
മലയാളത്തിന്റെ താര രാജാവായി വിലസുന്ന താരമാണ് മോഹന്‍ലാല്‍. താരത്തിന്റെ കരിയറില്‍ വിജയം നേടിയ ഒരു പിടി ചിത്രങ്ങള്‍ ഒരുങ്ങിയത് സംവിധായകന് സിബി മലയില്‍ കൂട്ടുകെട്ടിലാണ്. കിരീടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ദശരഥം, കമലദളം, സദയം തുടങ്ങിയുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഒരിക്കലും മറക്കില്ല. സേതുമാധവന്റെ ജീവിത കഥപറഞ്ഞ കിരീടത്തെക്കുറിച്ച് പങ്കുവയ്ക്കുമ്പോള്‍ സിബി മലയില്‍ മോഹന്‍ലാലുമായി ഉണ്ടായ ഒരു പ്രശ്നത്തെകുറിച്ചു തുറന്നു പറയുന്നു.
സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പായിരുന്നു മോഹന്‍ലാലുമായുള്ള പ്രശ്നം. അതിനെക്കുറിച്ച് ഒരു മാധ്യത്തിന് നല്കിയ അഭിമുഖത്തില്‍ സിബി മലയില്‍ പങ്കുവയ്ക്കുന്നതിങ്ങനെ.. ‘കിരീടത്തിന്റെ കഥപറഞ്ഞു കേള്‍പ്പിക്കുന്നതിന് ലാലിനെ കാണാന്‍ നിര്‍മ്മാതാക്കാളായ ഉണ്ണിയ്ക്കും ദിനേശ് പണിക്കര്‍ക്കും ഒപ്പം പലതവണ പിറകെ നടന്നു. ലാലുമായി സൗഹൃദമുണ്ട്. പക്ഷേ പലസ്ഥലങ്ങളിലായി ചെന്നപ്പോഴും കഥ പറയാന്‍ കഴിയാത്ത സാഹചര്യം. ഒരിക്കല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന മുതുമലയിലും ഞങ്ങള്‍ ചെന്നു. രാത്രിയായപ്പോള്‍ ലാല്‍ ഞങ്ങളുടെ മുറിയില്‍ വന്നു. സംസാരിച്ച് തുടങ്ങിയപ്പോഴേക്ക് ലാല്‍ കുറേ പടങ്ങളുടെ ലിസ്റ്റ് പറഞ്ഞു. പതിനഞ്ചോളം സിനിമകളുണ്ട്. അതൊക്കെ കഴിഞ്ഞേ ഡേറ്റുള്ളൂ. ഞാന്‍ ചോദിച്ചു- ലാലേ ഇത്രയും പടങ്ങള്‍ പറഞ്ഞതില്‍ എന്റെ പേരു പറഞ്ഞു കേട്ടില്ലല്ലോ. അതിപ്പോള്‍ ഞാന്‍ കമ്മിറ്റഡാണ് ലാല്‍ പറഞ്ഞു.
ഇതുകേട്ട ഞാന്‍ വല്ലാതെ അസ്വസ്ഥനായി. ലാല്‍ സിനിമയില്‍ വന്നകാലം മുതല്‍ സൗഹൃദമുണ്ട്. എന്നിട്ടും പരിഗണന ലഭിക്കാത്തതു പോലെ. ഞാന്‍ ദേഷ്യപ്പെട്ട് പുറത്തിറങ്ങി. സാധാരണ ഞാന്‍ അങ്ങനെ ആരോടും ദേഷ്യപ്പെട്ട് സംസാരിക്കാത്തതാണ്. സുഹൃത്തുക്കളെല്ലാം ലാലിനെയാണ് സപ്പോര്‍ട്ട് ചെയ്തത്. എല്ലാവരും എന്നെ കുറ്റപ്പെടുത്തി. ഞാനാണ് പ്രശ്നമെങ്കില്‍ മാറി നില്‍ക്കാമെന്ന് ഞാന്‍ പറഞ്ഞു. അവര്‍ അതിനും സമ്മതിച്ചില്ല. ഒടുവില്‍ മറ്റൊരിക്കല്‍ ലാലിന്റെ വീട്ടില്‍ ചെന്ന് കഥപറയുകയായിരുന്നു. ഒറ്റയിരിപ്പില്‍ കഥമുഴുവനും കേട്ട ലാല്‍ നമുക്കിത് ഉടനെ ചെയ്യാമെന്ന് പറയുകയായിരുന്നു. അഞ്ചെട്ട് മാസം ഞങ്ങള്‍ നടന്നതിന്റെ റിസല്‍ട്ട് അപ്പോഴാണ് ഉണ്ടാകുന്നത്’- സിബി പറയുന്നു.
Post Your Comments