സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മികച്ച കുടുംബ ചിത്രങ്ങളുടെ ലിസ്റ്റില്‍ രഘുനാഥ് പലേരി എഴുതിയ ചിത്രങ്ങള്‍ എന്നും മുന്‍നിരയിലാണ്, പൊന്മുട്ടയിടുന്ന താറാവും, മഴവില്‍ക്കാവടിയും, പിന്‍ഗാമിയുമൊക്കെ അതിനുള്ള ഉദാഹരണങ്ങളാണ്. മുപ്പതോളം സിനിമകള്‍ക്ക് രചന നിര്‍വഹിച്ച രഘുനാഥ് പലേരി തിരക്കഥാ രചനയ്ക്ക് വലിയ ഒരിടവേള നല്കി മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ്, എന്നാല്‍ ക്യാമറയ്ക്ക് മുന്നില്‍ പുതിയ വേഷ പകര്‍ച്ചയുമായി രഘുനാഥ് പലേരി എത്തുമ്പോള്‍ പ്രിയ സ്നേഹിതനെ ചേര്‍ത്ത് പിടിക്കുകയാണ് സത്യന് അന്തിക്കാട് എന്ന സംവിധായകന്, ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത തൊട്ടപ്പന് എന്ന ചിത്രത്തില്‍ അദ്രുമാന് എന്ന കഥാപാത്രത്തെയാണ് രഘുനാഥ് പലേരി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ രഘുനാഥ് പലേരിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
രഘുനാഥ് പലേരിയുടെ പുതിയ വേഷ പകര്ച്ചയില് അതിശയവും സന്തോഷവും രേഖപ്പെടുത്തി കൊണ്ട് സത്യന് അന്തിക്കാട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഒരു ‘നാടോടിക്കാറ്റ്’ പോലെയാണ് രഘുനാഥ് പലേരി. എപ്പോൾ വരുമെന്നോ, വന്നാൽ എത്രനേരം നിൽക്കുമെന്നോ ഒന്നും പറയാൻ പറ്റില്ല. പലപ്പോഴും പലതരത്തിൽ രഘു എന്നെ ഞെട്ടിച്ചിട്ടുണ്ട്. ഒരുപാടുകാലം മനസ്സിലിട്ട് ഉരുക്കിയിട്ടാണെങ്കിലും വെറും രണ്ടാഴ്ചകൊണ്ടാണ് ‘പൊന്മുട്ടയിടുന്ന തട്ടാൻ’ എന്ന പൊന്നുപോലൊരു തിരക്കഥയെഴുതി എന്നെ ഏൽപിച്ചത്! ഒരു പണത്തൂക്കം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ ഞാനത് സിനിമയാക്കി. മഴവിൽക്കാവടിയും പിൻഗാമിയുമൊക്കെ രഘു എനിക്കു തന്ന സമ്മാനങ്ങളാണ്. ഇപ്പോഴും രഘുവിന്റെ സരസമായ ഒരു തിരക്കഥക്കുവേണ്ടി കാത്തിരിക്കുകയാണ് ഞാൻ. പക്ഷെ പിടിതരുന്നില്ല. ഇപ്പൊ ഇതാ വീണ്ടും രഘു ഞെട്ടിക്കുന്നു…
“തൊട്ടപ്പൻ” എന്ന സിനിമയിലെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്.
പോസ്റ്റർ കണ്ടപ്പോൾ അതിശയവും സന്തോഷവും തോന്നി. ഇത് രഘുവല്ല,അദ്രുമാൻ തന്നെ. എനിക്കുറപ്പുണ്ട് ഇതും പത്തരമാററുള്ള പൊന്നാക്കാൻ രഘുവിന് കഴിയുമെന്ന്. കൂടെയുള്ളത് സിനിമയെ ഗൗരവത്തോടെ കാണുന്ന ഒരുകൂട്ടം നല്ല ചെറുപ്പക്കാരാണല്ലോ. തൊട്ടപ്പൻ കാണാൻ കാത്തിരിക്കുന്നു. രഘുവിന്റെ ചിത്രമുള്ള പോസ്റ്റർ ഇതോടൊപ്പം, കൂടെ എന്റെ മനസ്സുനിറഞ്ഞ ആശംസകളും!
Post Your Comments