വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയാസപദമായ ചോദ്യങ്ങളുയര്‍ത്തി സഹോദരി പ്രിയ വേണുഗോപാല്‍. സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ രണ്ടുപേരെ ചോദ്യം ചെയ്തതോടെ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നീണ്ടിരുന്നു.ഈ സംശയങ്ങളെ ബലപ്പെടുത്തുന്ന തരത്തില്‍ സംശയകരമായ ചോദ്യങ്ങളാണ് ബാലുവിന്റെ കുടുംബാംഗം കൂടിയായ പ്രിയ വേണുഗോപാല്‍ ഉന്നയിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ബാലഭാസ്കര്‍ _ ഞങ്ങളുടെ അനുഭവവും, ഞങ്ങളറിഞ്ഞ സത്യവും..
ബാലഭാസ്കര്‍ എന്ന ഞങ്ങളുടെ ബാലുച്ചേട്ടന്‍ ഈ ലോകം വിട്ടു പോയ 2018 ഒക്ടോബറില്‍ കുറിച്ചിട്ടതാണ് ഇത്. കാര്യങ്ങള്‍ മുന്നോട്ടു പോയ വിധം വല്ലാതെ വേദനിപ്പിച്ചതുകൊണ്ടും ഞങ്ങളുടെ ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും കുടുംബത്തിലുള്ള മുതിര്‍ന്നവര്‍ക്ക് ഒരുപാട് ഭയാശങ്കകള്‍ ഉണ്ടായതുകൊണ്ടും അന്നിത് പോസ്റ്റ് ചെയ്തില്ല.
ആക്സിഡന്റ് നടന്നപ്പോള്‍ മുതല്‍ നടന്ന പലകാര്യങ്ങളിലും ഞങ്ങള്‍ക്ക് ഏറ്റവുമധികം സംശയം തോന്നിയ, പലതവണ വാക്തര്‍ക്കങ്ങള്‍പോലും നടത്തേണ്ടി വന്ന 2 വ്യക്തികള്‍ ഇന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടാവുന്ന സ്വര്ണക്കള്ളക്കടത്തുകേസിലെ പ്രതികളായി പോലീസിന്റെ വലയിലാണെന്നു തിരിച്ചറിയുമ്ബോള്‍ ഇത് പറയേണ്ട ബാധ്യത ബാലുച്ചേട്ടന്റെ സഹോദരങ്ങള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കുണ്ടെന്നു കരുതുന്നു.
ബാലുച്ചേട്ടന്റെ സംഗീതം ഒന്നുകൊണ്ടു മാത്രം അദ്ദേഹത്തെ സ്നേഹിയ്ക്കുന്ന ആരാധിക്കുന്ന ലക്ഷക്കണക്കിന് സഹൃദയര്‍ ഇത്രേയുമെങ്കിലും അറിഞ്ഞിരിക്കണമെന്നും ഞങ്ങള്‍ കരുതുന്നു.
ഈ ഭൂമിയില്‍ ജനിക്കുന്ന ഓരോ ജീവാംശത്തിനും ഓരോ നിയോഗമുണ്ട്..നമ്മളോരോരുത്തരും ഓരോ കുടുംബങ്ങളില്‍ ജനിച്ച്, ആ കുടുംബത്തിന്റെ മൂല്യങ്ങളുടെയും സംസ്കാരത്തിന്റെയും പാരമ്ബര്യത്തിന്റെയും ഭാഗമാകുന്നതും അങ്ങനെ ഒരു നിയോഗമാണ്.
കുടുംബബന്ധങ്ങള്‍, പ്രത്യേകിച്ചും അച്ഛനമ്മമാരും സഹോദരങ്ങളുമായുള്ള ബന്ധങ്ങള്‍, നമ്മള്‍ ഓരോരുത്തര്‍ക്കും മുന്‍പേ തന്നെ നിശ്ചയിക്കപ്പെട്ടിട്ടുള്ള ആ നിയോഗങ്ങളുടെ പൂര്‍ത്തീകരണം കൂടി കണക്കിലാക്കി ഉടലെടുക്കുന്നതാണ്. തന്റെ നിയോഗമെന്തെന്ന് തിരിച്ചറിയാന്‍ ഓരോരുത്തര്‍ക്കും പല അവസരങ്ങള്‍ ഉണ്ടാകാം..
മുന്നേ പോയവരുടെ ഓര്‍മയില്‍, സ്വയമുണ്ടാകുന്ന അല്ലെങ്കില്‍ മാതാപിതാക്കളുടെ ആഗ്രഹങ്ങളിലൂടെ ഉണ്ടാകുന്ന ഒരു തിരിച്ചറിയലിലാണ്, ഒരാള്‍ തന്റെ നിയോഗപാതയിലൂടെയുള്ള പ്രയാണം ആരംഭിക്കുന്നത്. ബാലഭാസ്കര്‍, തിരുവല്ല ഭാസ്കരപ്പണിക്കര്‍ എന്ന മഹാനായ സംഗീതജ്ഞന്‍ – തന്റെ അപ്പൂപ്പന്‍ 50ആം വയസ്സില്‍ അവസാനിപ്പിച്ചു പോയ സംഗീതത്തെ പോഷിപ്പിക്കാനായി ജനിച്ചതാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്‍റെ അമ്മയാണ്.
സംഗീതം ഭ്രാന്തുപോലെ കൊണ്ടുനടന്നിരുന്ന, സംഗീതകോളേജില്‍ സംസ്കൃതം പ്രഫസറായിരുന്ന ബി. ശാന്തകുമാരി എന്ന ആ അമ്മയുടെ ജീവിതത്തിലുടനീളം ആ മകന്റെ സംഗീതത്തിലെ വളര്‍ച്ചയെക്കുറിച്ച് മാത്രമുള്ള ചിന്തകളായിരുന്നു. തന്റെ അച്ഛന്റെ ഓര്‍മയിലാണ് അവര്‍ മകന് ‘ബാല’ഭാസ്കര്‍ എന്ന് പേരിട്ടതുപോലും.
ഭാസ്കരപ്പണിക്കര്‍ എന്ന അച്ഛന്റെ സംഗീതവും സംസ്കാരവും ലോകമൊട്ടാകെ എത്തിച്ച മകന്‍, ബി. ശശികുമാര്‍ – ഭാരതം കണ്ട ഏറ്റവും മികച്ച വയലിനിസ്റ്റായി പേരെടുത്തു വരവേ, ജീവിതത്തിലുണ്ടായ ചില നിര്‍ഭാഗ്യകരമായ അവസ്ഥകള്‍ കൊണ്ട് ‘ഒതുക്കപ്പെട്ട’ കലാകാരന്‍.. പ
ക്ഷെ പിന്നീട് സംഭവിച്ചത് ആ മഹാന്‍ തന്റെ രാവും പകലും ബാലഭാസ്കര്‍ എന്ന കൊച്ചുകലാകാരനെ, എല്ലാ അര്‍ത്ഥത്തിലും തന്റെ അനന്തിരവനെ, ഉരുക്കിയെടുക്കാനായി ഉഴിഞ്ഞു വച്ചതാണ്.. വലിയ ഉയരങ്ങളില്‍ എത്തേണ്ടിയിരുന്നതല്ലേ എന്ന് കൂടെയുള്ള പലരും സഹതാപം പ്രകടിപ്പിച്ചിരുന്നപ്പോഴും അദ്ദേഹം തന്റെ നിയോഗം മറ്റൊന്നാണെന്നു തിരിച്ചറിഞ്ഞിരുന്നു..
സംഗീതരംഗത്തെ തന്റെ ശത്രുക്കളില്‍ നിന്ന് ബാലുവിനെ സംരക്ഷിച്ചു നിര്‍ത്താനും അദ്ദേഹം എന്നും ശ്രദ്ധാലുവായിരുന്നു. അങ്ങനെയാണ് ബാലു എന്ന വയലിനിസ്റ്റും സംഗീത സംവിധായകനും ജനിക്കുന്നത്.
ബാലുവിന് സംഗീതം ജീവിതവും ജീവിതം സംഗീതവുമായിരുന്നു. പക്ഷെ ആനയ്ക്ക് ആനയുടെ വലുപ്പമറിയില്ല എന്ന് പറയുന്നത് പോലെ, മറ്റുള്ളവര്‍ തന്റെ മുഖശ്രീയിലും സംസ്കാരത്തിലും വിനയത്തിലും കഴിവിലും അസൂയപ്പെട്ടിരുന്നപ്പോള്‍, ബാലുവിന് വിഷമം തനിക്കു കിട്ടാതെ പോയ ഭാഗ്യങ്ങളെക്കുറിച്ചതായിരുന്നു. അതില്‍ ഏറ്റവും വലുതെന്തെന്നറിയുമ്ബോള്‍ ചിരിക്കരുത്..
വെളുത്തനിറം!! കൂടെക്കൂടി കൂട്ടുകാര്‍ക്കു മുന്നില്‍ തനിക്കു കിട്ടാതെ പോയ ഇല്ലാതെ പോയ നല്ല ബാല്യകാല ഓര്‍മകളുടെ സങ്കടങ്ങള്‍ പങ്കുവച്ച ബാലുവിന് അങ്ങനെ ലഭിച്ച സഹതാപവും സ്നേഹവും അങ്ങേയറ്റം വിശ്വസനീയമായി.
അമ്മാവനോടും അമ്മൂമ്മയോടുമൊപ്പമുള്ള ആ ബാല്യകാലമാണ് തന്നെ ഇത്രയും മാറ്റുള്ള കലാകാരനാക്കിമാറ്റിയതു എന്ന് ചിന്തിച്ചു സന്തോഷിക്കാനുള്ള പക്വത അവനില്ലാതെ പോയി! കൂട്ടുകാര്‍ എല്ലാമായി.. സംഗീതാഭിരുചിയുള്ള കൂട്ടുകാര്‍ വന്നത് പുതിയ സംഗീതവഴികളിലൂടെയുള്ള യാത്രകള്‍ക്ക് വല്യ മുതല്‍ക്കൂട്ടും ആശ്വാസവുമായെങ്കിലും കുടുംബത്തില്‍ നിന്നകലാന്‍, കുടുംബത്തോടുള്ള തന്റെ ഉത്തരവാദിത്ത്വങ്ങള്‍ മറക്കാന്‍ അത് വലിയ കാരണങ്ങളായി.
കുടുംബത്തിനെല്ലാം നഷ്ടമാക്കിയ കല്യാണം..
‘നീ സംഗീതരംഗത്ത് ഒരു ചുവടുറപ്പിക്ക്, ഈ കല്യാണം ഞങ്ങള്‍ തന്നെ നടത്തിത്തരും’ എന്ന് ബാലുവിനെ എന്നും സ്നേഹിച്ചിട്ടുള്ള അമ്മാവന്മാര്‍ പറഞ്ഞിട്ടും അടുത്ത ദിവസം നടന്നത് ഒരു ഒളിച്ചോട്ടമാണ്.. കൂട്ടുകാര്‍ നടത്തിക്കൊടുത്ത കല്യാണം. അവര്‍ തന്നെ ഏറ്റെടുത്ത കല്യാണം..
ബാലുവിന് ഒരു ചേച്ചിയുണ്ട്.. മീര. ബുദ്ധിയിലും സ്നേഹത്തിലും ബാലുവിനേക്കാള്‍ എന്നും ഒരുപടി മുന്നിലായിരുന്നു ചേച്ചി. ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സ്വയം ഉള്‍വലിഞ്ഞു നിന്നിരുന്ന പ്രകൃതക്കാരി. ബാലു എ. ആര്‍, റഹ്മാനെപ്പോലെ ഉയര്‍ന്നു വരും..ബാലുവിന്റെ സഹോദരി എന്ന നിലയില്‍ താന്‍ വൈകാതെ അറിയപ്പെടും എന്ന് പ്രതീക്ഷിച്ചിരുന്ന ആ ചേച്ചിക്ക് ഇരുട്ടടി പോലെയായി ഈ കല്യാണം.
ജീവിതത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കൂടുതല്‍ ഉള്‍വലിയാനും സ്വയം ഒറ്റപ്പെടല്‍ എന്ന ശിക്ഷ കല്‍പ്പിക്കാനും ആണ് 2001 ഇല്‍ അവള്‍ തീരുമാനിച്ചത്.
കെട്ടിക്കൊണ്ടു വന്ന പെണ്ണിനെ ആരും അകത്തു കയറ്റിയില്ല എന്ന് കഥ പാട്ടാകുമ്ബോഴും, അതിനാരും, പ്രത്യേകിച്ചും ആ പെണ്‍കുട്ടി, ഇക്കാലത്തിനിടയില്‍ ഒരിക്കല്‍പ്പോലും ശ്രമിച്ചതുപോലുമില്ല എന്ന മഹാസത്യം അറിയാതെ പോയി ലോകം.. ചേച്ചിയെ ഈ വഴിക്കാക്കി അച്ഛനെയും അമ്മയെയും ഒറ്റപ്പെടുത്തിയിട്ടു പോയ മകനോടും ആരും ഒന്നും ചോദിച്ചില്ല..കാരണം അവന്‍ അപ്പോഴേക്കും എല്ലാവര്‍ക്കും വേണ്ടപ്പെട്ട ‘സെലിബ്രിറ്റി’ ആയിക്കഴിഞ്ഞിരുന്നു.
ബാലു ഒരുപാട് സ്നേഹിക്കുന്ന അച്ഛന്‍ കെ. സി. ഉണ്ണി (റിട്ട.പോസ്റ്റ് മാസ്റ്റര്‍), അവനെ ഒരു തരി പോലും വിഷമിപ്പിക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ടു മാത്രം, അവനിലെ കലാകാരനെ ഒരു വാക്കു കൊണ്ടുപോലും തളര്‍ത്തരുത് എന്നാഗ്രഹിച്ചതുകൊണ്ടുമാത്രം എല്ലാത്തിനും അവന്റെ കൂടെ നിന്ന അച്ഛന്‍, 2002 മുതല്‍ പറഞ്ഞതാണ് – ‘നിനക്കൊരു കുഞ്ഞുണ്ടായാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും’!
‘ഈ കുഞ്ഞു ആദ്യം വളര്‍ന്നു വരട്ടെ, ഇനി ഇതുപോലെ മറ്റൊരു മാനസിക രോഗിയെക്കൂടി താങ്ങാന്‍ എനിക്ക് കഴിയില്ല’ എന്നൊക്കെ ആ അച്ഛനോട് തന്നെ പറഞ്ഞ മരുമകള്‍ എത്രയോ മാനസികരോഗവിദഗ്ധന്മാരുടെ അടുത്തെത്തിച്ചു ബാലുവിനെ. അവരൊക്കെ അവള്‍ക്കു തന്നെ ‘ഈ കലാകാരനെ ഒരിക്കലും വിഷമിപ്പിക്കരുത്, അവനു ലോകം വെല്ലാനുള്ളതാണ്, അവന്റേതുപോലെയുള്ള ഒരു കുടുംബത്തിലേക്ക് ചെന്ന് കയറാനായത് മോളുടെ ഭാഗ്യമാണ് ‘എന്നൊക്കെ ഉപദേശം കൊടുക്കുന്ന സ്ഥിതിയായപ്പോള്‍ പിന്നെ ആ പതിവ് നിന്നു. ഇതെത്ര പേരറിഞ്ഞു?
പക്ഷെ, 21 വര്‍ഷം പഠിച്ച, പാരമ്ബര്യമായിക്കിട്ടിയ സംഗീതം കൊണ്ട് ബാലഭാസ്കര്‍ ഉദിച്ചു വന്നപ്പോള്‍ അത് കെട്ടിയവളുടെ ഐശ്വര്യമായി, സാമര്‍ത്ഥ്യമായി ലോകം പറഞ്ഞു പരത്തി…
വീണ്ടും സുഹൃത്തുക്കളിലേക്ക് ..
കുടുംബത്തില്‍ നിന്ന് ബാലുവിനെ അടിച്ചുമാറ്റിയ പല സുഹൃത്തുക്കളും ബാലുവിന്റെ കൂടെ നടന്നു ബാലുവിന്റെ സംഗീതസൃഷ്ടികളില്‍പലതും അടിച്ചു മാറ്റി വേറെ പോയി സ്വന്തം കലാജീവിതം കെട്ടിപ്പൊക്കിയവര്‍ ആണ്. പിണങ്ങിപ്പോയ അവരില്‍പലരും പിന്നീട് അതിലും ശക്തരായ സുഹൃത്തുക്കളായി ബാലുവിന്റെ ജീവിതത്തിലേയ്ക്ക് മടങ്ങിയത് , സൗഹൃദത്തിന് ബാലു നല്‍കിയ വിലയും അവരിലെ കലാകാരന്മാരോടുള്ള ബഹുമാനവും കാരണം ആയിരുന്നു.
അതിനൊക്കെ ഉപരിയായി തന്റെ സംഗീതത്തെക്കുറിച്ചും കഴിവിനെക്കുറിച്ചും അദ്ദേഹത്തിനുണ്ടായിരുന്ന ആത്മവിശ്വാസവും… കലയില്‍ കള്ളം ചേര്‍ക്കാന്‍ ബാലുവിന് ഒരിക്കലും കഴിഞ്ഞിരുന്നില്ല, അത് തന്നെയാണ് തന്റെ പാതയില്‍ മാത്രമേ തുടരൂ എന്ന തീരുമാനത്തിലേക്ക് എത്തിച്ചതും..
ലക്ഷ്മിയുടെ ആരോഗ്യവിവരങ്ങളും മറ്റും ‘അപ്ഡേറ്റ ചെയ്യാനും മറ്റുമായി ഫേസ്ബുക്കിലും മറ്റും പോസ്റ്റുകള്‍ തുരുതുരെ ഇടുമ്ബോഴും ഇവരും മനഃപൂര്‍വം ലോകത്തെ അറിയിക്കാനാഗ്രഹിക്കാത്ത സത്യമാണ് ബാലുവിന് അവന്റെ അച്ഛനോടും അമ്മയോടും അമ്മാവനോടും ഞങ്ങള്‍ സഹോദരങ്ങളോടുമൊക്കെയുള്ള ബന്ധവും അടുപ്പവും!
എല്ലാ സെലിബ്രിറ്റി കള്‍ക്കും നല്ല മാനേജര്‍മാര്‍ കാണും, സ്വകാര്യജീവിതത്തെ സമൂഹത്തില്‍ നല്ല രീതിയില്‍ മാത്രം അവതരിപ്പിക്കാന്‍ അവര്‍ നന്നായി ‘ഗ്റൂം’ ചെയ്യും. ബാലുവിന്റെ പ്രണയകഥകള്‍, 2001 മുതല്‍ കേട്ടുതഴമ്ബിച്ചിട്ടും അത് തന്നെയല്ലാതെ മറ്റൊന്നും 2017 വരെയും കേട്ടില്ല..
ബാലുവിന് വയലിന്‍ പോലും പൊക്കാന്‍ കഴിയാത്ത വിധം തോള്‍/ കൈ വേദന ആയിരുന്നു കുറേക്കാലം, പല ഡോക്ടര്‍മാരെക്കാണിച്ചു, ന്യൂറോളജിസ്റ്റുകളെ പ്രത്യേകിച്ചും.. പലപ്പോഴും മാനസികപിരിമുറുക്കത്തിന് കാരണം ‘ഡിമാന്‍ഡിങ്’ ആയ ഭാര്യ ആണെന്നും അവന്‍ അവരോടു പറഞ്ഞിട്ടുണ്ട്…
ഇടയ്ക്കു ഒരു സുഹൃത്തിന്റെ ചതിയില്‍ മനം നൊന്തു സംഗീതം ഉപേക്ഷിക്കുന്നു എന്ന് ബാലു പറഞ്ഞത് വീണ്ടും ചര്‍ച്ചയാകുമ്ബോഴും ആ സുഹൃത്തിനെ ബാലുവില്‍ നിന്നുമകറ്റിയ കൂട്ടാളികള്‍ അന്നാഗ്രഹിച്ചത് തന്നെയാണോ ഇന്ന് അവന്റെ ഇല്ലായ്മയിലൂടെ നിറവേറിയത് എന്ന ഒരു ചോദ്യം ആണ് കൂടുതല്‍ പ്രസക്തം! അതാരും ചോദിച്ചു കണ്ടില്ല.
അന്ന് 2013 ലോ മറ്റോ ബാലു അച്ഛനുമമ്മയോടും വന്നു കരഞ്ഞു പറഞ്ഞു, ‘ഞാന്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ പോകുന്നു. ഇനി ഈ ജീവിതം ഇങ്ങനെ മുന്നോട്ടു കൊണ്ട് പോകാന്‍ വയ്യ..’ അന്ന്, അച്ഛനെയും അമ്മയെയും കൂട്ടി ബാലു ക്ഷേത്രത്തില്‍ പോയി.. ശിവന്റെ നടയിലെ നന്ദിയുടെ ചെവിയില്‍ പ്രാര്‍ത്ഥനയായി പറഞ്ഞതും ഇക്കാര്യം തന്നെയായിരുന്നു. പക്ഷെ ബാലുവിന് സ്വയം തീരുമാനമെടുക്കാന്‍ കഴിയുന്നതിനു മുന്നേ അവന്‍ വീണ്ടും ആ വലയത്തില്‍ത്തന്നെ തളയ്ക്കപ്പെട്ടിരുന്നു..
ബാലുവിന് അത് തീരാവേദനയായി, സംഗീതം പോലും നഷ്ടപ്പെട്ടതു പോലെയായി, അടുത്ത തീരുമാനവും പെട്ടെന്നായിരുന്നു – ‘സംഗീതം ഉപേക്ഷിക്കുന്നു’!! അന്നും പക്ഷെ, തന്റെ തെറ്റ് സമ്മതിച്ച് അച്ഛനമ്മമാരുടെ അടുത്തേയ്ക്കു ഓടിയെത്താന്‍ അവനെ അനുവദിക്കാതെ ചില സുഹൃത്തക്കളും മാനേജര്‍മാരും ഒക്കെക്കൂടി എല്ലാം പഴയപടിയാക്കി.. എല്ലാം ശുഭം. നിശ്ശബ്ദരായിനില്‍ക്കേണ്ടി വന്നതും വീണ്ടും വിഡ്ഢികളാക്കപ്പെട്ടതും ബാലുവിന്റെ മാതാപിതാക്കളും അമ്മാവനും ബാക്കി കുടുംബവും!
ഈയൊരു പ്രശ്നത്തോടുകൂടിയാണ് എല്ലാത്തിനും ഒരു അവകാശിയായി ഒരു കുഞ്ഞു വേണമെന്ന തീരുമാനത്തിലേക്ക് അവര്‍ എത്തുന്നത്.. ബാലുവിന്റെ ഇഷ്ടങ്ങള്‍ക്കോ സന്തോഷങ്ങള്‍ക്കോ ആവശ്യങ്ങള്‍ക്കോ മുഖവില കൊടുക്കാതെ, സുഹൃത്തെന്ന വ്യാജേന, അവനെ തിരുത്താന്‍ പോലും ഒരിക്കലും തയാറാവാതെ, അവനെ ഉപയോഗിച്ച് നേട്ടങ്ങള്‍ മാത്രം ലക്ഷ്യം വച്ചു കൂടെ നിന്ന കുറെ സുഹൃത്തുക്കള്‍ അതോടുകൂടി വീട്ടുകാരായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തീരുമാനങ്ങള്‍ അവരുടേതായി, യാത്രകള്‍ അവര്‍ തീരുമാനിക്കുന്നതായി..
തുടര്‍ന്ന് തികച്ചും വ്യത്യസ്തമായ തിരക്കഥയുടെ ആവിഷ്കാരമായിരുന്നു നടന്നത്. പാലക്കാട് നിന്നുള്ള കുടുംബത്തിലെ ഒരു സ്ത്രീ ബാലുവിന്റെ കുടുമ്ബത്തിന്റെ എല്ലാമെല്ലാമായി . ഭാര്യക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കാനും കൊണ്ട് നടക്കാനും ഒക്കെ ‘ആയ’പോലെ അവര്‍ ഇപ്പോഴും കൂടെത്തന്നെ. ബാലുവിന് സഹിക്കാന്‍ വയ്യാതിരുന്ന ‘ഡിമാന്‍ഡിങ്’ ആയ ഭാര്യയെക്കൊണ്ടുള്ള പ്രശ്നം തീര്‍ത്തും പരിഹരിക്കപ്പെട്ടു.
ഭാര്യ ഗര്‍ഭിണി കൂടി ആയതോടെ ആഘോഷമായി. ഭാര്യക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കാന്‍ ഇവര്‍ മതി. കുഞ്ഞു ജനിച്ചിട്ടും ഇത് തന്നെ. ഇതിനിടയില്‍ ബാലുവിന്റെ അച്ഛന് സ്ട്രോക്ക് വന്നു. ആശുപത്രിയിലെത്തിച്ചത് ബാലു തന്നെയായിരുന്നു. അന്ന് ബാലു അച്ഛനും അമ്മയ്ക്കും ചേച്ചിയ്ക്കുമായി ഒരു വീടെടുക്കുന്നു, തല്‍ക്കാലം ഒരു ഫ്ലാറ്റ്, കൂടെ ഒരു സഹായത്തിനാളും എന്നൊക്കെ വലിയ ബഹളം കൂട്ടിയെങ്കിലും ഒന്നും ഒരു തീരുമാനത്തിലെത്തിയില്ല..
കോടികള്‍ സമ്ബാദിച്ചുകൂട്ടുന്നതിനിടയില്‍ അച്ഛനുമമ്മയ്ക്കുമായി ഒരു പൈസ മാറ്റിവയ്ക്കാന്‍ പോലും ബാലുവിന് അധികാരമില്ലായിരുന്നു. ഇടയ്ക്കു വരുമ്ബോള്‍ ബാലു തന്നെ പറഞ്ഞിട്ടുണ്ട് അമ്മയോട് – പാലക്കാട് ഉം മറ്റുമായി ലക്ഷങ്ങള്‍ ആരുടെയൊക്കെയോ ബിസിനസ്സില്‍ ഇട്ടിട്ടുണ്ട്.. പാലക്കാട്ടെ കുടുംബത്തിലെ മകന്റെ പഠനാവശ്യങ്ങള്‍ക്കായി വേറെയും ലക്ഷങ്ങള്‍.. കൂടെയുള്ള മറ്റൊരു കക്ഷിക്ക് ‘അപ്പം മെഷീന്‍’ ബിസിനസിന് വേറെ 15 ലക്ഷം ( ഈ കക്ഷിയാണ് ഇപ്പോള്‍ കേസിലുള്ള വിഷ്ണു.
ബാലുവിന്റെ തന്നെ ഭാര്യയുമായി പാര്‍ട്ണര്‍ഷിപ്പിലായിരുന്നു ഈ ബിസിനസ് പ്ലാന്‍!!).. ‘ഇതൊക്കെ നിനക്ക് വിശ്വസിക്കാമോ’ എന്ന ചോദ്യത്തിന് ബാലുവിന്റെ മറുപടി ഇതായിരുന്നു – ‘എന്തിനു പേടിക്കാന്‍.. അവരെ ഞാന്‍ വിശ്വസിക്കാതിരിക്കാന്‍ എനിക്ക് കാരണം ഒന്നുമില്ല.. എന്നെപ്പറ്റിക്കാനാണെങ്കില്‍ ചായയില്‍ ഒരുതരി വിഷം ചേര്‍ത്തു തന്നാല്‍പ്പോരേ’!! അവരോടുള്ള വിശ്വാസം എടുത്തുകാണിക്കാന്‍ പറഞ്ഞതെങ്കിലും അവന്റെ തന്നെ മനസ്സിന്റെ ആഴങ്ങളില്‍ ഉണ്ടായിരുന്ന ഭയമല്ലേ അവനെക്കൊണ്ട് അത് പറയിച്ചതു എന്ന് ഇന്ന് അമ്മ സംശയിക്കുന്നു..
ബാലു 3 തവണ അമ്മയെക്കാണിക്കാന്‍ കൊണ്ട് വന്നു മകളെ. തേജസ്വനിയായ പെണ്‍കുട്ടി എന്നര്‍ത്ഥം വരുന്ന രീതിയില്‍ സംസ്കൃതത്തില്‍ ആണ് പേരിട്ടത് ‘തേജസ്വിനി ബാല’ എന്ന്.
കുഞ്ഞുമോള്ക്കു കയ്യില്‍ ഉമ്മകൊടുക്കുമ്ബോഴും ആ അമ്മൂമ്മയ്ക്ക് മനസ്സില്‍ നൂറായിരം ആശങ്കകളായിരുന്നു. മറ്റൊന്നുമല്ല, ആ കുഞ്ഞിന് ഇനി എന്തെങ്കിലും അസുഖം വന്നാല്‍ തന്റെയടുത്തു കൊണ്ട് വന്നിട്ട്, താന്‍ ഉമ്മ കൊടുത്തിട്ടു എന്ന പഴി കൂടി ബാലുവിലൂടെ കേള്‍ക്കേണ്ടി വന്നാലോ എന്നോര്‍ത്തിട്ട് !!
ബാലുവിനെ കുഞ്ഞുനാള്‍ മുതല്‍ നോക്കി വളര്‍ത്തിയ അവന്റെ അമ്മയുടെ അമ്മ – അമ്മൂമ്മ ആയിടെ ആണ് അന്തരിച്ചത്. പലപ്പോഴും ബാലുവിന്റെ ഭാര്യക്ക് അമ്മയ്ക്കും കൂടി വേണ്ടി സ്നേഹം പകര്‍ന്നു നല്‍കിയതും വീട്ടില്‍ സ്ഥാനം നല്‍കിയതും ആ അമ്മൂമ്മയായിരുന്നു.. ചടങ്ങുകള്‍ക്ക് പേരിനു വന്നു നിന്ന ബാലു, പാലക്കാട് പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന ഭാര്യയേയും കുഞ്ഞിനേയും അവസാനമായി ഒന്ന് തൊഴീക്കണം എന്ന് പോലും ചിന്തിച്ചില്ല..
ഒരുപക്ഷെ, അവര്‍ സമ്മതിച്ചില്ല.. ഒടുവില്‍ എല്ലാ ബന്ധുക്കളോടുമായി ‘എന്റെ മകള്‍ അവിടെ, പാലക്കാട് പൂന്തോട്ടത്തില്‍ രാജകുമാരിയായി ഇരിക്കും’ എന്ന് പറഞ്ഞു പോയപ്പോള്‍, അഹങ്കാരം അല്‍പ്പം കൂടിപ്പോയില്ലേ എന്ന ചിന്തയായിരുന്നു വീട്ടുകാര്‍ക്ക്… ഇതിനൊന്നും അവനെ ശിക്ഷിക്കല്ലേ എന്ന നിശ്ശ്ബ്ദപ്രാര്‍ത്ഥന ബാലുവിന്റെ അമ്മയ്ക്കും..
അപകടം പറ്റുന്നതിനു ഏകദേശം 4-5 ആഴ്ച്ച മുന്‍പ് DVT (ഡീപ് വെയിന്‍ ത്രോംബോസിസ്) എന്ന അവസ്ഥയ്ക്ക് ചികിത്സക്കായി ഒരു സ്വകാര്യ ആശുപത്രിയിലായിരുന്ന ചേച്ചിയെക്കാണാന്‍ ബാലു വന്നു. നീണ്ട 18 വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ അന്നൊരുപാട് സംസാരിച്ചു. അച്ഛനെയും അമ്മയെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബാലു അന്ന് പറഞ്ഞു, ഇനി മീര ചേച്ചിയുടെ കാര്യം ഞാന്‍ നോക്കും. ചേച്ചിക്കായി ഒരു പുത്തന്‍ ഫോണും വാങ്ങി വന്ന ബാലു തന്നെ, കയ്യോടെ ചേച്ചിയെയും അമ്മയെയും ഒരു ആയുര്‍വേദ ക്ലിനിക്കിലാക്കി, ചികിത്സക്കായി.
എന്നും വന്നു സംസാരിക്കുന്നതിനിടയില്‍ ചേച്ചിയോട് ബാലു പറഞ്ഞതാണ് ‘ജോ ഡിസ്പെന്‍സ’യുടെ ‘മൈന്‍ഡ് പവര്‍’ വിഡിയോകള്‍ കാണണം ചേച്ചി, വായിക്കണം ഒരുപാട്, പണ്ടത്തെപ്പോലെ.. നടു തളര്‍ന്നു കിടന്നവരെയും മൈന്‍ഡ് പവര്‍ കൊണ്ട് തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ കഴിയും.
എന്നൊക്കെ.. ചേച്ചിക്കായി ഒരു ഫ്ലാറ്റും കാറും ഒക്കെ വാങ്ങണം എന്നും പറഞ്ഞിറങ്ങിയ ബാലുവിനെ പിന്നീട് ആ ചേച്ചിക്ക് കാണാന്‍ കഴിഞ്ഞില്ല..(ഈ യാത്രകളിലൊക്കെ ബാലുവിനോടൊപ്പം ഉണ്ടായിരുന്നതും ബാലുവിന്റെ ഇന്നോവ കാര്‍ ഓടിച്ചിരുന്നതും ഒക്കെ ഇപ്പോള്‍ കേസിലുള്ള മറ്റൊരു താരം പ്രകാശ് തമ്ബിയാണ്, ബാലുവിന്റെ തമ്ബിക്കുട്ടന്‍സ്!.
ബാലുവിന് അച്ഛനോടും കുടുംബത്തോടുമുള്ള അടുപ്പം ഇത്രയും അറിഞ്ഞിരുന്ന തമ്ബി തന്നെയാണ് പിന്നീട് ബാലുവിന് ഭാര്യയും സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ, ‘സെല്ഫ്-മേഡ്’ ആണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ഏറ്റവുമധികം ശ്രമിച്ചുകൊണ്ടിരുന്നതും!) അപകടം പറ്റിയ വിവരം അറിഞ്ഞപ്പോള്‍, ബാലുവിനെ കൈകാലുകള്‍ക്കുണ്ടായ തളര്‍ച്ചയെപ്പറ്റി അറിഞ്ഞപ്പോള്‍ ആ ചേച്ചി ആദ്യം പറഞ്ഞു കരഞ്ഞത്, നിനക്ക് തന്നെ പറഞ്ഞുതരാന്‍ വേണ്ടിയായിരുന്നോടാ നീ എനിക്ക് മൈന്‍ഡ് പവറിന്റെ കാര്യമൊക്കെ പറഞ്ഞു തന്നത് എന്നായിരുന്നു..
ആശുപത്രിയില്‍ കിടന്ന അന്ന് മുതല്‍ ബാലുവിന്റെ അച്ഛന്‍, ഗുരുവായ വല്യമ്മാവന്‍, കൊച്ചമ്മാവന്‍, ചിറ്റപ്പന്മാര്‍, ചിറ്റമാര്‍, ഞങ്ങള്‍ അനിയത്തിമാര്‍ അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു..പലതവണ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ICU ഇല്‍ ബാലുവിനെ ഞങ്ങള്‍ കണ്ടതും സംസാരിച്ചതുമാണ്. പലതരം നാടകങ്ങളുമരങ്ങേറുന്നതും കണ്ട കുടുംബം അവിടെവച്ച് എടുത്തിരുന്ന ഒരു തീരുമാനം ഉണ്ടായിരുന്നു..
ബാലുവിനെ തിരിച്ചു കിട്ടിയാല്‍ ഇനി ഒരിക്കലും കള്ളന്മാര്‍ക്ക് വിട്ടുകൊടുക്കില്ല, അവന്റെ സംഗീതം അവന്റെ അമ്മയുടെയും അമ്മാവന്റെയും മാത്രം സ്വത്താണ്, അവരുടെ ജീവിതമാണ്, പ്രാര്‍ത്ഥനയും കഠിനാദ്ധ്വാനവുമാണ്. 20 വയസ്സ് വരെ അവന്‍ ചെയ്ത സാധകത്തിന്റെയും സാധനയുടെയും ഫലമാണ് അവന്‍ 40 വയസ്സ് വരെ നേടിയ പേരും പ്രശസ്തിയും പണവും. അത് അഭിമാനത്തോടെ കൂടെ നിന്ന് അനുഭവിക്കാനോ ആസ്വദിക്കാനോ അവന്‍ ഒരിക്കലും അവസരം കൊടുത്തിട്ടില്ല സ്വന്തം കുടുംബത്തിന്. പലപ്പോഴും അവനെ കുറ്റം പറയാന്‍ മടിച്ച്, അവനേതോ മായിക ലോകത്താണ് എന്ന് വിശ്വസിക്കാന്‍ ശ്രമിച്ചിരുന്നു അവന്റെ മാതാപിതാക്കളും ഗുരുവായ വല്യമ്മാവനും..
പക്ഷെ, ഇനി അത്തരം ഒരു മായാവലയത്തിലേക്ക് അവനെ വീണ്ടും തള്ളിവിടില്ല എന്ന വാശി എല്ലാവരുടെയും മനസ്സിലുണ്ടായിരുന്നു… ചേച്ചിയെ തിരിച്ചു പുറം ലോകത്തേക്ക് കൊണ്ട് വന്നതിന്റെ നന്മയ്ക്ക് പകരമായി അവനോടു എല്ലാം മറന്നു ക്ഷമിക്കാനും അവന്റെ ആരോഗ്യത്തെയും ആഗ്രഹങ്ങളെയും തിരികെപ്പിടിക്കാനും പ്രാര്‍ത്ഥനയോടെ ആഗ്രഹിച്ചിരുന്നു കുടുംബത്തിലോരോരുത്തരും…..
ഞങ്ങള്‍ക്കുമുണ്ട് ചില ഉത്തവാദിത്വങ്ങളും അവകാശങ്ങളും..
ബാലുവിന്റെ അച്ഛന് സ്ട്രോക്ക് വന്നപ്പോള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബാലു വിളിച്ചത് ഞങ്ങളില്‍ ഒരാളുടെ ഭര്‍ത്താവായ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടുകൂടിയായ എമര്‍ജന്‍സി ഡോക്ടറിനെയായിരുന്നു. അത് ബാലുവിന്റെ മാനേജര്‍മാര്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയുന്ന കാര്യമാണ്.
ബാലുവിന് അപകടം പറ്റിയപ്പോള്‍ പക്ഷെ, മെഡിക്കല്‍ കോളേജില്‍ നിന്നും മറ്റൊരു ആശുപത്രി മതി എന്ന് ഇതേ കൂട്ടാളികള്‍ തീരുമാനിച്ചപ്പോള്‍ ആ ഡോക്ടറുടെ അഭിപ്രായം പോലും ആരായാന്‍ ശ്രമിച്ചില്ല. ബാലുവിന്റെ അച്ഛന് കിട്ടിയ വിവരം വച്ച് ആ ഡോക്ടറും ഞങ്ങളും ആശുപത്രിയിലെത്തുമ്ബോഴേക്കും മറ്റൊരു തീരുമാനമെടുക്കാവുന്ന അവസ്ഥയില്‍ ആയിരുന്നില്ല കാര്യങ്ങള്‍.
ഈ ആശുപത്രിയിലെ ഡോക്ടര്‍ മാരെ പൂര്‍ണമായും വിശ്വസിച്ചു മുന്നോട്ടു പോകാന്‍ തന്നെ ആയിരുന്നു പിന്നീട് കുടുംബം തീരുമാനിച്ചത്. പക്ഷെ ഇതിനിടയില്‍ ഇവിടുത്തെ പല ഡോക്ടര്‍മാരുടെയും സ്റ്റാഫിന്റേയും സ്വാധീനം ഉപയോഗിച്ചും അല്ലാതെയും MRI റിപ്പോര്‍ട്ട് അടക്കം ചോര്‍ത്തി പലവിധ നാടകങ്ങള്‍ അരങ്ങേറുന്നതും കാണേണ്ടി വന്നു ഞങ്ങള്‍ക്ക്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം വേണ്ട ICU ഇല്‍ സ്വാധീനമുപയോഗിച്ച് പലരും കയറി ഇറങ്ങുന്നതും കണ്ടു.
AIIMS എന്ന പുക
ബാലുവിന് അപകടം ഉണ്ടായി ആദ്യത്തെ ദിവസം മുതല്‍ സുരേഷ് ഗോപിച്ചേട്ടന്‍ കുടുംബത്തോടൊപ്പമുണ്ടായിരുന്നു.. 25 വര്ഷം മുന്‍പ് ഇതേപോലൊരു ഘട്ടത്തിലൂടെ പോയ ആ ദമ്ബതികള്‍ പ്രാര്‍ത്ഥനയോടെ കൂടെ നിന്നു..പാട്ടുകാരി കൂടിയായ ഭാര്യ രാധികയുടെ സംസ്കൃതം റ്യുഷന്‍ ടീച്ചര്‍ കൂടിയായിരുന്നു ബാലുവിന്റെ അമ്മ. കുഞ്ഞുന്നാളിലെമുതലെ അവര്‍ക്കു അടുപ്പമുള്ള കുടുംബം.
ബാലുവിന്റെ മകളുടെ പോസ്റ്റ് മോര്‍ട്ടം സംബന്ധിച്ചുള്ള കാര്യങ്ങളിലും മറ്റും മറ്റാരെയും ബുദ്ധിമുട്ട് അറിയിക്കാതെ നേരിട്ട് നിന്ന് കാര്യങ്ങള്‍ നടത്തിത്തന്നു സുരേഷ് ഗോപിചേട്ടന്‍. പക്ഷെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയനിറം ആണ് പലരെയും ചൊടിപ്പിച്ചത്. ഉടനെ വന്നു സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള പ്രശ്നങ്ങള്‍.
ആര്‍ക്കു കൂടുതല്‍ നേട്ടം എന്നതില്‍ മാത്രമായി എല്ലാവരുടെയും ശ്രദ്ധ. ഇതിനിടെ ഡല്‍ഹിയിലെത്തിയ അദ്ദേഹം അവിടെ എയിംസ് ലെ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി, ഞാനങ്ങളെ അറിയിച്ചു, ഞങ്ങള്‍ അതിലൊരാളുടെ ഇമെയില്‍ ഐഡിയിലേക്കു MRI റിപ്പോര്‍ട്ടുകളുള്‍പ്പടെ അയച്ചുകൊടുത്ത ഘട്ടം വരെയെത്തിയപ്പോഴേക്കും ദാ വന്നു, ‘പരിക്കേറ്റ തിരുവനന്തപുരം വയലിനിസ്റ്റിനു ‘(injured thiruvananthapuram violinist -ട്വിറ്ററില്‍ കുറിച്ചത്!)
വേണ്ടി തിരുവനന്തപുരം എംപി വക ഗോള്‍!! രാത്രി 12 മണിക്ക് വന്നു അച്ഛനെ കണ്ടേതീരൂ എന്ന് വാശി കാണിച്ച അദ്ദേഹത്തിന്‍റെ അനാവശ്യ ഇടപെടല്‍ മൂലം മറുവശത്തു എയിംസ് ഡോക്ടര്‍ക്ക് നേരിട്ട് അയച്ച ഇമെയിലിന് പ്രസക്തിയുമില്ലാതായി, AIIMS എന്ന മഹാനാടകത്തിനു തിരശീലയുമായി!! ഇടയ്ക്കു ബാലുവിന്റെ ഏറ്റവും അടുത്ത സുഹൃത്തെന്നും എന്റെ പാതി പോയി എന്ന് പറഞ്ഞു കരച്ചില്‍ ഇന്നും അവസാനിപ്പിക്കാത്ത ഒരു പ്രശസ്ത വ്യക്തി സ്വന്തം സ്വാധീനമുപയോഗിച്ചു ചോര്‍ത്തിയെടുത്ത MRI റിപ്പോര്‍ട്ടും കയ്യില്‍ വച്ച് സംസ്ഥാന ആരോഗ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തിയ കഥ വേറെ!
ചോദ്യങ്ങള്‍ ബാക്കി
# 1. എല്ലാ ഡോക്ടര്‍മാരോടും അപേക്ഷിച്ചിട്ടു ഒടുവില്‍ പൂര്‍ണ നിയന്ത്രണം വരുത്തിയ അന്ന് മറ്റേതോ വഴിയിലൂടെ ബാലുവിനെ ഒടുവില്‍ കണ്ടത് ആര്? ആ വ്യക്തി എന്തെങ്കിലും അരുതാത്തത് പറഞ്ഞിട്ടാണോ അതുവരെ നോര്‍മല്‍ ആയിരുന്ന ബാലുച്ചേട്ടന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്?
# 2. ബാലുവിന്റെ മരണം സംഭവിക്കുന്നതിന്റെ അന്ന് പകല്‍ അവിടെയുണ്ടായിരുന്ന ആ സ്ത്രീ (പാലക്കാട് പൂന്തോട്ടം – ലത)രാത്രിയോടെ സ്ഥലം വിട്ടത് എന്തിനു?
# 3. ബാലുവിന്റെ മാനേജര്‍മാരെ ഉള്‍പ്പടെ തന്റെ നിയന്ത്രണത്തിലാക്കിയ ആ സ്ത്രീയുടെ ഉദ്ദേശങ്ങള്‍ എന്തായിരുന്നു ?
# 4. പോസ്റ്റ് മോര്‍ട്ടത്തിന് വേണ്ടി ബാലുവിന്റെ ആധാര്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ വിഷ്ണുവും തമ്ബിയും കുടുംബത്തിന് അത് നല്‍കാത്തതെന്തുകൊണ്ട്?
# 5. പോലീസ് രേഖകള്‍ അച്ഛന് കൈമാറണം എന്ന് പറഞ്ഞിട്ടും അതും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ഒന്നും കൈമാറാത്തതെന്തുകൊണ്ട്?
# 6. ബാലുവിന്റെയും ഭാര്യയുടെയും മകളുടെയും ഈ അവസ്ഥയ്ക്ക് കാരണമായ അപകടം ആദ്യമറിഞ്ഞതും കുടുംബത്തെ അറിയിച്ചതും ആര് ?
# 7. മേല്‍പ്പറഞ്ഞ സ്ത്രീയുടെ അടുത്ത ബന്ധുവാണ് (സോഹദരന്റെ മകന്‍) ആണ് കാറോടിച്ച അര്‍ജുന്‍ എന്നത് ചര്‍ച്ചയാവാത്തതു എന്തുകൊണ്ട്?
# 8. ആ യാത്ര മകള്‍ക്കു വേണ്ടിയുള്ള വഴിപാടിനെന്ന പേരില്‍ ആക്കി തീര്‍ത്തതും, ലക്ഷ്മിക്ക് മാസമുറ ആയിരുന്നതിനാല്‍ ക്ഷേത്രത്തില്‍ പോകാന്‍ പോലും കഴിഞ്ഞിരുന്നില്ല എന്നത് പറയാത്തതും, ഹോട്ടലില്‍ എടുത്ത റൂം ഒഴിഞ്ഞു രാത്രി തന്നെ തിരിക്കണം എന്ന് തീരുമാനിച്ചതും ആര്?
# 9 . ലക്ഷ്മിയുടെ ബാഗില്‍ അന്ന് ഉണ്ടായിരുന്ന കുറെയധികം പണവും സ്വര്‍ണാഭരണങ്ങളും ആരുടേത്, എവിടെ നിന്ന്? സ്വന്തമെങ്കില്‍ ഒരു ദിവസത്തെ യാത്രക്ക് ഇത്രയധികം എന്തിനു കൊണ്ട് പോയി? ഈ സ്വര്‍ണത്തിനു ഇപ്പോഴത്തെ ഈ കള്ളക്കടത്തു കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ? ബാലു പരിപാടികള്‍ക്ക് വിദേശങ്ങളില്‍ പോകുമ്ബോള്‍ പ്രത്യേകിച്ചും, ലക്ഷ്മി പലതവണ വിഷ്ണുവിനോടൊപ്പവും ലതയോടൊപ്പവും, തിരുവനന്തപുരത്തു നിന്ന് യാത്രകള്‍ നടത്തിയിരുന്നതുമായി ഇതിനു എന്തെങ്കിലും ബന്ധമുണ്ടോ?
# 10 പരുക്കുകളുടെയും പൊട്ടലുകളുടെയും സ്വഭാവം വച്ച് ഡോക്ടര്‍ തന്നെ കൃത്യമായി സാധ്യതകള്‍ ചൂണ്ടിക്കാണിക്കുമ്ബോഴും ബാലു ആണ് വണ്ടിയോടിച്ചതു എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതാര്?
# 11 അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്താതെ പോയത് ആരുടെ ശ്രമഫലമായാണ്?
# 12 ഓര്‍മയും ബോധവും തിരിച്ചു കിട്ടിയ ലക്ഷ്മിയെ കണ്ട ബാലുവിന്റെ ബന്ധുക്കളോട് കാണാന്‍ താല്‍പ്പര്യമില്ല എന്ന മട്ടില്‍ ലക്ഷ്മി ഉണര്‍ന്നു നോക്കിയിട്ടും വീണ്ടും ഉറക്കം നടിച്ചതെന്തുകൊണ്ട്?
# 13 . ബാലുവിന് വേണ്ടി സന്ദര്‍ശക നിയന്ത്രണം കൊണ്ടുവരാന്‍ കഷ്ടപ്പെടേണ്ടി വന്ന കുടുംബത്തിന് ഇന്ന് ലക്ഷ്മിയെ കാണാന്‍ അനുവാദമില്ല എന്ന അവസ്ഥ കൊണ്ട് വന്നതാര്?
# 14 ബാലുവിന്റെ മരണശേഷം ബലിക്രിയകള്‍ക്കു പോലും ബാലുവിന്റെ രക്തബന്ധുക്കളെ വീട്ടില്‍ കയറ്റാത്തതു എന്ത് കൊണ്ട്?
# 15 ബാലുവിന്റെ ലക്ഷങ്ങള്‍ വിലയുള്ള വയലിനുകള്‍ ബാലുവിന്റെ അമ്മയോടോ ഗുരുവിനോടോ പോലും ചോദിക്കാതെ വില്‍ക്കാന്‍ തീരുമാനിച്ചതാര്?
# 16 വിഷ്ണുവിനെയും തമ്ബിയെയും ചുരുക്കം ചില പ്രോഗ്രാമുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പരിചയം മാത്രം, അടുപ്പമില്ല എന്ന മട്ടില്‍ ലക്ഷ്മി ഫേസ്ബുക് പോസ്റ്റ് ഇട്ടെങ്കിലും, ബാലുവിന്റെ ബെന്‍സ് കാര്‍, ഫോണ്‍, എടിഎം കാര്‍ഡുകള്‍ ഇവയെലാം ആക്സിഡന്റ് നടന്നപ്പോള്‍ മുതല്‍ കൈവശം വച്ചിരുന്നത് ലക്ഷ്മിയുടെ അനുമതിയോടെ തമ്ബിയല്ലേ? ആശുപത്രി റിവ്യൂസിനു ലക്ഷ്മിയെ കൊണ്ടുപോയിരുന്നതും എല്ലാം വാങ്ങിക്കൊടുത്തിരുന്നതും വിഷ്ണുവല്ലേ?
ഈ പോസ്റ്റിന് വ്യക്തിഹത്യ എന്ന ഉദ്ദേശം തീരെയില്ല എന്ന് ബോധ്യപ്പെടുത്തട്ടെ. ബാലുച്ചേട്ടന്റെ ജീവനും മുകളിലായി ഞങ്ങള്‍ക്ക് ഇനി ഒരു നഷ്ടവും വരാനില്ല. പക്ഷെ, ബാലഭാസ്കര്‍ എന്ന കലാകാരനു അപകടം നടന്നപ്പോള്‍ മുതല്‍ ഞങ്ങള്‍ സാക്ഷിയാകേണ്ടി വന്ന അനേകം നാടകങ്ങള്‍ക്ക് ഇപ്പോള്‍ വന്ന ഈ സ്വര്ണക്കള്ളക്കടത്തു കേസുമായി ബന്ധമുണ്ടോ എന്ന് ഞങ്ങളിന്നു സംശയിക്കുന്നു. ആദ്യദിവസം മുതല്‍ ഞങ്ങള്‍ സംശയിച്ചിരുന്ന ആളുകള്‍ തന്നെ ഈ കേസില്‍ അപ്രതീക്ഷിതമായി പ്രതിസ്ഥാനത്തു വരുമ്ബോള്‍ ഇതെല്ലാം തമ്മില്‍ ബന്ധമില്ല എന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ക്കാവുന്നില്ല. ബാലുവിന് സാമ്ബത്തികകാര്യങ്ങള്‍ വല്ലാത്ത ‘ടെന്ഷനും ആയിരുന്നു എന്നു മാത്രം ങ്ങള്‍ക്കറിയാം. അതിനാലാണ് അതെല്ലാം നോക്കിനടത്താന്‍ ‘ഇത്രയും വിശ്വസ്തരെ’ കൂടെക്കൂട്ടിയതും. ലക്ഷ്മിയെ സംരക്ഷിച്ചിരുന്നതും ലക്ഷ്മി സംരക്ഷിച്ചിരുന്നതും ഇതേ ആള്‍ക്കാരാണ് എന്നുകൂടി ചേര്‍ത്തു വായിക്കുമ്ബോഴാണ് ഇത്രയും കാലമായി ഞങ്ങള്‍ കരുതിയിരുന്നതിനും അപ്പുറമാണ് യാഥാര്‍ഥ്യം എന്ന് ഞങ്ങള്‍ക്ക് തോന്നുന്നത്. സത്യം എന്തായാലും അത് പുറത്തു വരട്ടെ.. ഒന്ന് ഞങ്ങള്‍ക്കറിയാം. ബാലഭാസ്കര്‍ എന്ന സംഗീതഞ്ജനോട് അല്‍പ്പമെങ്കിലും സ്നേഹമോ ആദരവോ ഈ കൂട്ടാളികള്‍ക്കുണ്ടായിരുന്നെങ്കില്‍ അരുതാത്തതൊന്നും സംഭവിക്കില്ലായിരുന്നു, ബാലുവിന്റെ ജീവിതത്തിലും മരണശേഷവും…
മറ്റുള്ളവര്‍ക്ക് സംഭവിക്കുന്ന അവസ്ഥകളെ ആഘോഷമാക്കി ആസ്വദിക്കുന്ന, ആ ക്രൂരതയില്‍ രസം കണ്ടെത്തുന്ന സാമൂഹ്യദ്രോഹികള്‍ കുറച്ചധികം ഉണ്ട് നമ്മുടെ സമൂഹത്തില്‍. ബാലുവിനെ നഷ്ടപ്പെട്ടതില്‍ അധികം ഇനിയൊന്നും നഷ്ടപ്പെടാനില്ല എന്ന അവസ്ഥയിലുള്ള ഞങ്ങള്‍ കുടുംബക്കാര്‍ക്ക് ഇപ്പോള്‍ പരിഭവം ബാലുവിനോട് മാത്രമേയുള്ളൂ.. ഈ അവസ്ഥയില്‍ ഞങ്ങളെ എത്തിച്ചിട്ടു കടന്നു കളഞ്ഞതിന്.. പിടിച്ചു നിന്ന് കൂടെ നിന്ന് ഇനിയെങ്കിലും ഞങ്ങള്‍ക്ക് വേണ്ടി പറയാന്‍ ആളില്ലാതാക്കിയതിന്…വിഷപ്പാമ്ബുകളെ തീറ്റിപ്പോറ്റി ആ വിഷം തൊണ്ടയില്‍ പിടിച്ചു നിര്‍ത്തി ഇറക്കാനും തുപ്പാനും വയ്യാതെ വിഷമിച്ചപ്പോഴും വീട്ടുകാരോട് താഴാന്‍ ദുരഭിമാനം കാണിച്ചതിന്.. സംഗീതം മാത്രം മനസ്സില്‍ സൂക്ഷിക്കുന്ന സാത്വികരായ അച്ഛനമ്മമാരെയും ചേച്ചിയെയും ഗുരുവിനെയും മറ്റു ബന്ധുക്കളെയും പണത്തിനുവേണ്ടി കുരയ്ക്കുന്ന പട്ടികളുടെയും മരണമോര്‍മ്മിപ്പിച്ചു ഓരിയിടുന്ന കുറുക്കന്മാരുടെയും ഇടയിലേക്ക് വലിച്ചിട്ടതിന്…..
—
ബാലുവിന്റെ സഹോദരങ്ങള്‍
Post Your Comments