തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് രാഘവ ലോറന്‍സ്. നൃത്ത സംവിധായകനായി സിനിമയില്‍ തുടങ്ങി അഭിനേതാവ്, സംവിധായകന്‍, ഡാന്‍സര്‍ എന്നിങ്ങനെ തിളങ്ങിയ ലോറന്‍സിന്റെ കരിയറില്‍ വന്‍ ഹിറ്റ് സമ്മാനിച്ച ചിത്രമാണ് കാഞ്ചന. തമിഴിലും തെലുങ്കിലുമായി ചെയ്ത കാഞ്ചന സീരിസിനു മികച്ച പ്രതികരണങ്ങളോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷനിലും നേട്ടങ്ങള്‍ സ്വന്തമാക്കി. കാഞ്ചനയുടെ ഹിന്ദി റീമേക്കിനെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുട്രത്തു വന്നിരുന്നു. ലക്ഷ്മി ബോംബ് എന്ന പേരിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ആരാധകരെ ഞെട്ടിച്ച് സിനിമയില്‍ നിന്നും പിന്മാറിയിരിക്കുകയാണ് ലോറന്‍സ്.
ലക്ഷ്മി ബോംബില്‍ അക്ഷയ് കുമാറാണ് നായകവേഷത്തില്‍ എത്തുന്നത്. നായികയായി ബോളിവുഡിലെ പുതിയ താരോദയമായ കിയാര അദ്വാനിയും എത്തുന്നു. ചിത്രത്തിന് തുടക്കമായ അന്ന് തന്നെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ലോറന്‍സ് എത്തിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തിരുന്നു.എന്നാല്‍ സിനിമ തുടങ്ങി ദിവസങ്ങള്‍ മാത്രമാകുമ്പോള്‍ ചിത്രത്തില്‍ നിന്നും പിന്മാറുന്നതായുളള വിവരം രാഘവേന്ദ്ര ലോറന്‍സ് തന്റെ ട്വിറ്റര്‍ പേജിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്.
അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ഫസ്റ്റ്‌ലുക്ക് തന്റെ അറിവോ സമ്മതമോ കൂടാതെ പുറത്തിറക്കിയത് തനിക്ക് നിരാശ സമ്മാനിച്ചു വെന്നും അതുകൊണ്ടാണ് പിന്മാറുന്നതെന്നും താരം കുറിക്കുന്നു. ”തന്റെ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങിയത് മൂന്നാമതൊരാള്‍ വഴിയാണ് താന്‍ അറിയുന്നത്. ഒരു സംവിധായകന് തന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയത് മറ്റൊരാളില്‍ നിന്നും അറിയേണ്ടി വരുന്നത് വേദനാജനകമായ കാര്യമാണ്. എനിക്ക് ഇത് വളരെ അനാദരവും നിരാശയുമായി തോന്നിപ്പിക്കുന്നു. ഒരു ക്രിയേറ്റര്‍ എന്ന നിലയില്‍ ഈയൊരു പോസ്റ്റര്‍ ഡിസൈനിലും ഞാന്‍ സംതൃപ്തനല്ല. ഇങ്ങനെ മറ്റൊരു സംവിധായകനും ഇനി സംഭവിക്കരുതെന്നും” രാഘവേന്ദ്ര ലോറന്‍സ് ട്വിറ്ററില്‍ കുറിച്ചു.
തിരക്കഥ നല്‍കാന്‍ തയ്യാറാണെന്നും അത് അക്ഷയ് കുമാര്‍ സാറിനോടുളള ബഹുമാനം കൊണ്ടാണെന്നും കുറിച്ച താരം അടുത്ത് തന്നെ അക്ഷയ്കുമാറിനെ കാണുമെന്നും പ്രോജക്ടില്‍ നിന്നും പിന്മാറുന്നതായി അറിയിക്കുമെന്നും പറയുന്നു
Post Your Comments