്റെ വരികളെ പിന്തുടരാതെ നിങ്ങള്‍, എന്റെ പ്രിയപ്പെട്ടവര്‍, കാട് കയറി പോയതില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു. അവിടം മുതല്‍ നിങ്ങള്‍ എന്നെ ദിലീപിന്റെ വക്കീലാക്കാന്‍ ശ്രമിച്ചതാണ് എല്ലാ തെറ്റിധാരണക്കും കാരണം. ദിലീപില്‍ നിന്ന് ഞാന്‍ നേരെ വരുന്നത് കോളേജ് വിദ്യാര്‍ത്ഥിയായ എന്നെ ഇതിനു സമാനമെന്ന നിലയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത റെയില്‍വേ കോച്ചിലേക്കാണ്. ആരുമല്ലാത്ത ഞാന്‍ ഇത്രയും വിമ്മിട്ടം അന്ന് അനുഭവിച്ചെങ്കില്‍ അറിയപ്പെടുന്ന ഒരു താരം നടുറോഡിലൂടെ നടന്നപ്പോള്‍ എന്തായിരുന്നിരിക്കണം മാനസികസംഘര്‍ഷം എന്ന് പരാമര്‍ശിച്ചിടത്തു എന്റെ കഥ തീര്‍ന്നു. സംശയമുണ്ടെങ്കില്‍ എപ്പിസോഡ് ഒന്ന് റീവൈന്‍ഡ് ചെയ്തു നോക്കൂ. ഞാന്‍ എവിടെ നിര്‍ത്തിയോ നിങ്ങള്‍ അവിടുന്ന് ഒരു അജണ്ട കണ്ടെത്തി നിങ്ങളുടെ വഴിക്കു പോയപ്പോള്‍ അപ്രിയമായ പലതും മനസ്സില്‍ തോന്നി. അതിന്റെ പേരില്‍ നിരപരാധിയായ എന്നെ കീറിമുറിക്കാനോ എന്റെ ബ്ലഡ് ഗ്രൂപ് നിര്‍ണ്ണയിക്കാനോ പോകേണ്ടിയിരുന്നോ എന്ന് മാത്രമാണ് എനിക്ക് പരാതിയുള്ളത്.

ഞാന്‍ മനസ്സിലാക്കുന്നത് ചിലയിടങ്ങളില്‍ ‘ ദിലീപിന് പിന്തുണയായി ബാലചന്ദ്ര മേനോന്‍’ എന്ന പ്രയോഗങ്ങള്‍ വന്നത് ആവണം നമ്മുടെ ഒരുമിച്ചുള്ള ആസ്വാദനത്തെ ലേശം ഹനിച്ചതു എന്ന് കരുതുന്നു. അല്ലെങ്കില്‍ തന്നെ ഞാന്‍ പരാമര്‍ശിക്കുന്ന കാര്യത്തില്‍ ആര് ആര്‍ക്കു പിന്തുണ കൊടുക്കാന്‍? അതിനുള്ള അധികാരം ആര്‍ക്കുമില്ല എന്ന് മാത്രമല്ല ആ പിന്തുണക്കു യാതൊരു അര്‍ത്ഥമോ പ്രസക്തിയോ ഇല്ല തന്നെ. കാരണം നിങ്ങളില്‍ ചിലര്‍ വികാരാധീനരായ കാര്യം എന്ന് പറയുന്നത് നിയമ പ്രശ്‌നമാണ്. അതിന്റെ നടപടികള്‍ ‘നിയമത്തിന്റെ വഴിക്കു പോകട്ടെ. അതിനു ഇവിടെ കോടതിയും മറ്റു സംവിധാനങ്ങളും ഉണ്ടല്ലോ. അതിനു പരിഹാരം കാണുന്നത് ‘filmyfridasy’ അല്ലല്ലോ. കുറ്റാരോപിതനായ ഒരു സഹപ്രവര്‍ത്തകനെ എപ്പോഴോ നേരില്‍ കണ്ടപ്പോള്‍ ഒന്ന് കുശലം പറഞ്ഞാല്‍ അതിന്റെ അര്‍ഥം അദ്ദേഹവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിനു പിന്തുണ കൊടുത്തു എന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്താല്‍ വിഷമിച്ചു പോകും.

ഒന്ന് കൂടി ഞാന്‍ പറഞ്ഞോട്ടെ. ഞാന്‍ ഇന്നും എന്നും എന്റെ മനസ്സിന് ശരിയെന്നു തോന്നുന്നതേ പറഞ്ഞിട്ടുള്ളൂ, ചെയ്തിട്ടുമുള്ളൂ. അതുകൊണ്ടു തന്നെ ഞാന്‍ ഒറ്റയ്ക്ക് മാറി നടക്കാറുമുണ്ട്. അതില്‍ ചെറിയ ഒന്ന് മാത്രമാണിത്. പക്ഷെ അന്നും ഇന്നും എന്നോടൊപ്പം നിങ്ങളുണ്ട് ആ നിങ്ങള്‍ തന്നെയാണ് എന്റെ ശക്തിയും. ഇത്തവണ സൗണ്ട് മോശമായിപ്പോയതിനെപ്പറ്റി എത്ര പേരാണ് എന്നെ ഓര്‍മ്മപ്പെടുത്തിയത്! അത് നിങ്ങള്‍ ഈ പ്രോഗ്രാമ്മിനോട് കാണിക്കുന്ന ആഭിമുഖ്യമല്ലേ? അതാണ് പ്രധാനവും.

ഏതോ രസികന്‍ ഒരു കമന്റ്റില്‍ എന്നെ’ വയസ്സായില്ലേ ?’ എന്ന് നര്‍മ്മത്തില്‍ കളിയാക്കിയതും ഞാന്‍ ശ്രദ്ധിച്ചു. ‘അതിയാനോട്’ പറയാനുള്ളത് 1983 ല്‍ പുറത്തിറങ്ങിയ എന്റെ ‘കാര്യം നിസ്സാരം’ എന്ന ചിത്രത്തില്‍ നസിര്‍ സാറിനെക്കൊണ്ട് എന്നോട് തന്നെ aaaഞാന്‍ പറയിച്ചിട്ടുണ്ട് .
എന്താണെന്നോ?

‘എന്നെ കളിയാക്കുകയൊന്നും വേണ്ട; ഇപ്പോള്‍ നിങ്ങള്‍ ചെറുപ്പമാണ്, നാളെ നിങ്ങളും വയസ്സനാകും’
ഇപ്പോള്‍ നിങ്ങള്‍ ചിരിച്ചത് ഇന്നത്തെ നല്ല നിമിഷം …

that’s ALL your honour!

shortlink

Related Articles

Post Your Comments


Back to top button