കുസൃതിക്കാരിയായും തന്റേടിയായും തോന്ന്യാസക്കാരിയായുമൊക്കെ മികച്ച അഭിനയം കാഴ്ചവച്ച യുവനടിയാണ് മറീന മൈക്കിൾ കുരിശിങ്കല്‍. ഒരു ചിത്രത്തില്‍ ചെറിയ വേഷം ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ സിനിമാ നടിയായി എന്ന് പൊങ്ങച്ചം കാട്ടുന്ന നായികമാർക്കിടയിൽ വ്യത്യസ്തയാവുകയാണ് മറീന. സോഷ്യൽ മീഡിയയിലൂടെ താനൊരു തയ്യൽക്കാരിയുടെ മകളാണെന്ന് തുറന്നു പറയുകയാണ് മറീന. മാതൃദിനത്തിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പിലാണ് മറീനയുടെ തുറന്നു പറച്ചിൽ.
അമ്മ പുതിയ തയ്യൽക്കട തുടങ്ങുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മറീനയുടെ കുറിപ്പ്. ”എനിക്ക് പണി കുറഞ്ഞപ്പോൾ എന്റെ അമ്മയ്ക്ക് വീണ്ടും പണി ആയി. അമ്മയൊരു തയ്യൽക്കട തുറക്കാൻ പോവുകയാണ്. എല്ലാവരുടെയും പ്രാർത്ഥന വേണം. രാത്രി ഉറക്കമിളച്ചിരുന്നു തയ്യൽ ജോലികൾ ചെയ്താണ് അമ്മ എന്നെ വളർത്തിയത്. സ്വന്തം മകളെ വളർത്താൻ അനുഭവിച്ച കഷ്ടപ്പാടുകളാണ് ആ കണ്ണുകൾക്ക് താഴെ കാണുന്ന കറുപ്പ് അടയാളപ്പെടുത്തുന്നത്.
ഞാൻ വലിയ കുടുംബത്തിൽ നിന്നുള്ള തോന്ന്യാസക്കാരിയായ പെൺകുട്ടിയാണെന്ന് ചിന്തിക്കുന്നവർ ശ്രദ്ധിക്കുക. ഞാൻ അങ്ങനെയല്ല. തോൽക്കുന്നെങ്കിൽ തോറ്റു പോവട്ടെ, പക്ഷേ, അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. എല്ലാ പെൺകുട്ടികളും ഇതുപോലൊരു അമ്മയെ അർഹിക്കുന്നുണ്ട്. അമ്മ ഒരു പോരാളിയായിരുന്നു… ഇപ്പോഴും അങ്ങനെ തന്നെ!” മറീന ഇൻസ്റ്റാഗ്രാമിൽ അഭിമാനത്തോടെ കുറിച്ചു.
ജാഡയില്ലാത്ത സെലിബ്രിറ്റികളുണ്ടെന്ന് ഈ പോസ്റ്റ് തെളിയിക്കുന്നുവെന്നും, മറീനയെക്കുറിച്ച് അഭിമാനം തോന്നുന്നുവെന്നും പറഞ്ഞു കൊണ്ട് ആരാധകരും രംഗത്തെത്തി.
Post Your Comments