മുംബൈ: രാജ്യത്തെ പരമോന്നത പുരസ്‌ക്കാരമായ പത്മശ്രീ തിരിച്ച് നല്‍കുന്നതിനെക്കുറിച്ച് താന്‍ ചിന്തിച്ചിരുന്നതായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. തനിക്ക് പത്മശ്രീ ഏറ്റുവാങ്ങാന്‍ അര്‍ഹതയില്ലെന്നും സെയ്ഫ് പറഞ്ഞു. ഏറ്റുവാങ്ങിയത് പിതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ്. താന്‍ പത്മശ്രീ പണം കൊടുത്ത് വാങ്ങിയതാണെന്ന ട്രോളുകളോട് പ്രതികരിക്കുകയായിരുന്നു താരം.
സെയ്ഫ് പത്മശ്രീ പണം കൊടുത്തു വാങ്ങിയതാണ്. പിന്നെ മകനെ തൈമുര്‍ എന്ന് പേരിട്ടു. റെസ്റ്റോറന്റില്‍വച്ച് ആളുകളെ മര്‍ദിച്ചു. ഇത്തരത്തിലുള്ളൊരാള്‍ക്ക് എങ്ങനെയാണ് സേക്രഡ് ഗെയിംസില്‍ ഒരു വേഷം ലഭിച്ചത്. അയാള്‍ക്ക് അഭിനയിക്കാന്‍ പോലും അറിയില്ല, എന്ന കമന്റിനാണ് താരം മറുപടി നല്‍കിയത്. ഞാന്‍ കള്ളനല്ല. പത്മശ്രീ പണം കൊടുത്ത് വാങ്ങുക എന്നത് നിസാരമല്ല. കേന്ദ്ര സര്‍ക്കാരിന് കൈക്കൂലി കൊടുക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. വേണമെങ്കില്‍ ഇക്കാര്യം മുതിര്‍ന്ന താരങ്ങളോട് ചോദിച്ച് ഉറപ്പുവരുത്താം.
ഈ പുരസ്‌ക്കാരം വാങ്ങിക്കണമെന്ന് പോലും ചിന്തിച്ചിരുന്നില്ല. ഇതിന് എന്നെക്കാള്‍ അര്‍ഹരായുള്ള നിരവധി മുതിര്‍ന്ന താരങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. എന്നാല്‍ അവര്‍ക്കിത് വരെ പുരസ്‌ക്കാരം ലഭിച്ചിട്ടില്ല. അത് വളരെയധികം അതിശയിപ്പിക്കുന്നതാണ്. അതേസമയം തന്നെക്കാളും യോഗ്യത കുറഞ്ഞ പലരും അത് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു സെയ്ഫിന്റെ മറുപടി. എനിക്കിത് തിരിച്ച് നല്‍കണമായിരുന്നു. എന്നാല്‍ പിതാവ് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ നിര്‍ദ്ദേശപ്രകാരമാണ് താനിത് തിരിച്ച് നല്‍കാതിരുന്നതെന്നും സെയ്ഫ് പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ ഒരു പുരസ്‌കാരം നിരസിക്കാന്‍ നമുക്കാവില്ല എന്നാണ് പിതാവ് എന്നെ ഉപദേശിച്ചത്. അങ്ങനെയാണ് ഞാന്‍ മനസ്സ് മാറ്റിയതും അത് സ്വീകരിച്ചതും. തിരിച്ചുകൊടുക്കണമെന്ന ചിന്ത ഉപേക്ഷിച്ചതുമെന്ന് സെയ്ഫ് പറഞ്ഞു.
Post Your Comments