മോഹന്‍ലാല്‍ നായകനായി 1986-ല്‍ പുറത്തിറങ്ങിയ രഘുനാഥ് പലേരി ചിത്രമാണ് ‘ഒന്ന് മുതല്‍ പൂജ്യം വരെ’, ടെലഫോണ്‍ അങ്കിളും, ദീപ മോളും, ദീപ മോളുടെ അമ്മ അലീനയുമൊക്കെ കഥാപാത്രങ്ങളായി വന്ന രഘുനാഥ് പലേരി ബ്രില്ല്യന്‍സ് ഇന്നും പ്രേക്ഷകരുടെ പ്രിയചിത്രങ്ങളില്‍ ഒന്നാണ്, ‘ഒന്ന് മുതല്‍ പൂജ്യം വരെയുടെ’ ഓര്‍മ്മകളുണര്‍ത്തി രഘുനാഥ് പലേരി വീണ്ടും ചിത്രത്തിന്റെ ആരാധകരോട് തന്റെ മുഖ പുസ്തകത്തില്‍ സംവദിക്കുകയാണ്.
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
ഇവളാരോടാണ് ഇത്ര ഉച്ചത്തിൽ ചിരിക്കുന്നതെന്നറിയാനായി അലീന കടന്നു വന്നതും ദീപ റസീവർ അമ്മയ്ക്കു നീട്ടി. അലീനയ്ക്കു ഭീതിയായി.
“ആരാ മോളേ?”
“ടെലഫോൺ അങ്കിൾ.”
“ആര്?”
“ടെലഫോൺ അങ്കിൾ.”
അലീന അറിയാതെ റസീവറെടുത്തു. ഈശ്വരാ.. എന്തു സമാധാനമാണ് പറയുന്നത്. ക്രാഡിലിൽ തിരികെ വച്ചാലോ. അവൾ മൗത്ത്പീസ് പൊത്തി.
“എന്തിനാ എപ്പോഴും ഇങ്ങനെ തിരിച്ചു കളിക്കുന്നത്. കളിക്കാൻ വേറെ എത്ര സാധനങ്ങളുണ്ട് ഈ വീട്ടിൽ.”
ദീപ ഇപ്പോൾ കരയുമെന്നായി.
അലീന റസീവർ ചെവിയിൽ വെച്ചു.
“ക്ഷമിക്കണം. മോള് അറിയാതെ വിളിച്ചതാണ്. അവൾ ഞാനില്ലാത്തപ്പോൾ വെറുതെ തമാശയ്ക്ക് ഓരോ നമ്പർ കറക്കി ഏതോ നമ്പർ കിട്ടിയതാണ്. ക്ഷമിക്കണം.”
ഇങ്ങേത്തലയ്ക്കൽ സ്വരത്തിനു മാറ്റം വന്നു.
“ഇപ്പഴിതാരാണു സംസാരിക്കുന്നത്.”
“ദീപമയുടെ അമ്മയാണ്. കുട്ടി അറിയാതെ വിളിച്ചതാണ്.”
“വെറുതെ കള്ളത്തരം പറയരുത്. അവൾ അറിഞ്ഞിട്ടു തന്നെ വിളിച്ചതാണ്. അവൾക്ക് അറിയാം ഞാനിവിടെയുണ്ടെന്ന്.”
അലീന അമ്പരന്നു. ഇതേത് മനുഷ്യൻ.
അയാൾ തുടർന്നു.
“വെറുതെ കുട്ടിയാട് ദേഷ്യം പിടിച്ചു നിങ്ങൾ ലൈൻ കട്ട് ചെയ്യണ്ട. അങ്ങനെ ചെയ്താൽ ഞാൻ തിരിച്ചു വിളിക്കും. എനിക്കു നിങ്ങളുടെ നമ്പർ അറിയാം.”
“ആരു പറഞ്ഞു തന്നു?!”
“ദീപമോള്‍ പറഞ്ഞു തന്നു.”
അലീന ദീപമോളെ നോക്കി. മതി സംസാരിച്ചത്; എനിക്കു താ റസീവർ എന്ന ഭാവമാണ് അവൾക്ക്.
“ദീപമോള്‍ എന്നെ വിളിച്ചതിൽ എനിക്കൊരു പരാതിയുമില്ല. സത്യത്തിൽ വളരെ സന്തോഷം തോന്നി. ഇവിടെ ആകെ ബോറടിച്ച് ഇരിക്കയായിരുന്നു. അവളും എന്നപ്പോലെ ബോറടിച്ചു കാണും. മോള് എത്രയിലാ പഠിക്കുന്നത്.”
“നഴ്സറിയില്‍.”
“ഓ.. അതു ശരി. നിങ്ങളുടെ സംസാരം കേട്ടാൽ തോന്നും അവളേതാണ്ടു വലിയ കുട്ടിയാണെന്ന്. റസീവർ അവൾക്കുതന്നെ കൊടുക്കൂ. ഞങ്ങളേതായാലും ഇനി ഒന്നു സംസാരിക്കുവാൻ പോവ്വ.”
അലീനയ്ക്കു ചെറിയ ചിരിവന്നു. അവൾ സാവകാശം റസീവർ ദീപമോൾക്കു നീട്ടി. മോളതു പെട്ടെന്നു വാങ്ങി ഹലോ പറഞ്ഞു. അപ്പുറത്തു നിന്നും അയാൾ പതിയെ ചോദിച്ചു.
“അമ്മ പോയോ?”
ദീപമോളും അതേ ശബ്ദത്തിൽ പറഞ്ഞു.
“ഇല്ല.. ഇവിടെ തന്നെ നിൽക്കാ.”
അലീന അറിയാതെ പൊട്ടിച്ചിരിച്ചുപോയി. ആ സംസാരം അവളെക്കുറിച്ചാണെന്നത് അലീനയ്ക്കു സ്പഷ്ടമായിരുന്നു.
അതൊരു തുടക്കമായി.
പുതിയ സൗഹൃദത്തിന്റെ തുടക്കം. പുതിയ സംഗീതത്തിന്റെ ആരംഭം. എത്ര വേഗമാണ് ഉണങ്ങിയ കൊമ്പുകൾ പൂത്തത്. എത്ര ഉരത്തിലാണു മനസ്സിലെ പ്രാവുകൾക്കു പറക്കുവാൻ കഴിയുന്നത്. മുറ്റത്തു വിരിയുന്ന തുമ്പപ്പൂക്കൾക്ക് എന്തൊരു തേജസ്സാണ്.
കുരിശിനു മുന്നിൽ തെളിക്കുന്ന മെഴുകുതിരി നാളങ്ങൾക്ക് ഇപ്പോൾ എന്തൊരു പ്രഭയാണ്.
*****
(“ആകാശത്തേക്കൊരു ജാലകം” എന്ന കഥയിൽ നിന്നും പകർത്തിയ ഒരു ഭാഗമാണ് മുകളിൽ. ഈ കഥയിൽ നിന്നുമാണ് ഞാൻ അലീനയുടെയും ദീപ മോളുടെയും ടെലഫോൺ അങ്കിളിന്റെയും ജോസുകുട്ടിയുടെയും കഥ പറയുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത്)
ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയെ എനിക്ക് സ്പർശിക്കാൻ സാധിച്ചിട്ട് വർഷങ്ങൾ ഒരുപാട് കഴിഞ്ഞു. ആ സൃഷ്ടിയിലേക്ക് എന്നെ നയിച്ച മഹാ മനസ്സുകൾ ഇന്നും എന്നിൽ അതേ വർണ്ണരാജിയോടെ പരിലസിക്കുന്നു. ആ സൃഷ്ടിയുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ ഒരു പൂന്തോട്ടം തന്നെ എന്നിലുണ്ട്. ഞാൻ ഇന്നും ആ തോട്ടത്തിന്റെ കാവൽക്കാരനാണ്.
ഇത്രയും വർഷത്തിനുള്ളിൽ ആ സിനിമയെ കുറിച്ച് പലരും എഴുതിയ അനവധി ലേഖനങ്ങളും കുറിപ്പുകളും വായിക്കാനുള്ള ഭാഗ്യമുണ്ടായി.
ഒരുപക്ഷെ അതെല്ലാം കാലം എനിക്കായി കാല ത്തിനു തന്നെ സമർപ്പിക്കുന്ന ദക്ഷിണ ആയിരിക്കാം. ഞാൻ അതിനെ അങ്ങിനെ കാണുന്നു. അതാണ് അതിന്റെ സൗന്ദര്യവും.
Post Your Comments