മോഹന്‍ലാലിന്‍റെ കരിയറിലും മോളിവുഡിലും വലിയ ചലനം സൃഷ്ടിച്ച സിനിമയായിരുന്നു ദൃശ്യം, കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറി പറഞ്ഞ ദൃശ്യം സംവിധാനം ചെയ്തത് ജീത്തു ജോസഫ് ആയിരുന്നു, തന്റെ കുടുംബത്തെ രക്ഷിക്കാന്‍ മോഹന്‍ലാല്‍ നടത്തുന്ന പരിശ്രമമാണ് സിനിമയുടെ ഇതിവൃത്തം, ദൃശ്യം മോഹന്‍ലാലില്‍ എത്തും മുന്‍പേ പല നടന്മാരിലേക്കും പോയ സബ്ജക്റ്റ് ആയിരുന്നു, ശ്രീനിവാസനായിരുന്നു ചിത്രത്തിലെ ആദ്യ നായകന്‍, പിന്നീടു മമ്മൂട്ടിയും ദൃശ്യത്തിന്റെ കഥ കേട്ടിരുന്നു, പളുങ്ക് എന്ന ചിത്രത്തിന് സമാനമായ പശ്ചാത്തലമാണ് ദൃശ്യം സിനിമയുടെതെന്നു പറഞ്ഞു മമ്മൂട്ടി ചിത്രത്തില്‍ നിന്ന് പിന്മാറി എന്നായിരുന്നു സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പിന്നീടു മോഹന്‍ലാല്‍ സിനിമയിലെ കേന്ദ്ര കഥാപാത്രമാകുകയും മലയാള സിനിമയിലെ ആദ്യ അമ്പത് കോടിയെന്ന നേട്ടം ചിത്രം സ്വന്തമാക്കുകയും ചെയ്തു.
ദൃശ്യം മമ്മൂട്ടി ചെയ്യേണ്ടിയിരുന്ന സിനിമയായിരുന്നോ? എന്ന ചോദ്യത്തിന് ഒരിക്കല്‍ മോഹന്‍ലാല്‍ പറഞ്ഞ മറുപടി ഇങ്ങനെ
‘ഒരു സിനിമയും ആര്‍ക്കും വേണ്ടിയുള്ളതല്ല,സിനിമ സംഭവിക്കുന്നതാണ്, മമ്മൂട്ടിക്ക ചെയ്യാതെ ഞാന്‍ ദൃശ്യം ചെയ്തത് കൊണ്ട് സിനിമ ഇത്രയും വലിയ വിജയമായി മാറി എന്ന് കരുതുന്നില്ല, നല്ല തിരക്കഥയുണ്ടേല്‍ ആര് അഭിനയിച്ചാലും സിനിമ വിജയിക്കും. ഇതൊക്കെ ഒരു നിമിത്തമാണ്. ഞാന്‍ ‘വടക്കുംനാഥന്‍’ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ മമ്മൂട്ടിക്ക എന്നോട് പറഞ്ഞിട്ടുണ്ട് ഈ കഥ എന്നോട് പറഞ്ഞിരുന്നുവെന്ന്. മറ്റു ചില കാരണങ്ങള്‍ കൊണ്ടോ, അല്ലെങ്കില്‍ എന്തെങ്കിലും അസൗകര്യം കൊണ്ടോ അത്തരം സിനിമകള്‍ അവര്‍ക്ക് ചെയ്യാന്‍ സാധിച്ചെന്നു വരില്ല. ഒരു സംവിധായകന്‍ തന്നെ എന്നോടോ മമ്മൂട്ടിക്കയോടോ, സുരേഷ് ഗോപിയോടോ ഒരേ കഥ പറഞ്ഞെന്നിരിക്കും. അങ്ങനെ ചില സിനിമകള്‍ അഭിനേതാക്കളുടെ ഭാഗ്യമായി മാറും’. ഒരു ടിവി ചാനലിലെ അഭിമുഖ പരിപാടിക്കിടെയാണ് തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ദൃശ്യത്തെക്കുറിച്ച് മോഹന്‍ലാല്‍ മനസ്സ് തുറന്നത്.
Post Your Comments