‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ ‘ഒരു ചെറു പുഞ്ചിരി’, ‘മധുരനൊമ്പരക്കാറ്റ്’, ‘നമ്മൾ’, ‘പുലർവെട്ടം’ തുടങ്ങി പന്ത്രണ്ടോളം ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ താരമാണ് വിഘ്നേശ്. എന്നാല്‍ ഇരുപത്തിയഞ്ചാം വയസ്സില്‍ ഉണ്ടായ ഒരു അപകടത്തില്‍ കോമാ സ്റ്റേജില്‍ ആകുകയും എട്ടു മാസത്തിനു ശേഷം ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്ത വിഘ്നേശ് അപകടത്തെക്കുറിച്ച് തുറന്നു പറയുന്നു.
”2016 ഡിസംബർ 31 നാണ് സംഭവം. കൂട്ടൂകാരന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് സുഹൃത്തിനൊപ്പം സ്കൂട്ടറിൽ മടങ്ങി വരുകയായിരുന്നു. കോഴിക്കോട് ഹോമിയോ കോളേജിന്റെ മുന്നിൽ കൂടി പോകുമ്പോൾ, എതിരെ മൂന്നാല് ബൈക്കിൽ കുറച്ചു പേർ വന്നു. അതിൽ ഒരു ബൈക്കുമായി ഞങ്ങളുടെ സ്കൂട്ടർ ഇടിച്ചു. ഓർമ്മയുടെ തിരശ്ശീല അവിടെ താണു. പിന്നീട് നടന്നത് ഒന്നും ഓർമയില്ല.
ഫോക്സ് വാഗണിൽ സെയില്‍സ് കൺസൾട്ടന്റായി ജോലി ചെയ്യുകയാണ്. 45ദിവസത്തോളം ആശുപത്രിയിലായിരുന്നു, വെന്റിലേറ്ററിൽ. ഡോക്ടർ പറഞ്ഞത്, ജീവിത കാലം മുഴുവൻ ഓർമ നഷ്ടപ്പെട്ട്, കോമ സ്റ്റേജിൽ കിടക്കുമെന്നാണ്. അതിനിടെ സംഭവിച്ചതെന്താണെന്നോ, സംഭവിച്ചു കൊണ്ടിരിക്കുന്നതെന്താണെന്നോ എനിക്കറിയില്ല. ഒരു ദിവസം ഞാൻ ഉറങ്ങി എഴുന്നേറ്റു. അപ്പോഴേക്കും അപകടം നടന്നിട്ട് എട്ടു മാസം കഴിഞ്ഞിരുന്നു. എനിക്ക് തലേന്ന് എന്തോ സംഭവിച്ചു എന്ന തോന്നലായിരുന്നു. എട്ടു മാസം എന്റെ ജീവിതത്തിൽ കടന്നു പോയത് അമ്മ പറയുമ്പോഴാണ് ഞാൻ അറിയുന്നത്. 2016 ഡിസംബറിലായിരുന്നു അപകടം. അതിന്നു മുൻപുള്ള രണ്ടു മാസത്തെയും ഓർമ്മകൾ എനിക്കു നഷ്ടമായെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്” വിഘ്നേശ് പറയുന്നു
”ഉണരുമ്പോൾ ഇടതു കാലിൽ ബാൻഡേജുണ്ട്. ശരീരം അനങ്ങുന്നില്ല. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ അമ്മ കരയാൻ തുടങ്ങി. അപ്പോഴാണ് ഇടതു കണ്ണിന് കാഴ്ച നഷ്ടമായ കാര്യം ശ്രദ്ധിച്ചത്. എന്റെ പരിഭ്രമം കണ്ട അമ്മയാണ് അപകടത്തെക്കുറിച്ചു വിവരിച്ചു തന്നത്. ആദ്യം ഭയന്നു. പിന്നെ സാവകാശം സാധാരണ നിലയിലേക്കു വന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും അതു വരെയുള്ള സംഭവങ്ങൾ ഓരോന്നായി പറഞ്ഞു തുടങ്ങി, വലിയ അപകടമായിരുന്നു, ഇടതു കണ്ണ് പോയി എന്നൊക്കെ… എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കരഞ്ഞതുമില്ല. ഇത്രയല്ലേ പറ്റിയുള്ളൂ, നടക്കാനാകുന്നുണ്ടല്ലോ, ഒരു കണ്ണെങ്കിലും കാണാമല്ലോ എന്നൊക്കെയാണ് ഞാൻ ആശ്വസിച്ചത്.” വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ താരം പങ്കുവച്ചു
Post Your Comments