തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പരാജയത്തെ തുടര്‍ന്ന് നടന്‍ വിനായകന്‍ നടത്തിയ പ്രസ്താവന വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരെ എതിര്‍ പാര്‍ട്ടികള്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കനത്ത് സൈബര്‍ ആക്രമണമാണ് വിനായകന്‍ നേരിട്ടത്. ഇതേസമയം വിനായകനെ പിന്തുണച്ച് കൊണ്ടുള്ള ന്ദീപ് ദാസ് എന്ന യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
‘സ്‌നേഹമില്ലാത്ത മനുഷ്യന്‍ പോത്തിന് തുല്യമാണ്. പ്രണയമാണ് അള്‍ട്ടിമേറ്റ്. പ്രണയമില്ലെങ്കില്‍ നമ്മള്‍ എന്തിനാണ് ജീവിക്കുന്നത്? കാശുണ്ടാക്കി വീട്ടില്‍ കൊണ്ടുവെയ്ക്കാനാണോ….? ‘
ചലച്ചിത്രതാരമായ വിനായകന്റെ വാക്കുകളാണിത്. സ്‌നേഹം,പ്രണയം മുതലായ വികാരങ്ങളെ മനോഹരമായ രീതിയില്‍ വര്‍ണ്ണിക്കാന്‍ പലര്‍ക്കും കഴിയും. പക്ഷേ ഇതുപോലെ ഒരു പച്ചമനുഷ്യന്റെ ഭാഷയില്‍ സംസാരിക്കാന്‍ ചുരുക്കം ചിലര്‍ക്കേ സാധിക്കൂ. അതെ, ചുറ്റുമുള്ള ആളുകളെ ഉപാധികളില്ലാതെ സ്‌നേഹിക്കാനറിയാവുന്ന ഒരു മനുഷ്യനാണ് വിനായകന്‍.
സ്വാഭാവികമായും അദ്ദേഹവും സ്‌നേഹിക്കപ്പെടണം. എന്നാല്‍ വിനായകനെ ജാതീയമായും വംശീയമായും അധിക്ഷേപിക്കുന്ന കമന്റുകളാണ് ഇപ്പോള്‍ സൈബറിടങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.”നിന്റെ സിനിമ ഇനി ആരും കാണില്ലടാ…” എന്ന് പലരും ആക്രോശിക്കുന്നു !
എന്തെല്ലാമാണ് വിനായകന്‍ ചെയ്ത ‘തെറ്റുകള്‍?’ മതങ്ങളുടെ പേരില്‍ ഈ നാട് കുരുതിക്കളമാക്കാന്‍ ശ്രമിക്കുന്നവരോട് സന്ധി ചെയ്യുന്നില്ല. ഹിന്ദു നാമധാരിയായ വിനായകന്‍, മറ്റു മതങ്ങളെ വെറുക്കുന്ന ആശയത്തെ പിന്തുണയ്ക്കുന്നില്ല. സ്ഥാനമാനങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും വേണ്ടി സ്വന്തം മനഃസാക്ഷിയെ വഞ്ചിക്കുന്നില്ല. ആരെയും ഭയക്കാതെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നു….
വലിയ ‘അപരാധങ്ങള്‍’ തന്നെയാണ് ! നേരത്തെ പറഞ്ഞതുപോലെ ഒരു പച്ചമനുഷ്യനായിപ്പോയതിന്റെ കുഴപ്പം…!
കനല്‍വഴികളിലൂടെ നടന്ന് ഇവിടം വരെയെത്തിയ വിനായകനെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ ചിരിയാണ് വരുന്നത്.
ഒരു സിനിമാനടന്‍ എങ്ങനെയാവണം എന്ന കാര്യത്തില്‍ സമൂഹത്തിന് ചില മുന്‍വിധികളുണ്ട്. വിനായകന്റെ രൂപഭാവങ്ങള്‍ അതിന് ഇണങ്ങുന്നതല്ല. കരിയറിന്റെ ആരംഭത്തില്‍ വിനായകന് ലഭിച്ച വേഷങ്ങള്‍ ശ്രദ്ധിക്കുക. ഒന്നുകില്‍ കോമാളിത്തരങ്ങള്‍ കാട്ടുന്ന കൊമേഡിയന്‍, അല്ലെങ്കില്‍ ഗുണ്ട… അത്തരം റോളുകള്‍ വിനായകനെ ഏല്‍പ്പിച്ച സംവിധായകര്‍ പൊതുബോധത്തെ തൃപ്തിപ്പെടുത്തുകയാണ് ചെയ്തത്.
പക്ഷേ സ്വന്തം നിറത്തിന്റെയും ഐഡന്റിറ്റിയുടെയും പേരില്‍ വിനായകന് എന്നും അഭിമാനമേ തോന്നിയിട്ടുള്ളൂ. ജാതി ഒരിക്കലും അദ്ദേഹത്തെ പുറകിലേക്ക് വലിച്ചിട്ടില്ല. സങ്കടക്കഥകള്‍ പറഞ്ഞ് സഹതാപം പിടിച്ചുപറ്റിയിട്ടില്ല. താന്‍ ഭയങ്കര സുന്ദരനാണെന്നാണ് വിനായകന്റെ വിശ്വാസം. പുള്ളിക്കാരന്റെ നിഘണ്ടുവില്‍ അപകര്‍ഷതാബോധം എന്ന വാക്ക് കാണാനാവില്ല.
ഒരു വിനായകനായി ജീവിക്കുക എന്നത് ഒട്ടും എളുപ്പമല്ല. ജാതിയുടെ പേരില്‍ കൊലപാതകങ്ങളും ആത്മഹത്യകളും അരങ്ങേറുന്ന ഒരു നാട്ടിലാണ് നാം താമസിക്കുന്നത്. വെളുപ്പുനിറത്തോടുള്ള ഭ്രമവും ഒരു യാഥാര്‍ത്ഥ്യമാണ്. പക്ഷേ വിനായകനെ ഇതൊന്നും ബാധിക്കുന്നതേയില്ല.
ഈ സമൂഹത്തിലെ നിന്ദിതരും പീഡിതരുമായ മനുഷ്യര്‍ക്ക് ഏറ്റവും വലിയ മാതൃകയാണ് വിനായകന്‍. ശരിക്കും ആത്മവിശ്വാസത്തിന്റെ പ്രതിരൂപം !
സംസ്ഥാന അവാര്‍ഡ് കിട്ടിയ സമയത്ത്, മാദ്ധ്യമങ്ങള്‍ അമ്മയെ ചുംബിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിനായകന്‍ വഴങ്ങിയിരുന്നില്ല. കാരണം ആ മനുഷ്യന് ജീവിതത്തില്‍ അഭിനയിക്കാനറിയില്ല. അഹങ്കാരിയാണല്ലേ എന്ന് ചോദിക്കുന്നവരെ തിരുത്താന്‍ വിനായകന്‍ പോകാറില്ല. പ്രശസ്തി കൈവന്നപ്പോഴും സംസാരശൈലി മാറ്റിയിട്ടുമില്ല.
ആക്രമിക്കപ്പെട്ട യുവനടിയോടൊപ്പം നിലകൊണ്ടപ്പോള്‍ വിനായകന്‍ സമ്പാദിച്ചത് ‘അമ്മ’ എന്ന താരസംഘടനയുടെ അപ്രീതികൂടിയാണ്. മലയാളസിനിമയില്‍ ശക്തമായ ഒരു ഇരിപ്പിടം കിട്ടിയ സമയത്താണ് വിനായകന്‍ അങ്ങനെ ചെയ്തത്. നൃത്തവും സംഗീതവും ആണ് തനിക്ക് ഏറ്റവും പ്രിയം എന്ന് പലതവണ പറഞ്ഞിട്ടുള്ള ആളാണ് അദ്ദേഹം. സിനിമ വിനായകനെ പിന്തുടര്‍ന്നു എന്നേയുള്ളു.”നിന്റെ സിനിമ കാണില്ല ” എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് ആ മനുഷ്യനെയാണ് !
നാളെ സിനിമാമേഖലയില്‍ നിന്ന് പുറത്തായാലും വിനായകന്‍ സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കും. അദ്ദേഹത്തിന് അതൊന്നും വിഷയമാകില്ല. പക്ഷേ നല്ലൊരു കലാകാരന്‍ അപ്രകാരം നിഷ്‌കാസിതനാകരുത്. വിനായകനോട് നമ്മള്‍ ഐക്യപ്പെടണം. മനുഷ്യത്വമുള്ള ആ നടന്റെ സിനിമകള്‍ കാണണം.
അനുഭവങ്ങളുടെ തീച്ചൂളയില്‍ കുരുത്തവനാണ് വിനായകന്‍. ഇളംവെയിലുകൊണ്ടാലൊന്നും വാടില്ല. അദ്ദേഹത്തെ വെറുതെവിടുന്നതല്ലേ നല്ലത്? എന്തിനാണ് തെറിവിളിച്ച് സ്വന്തം സമയം പാഴാക്കുന്നത്?
https://www.facebook.com/permalink.php?story_fbid=2373626149541273&id=100006817328712&substory_index=0
Post Your Comments