ക്യാമ്പസ് ഓര്‍മ്മകളിലേക്ക് തിരികെ നടന്നു സംവിധായകന്‍ ലാല്‍ ജോസ്, തൃശൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിലെ നൊസ്റ്റാള്‍ജിയ അനുഭവമാണ് തന്റെ പുതിയ ചിത്രം ചിത്രീകരിച്ച വേളയില്‍ ലാല്‍ ജോസ് പങ്കുവയ്ക്കുന്നത്. ബിജു മേനോന്‍ നായകനാകുന്ന 41 എന്ന സിനിമ തൃശൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ചിത്രീകരിക്കുമ്പോള്‍ കോളേജ് ജീവിതത്തിനിടയിലെ യാത്ര ലഹരികളെക്കുറിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെ തുറന്നു പറച്ചില്‍ നടത്തുകയാണ് മലയാളത്തിന്റെ ഹിറ്റ് മേക്കര്‍
ലാല്‍ജോസിന്റെ കുറിപ്പ് വായിക്കാം
നാൽപ്പത്തിയൊന്നിന്റെ ഷൂട്ട് കഴിഞ്ഞദിവസം തൃശ്ശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻറിലായിരുന്നു. ഇവിടെ നിൽക്കുമ്പോൾ കാതോരത്ത് എത്രയെത്ര ഓർമ്മകളുടെ ഹോണടിശബ്ദങ്ങളാണന്നോ..
ദീർഘ ദൂരയാത്രക്ക് സ്വകാര്യ ‘ഇടിവണ്ടി’കളില്ലാത്ത ആനവണ്ടികളുടെ നല്ല കാലം. ? ഒറ്റപ്പാലത്ത് നിന്നുളള യാത്രകളിൽ തൃശ്ശൂർ സ്റ്റാൻറായിരുന്നു ഞങ്ങളുടെ ഇടത്താവളം. ജനിക്കും മുമ്പ് വലപ്പാട്ടുകാരിയായ അമ്മയുടെ വയറ്റിൽ കിടന്ന് വരെ ഞാൻ ഈ സ്റ്റാൻറിലൂടെ യാത്രചെയ്തിട്ടുണ്ട്. കുട്ടിക്കാലത്തെ അവധിആഘോഷയാത്രകൾ..
എന്റെ പ്രിഡിഗ്രി മാർക്ക് ലിസ്റ്റ് കണ്ട് ഒറ്റപ്പാലത്തെ കോളേജു പ്രിൻസിപ്പാൾമാർ ഞെട്ടിയതിനാൽ ഡിഗ്രിക്ക് ആരുമങ്ങോട്ട് ആദ്യം അഡ്മിഷൻ തന്നില്ല . തൃശ്ശൂരിലെ ഒരു ഈവനിംഗ് കോളേജാണ് കനിഞ്ഞത്. ഈവനിംഗ് കോളേജ് കഴിഞ്ഞ് രാത്രി ഒൻപതു മണിക്ക് ദിവസവും ഒറ്റപ്പാലത്തേക്കുളള മടക്കയാത്രകൾ.? ആറുമാസം കഴിഞ്ഞ് ഒറ്റപ്പാലം എൻ.എസ്.എസ്സിൽ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയപ്പോൾ തൃശ്ശൂർ രാത്രികൾക്ക് താത്കാലിക ഇടവേള. പിന്നീട് സിനിമയിൽ അസിസ്റ്റന്റായി എത്തിയകാലത്ത് മുണ്ടിനു പകരം ബെൽറ്റ് മുറുക്കിയുടുത്ത് നടത്തിയ എറണാകുളം യാത്രകളിലും തൃശ്ശൂർ സ്റ്റാന്റ് സംഭവം തന്നെയായിരുന്നു. ക്യാന്റീനിൽ കാലിച്ചായ കുടിച്ചിരുന്നു കണ്ട സ്വപ്നങ്ങൾ..അക്കാലത്ത് രാത്രി ബസ്സുകൾ കാത്തിരുന്ന് ഉറങ്ങിപ്പോയ എനിക്ക് എത്രയോ തവണ ബസ്സ്സ്റ്റാൻറിലെ ഉരുളൻ തൂണുകൾ തലയിണകളായി. വഴിനീളെ കണ്ണിൽ കണ്ട പുസ്തകങ്ങളും മാസികകളും വാങ്ങിക്കൂട്ടി പഴ്സിലെ അവസാനശ്വാസവുമായി തൃശ്ശൂർവരെ എത്താനായാൽ ഇവിടെ നിന്ന് കടത്തിവിടാനെത്തുമെന്ന് ഉറപ്പുളള സൗഹൃദങ്ങൾ.. അതിലൊരാളാണ് മ്മടെ ഗഡി ബിജുമേനോൻ?അവനാണ് നാൽപ്പത്തിയൊന്നിലെ നായകൻ. ❣ബിജുവുമായി തൃശ്ശൂർ സ്റ്റാന്റും ക്യാന്റീനുമൊക്കെ ഷൂട്ടുചെയ്യുമ്പോൾ ഓർക്കാപ്പുറത്ത് ഒരൗൺസ് നൊസ്റ്റാൾജിയ കുടിച്ചതിന്റെ കിക്ക്.?
Post Your Comments