നായകനില്‍ നിന്ന് പ്രതിനായകനിലേക്കും അവിടെ നിന്ന് കോമഡി ട്രാക്കിലേക്കും വഴിമാറിയ സൈജു കുറുപ്പ് മലയാള സിനിമയുടെ മാറ്റി നിര്‍ത്തപ്പെടാനാകാത്ത താരോദയമായി വളര്‍ന്നിരിക്കുന്നു.
ഹരിഹരന്‍ സംവിധാനം ചെയ്ത ‘മയൂഖം’ എന്ന സിനിമയിലൂടെയാണ് സൈജു കുറുപ്പ് മലയാളത്തില്‍ അരങ്ങേറുന്നത്. നമ്മുടെ നാട്ടില്‍ ഒരുപാട് ചെറുപ്പക്കാര്‍ സിനിമാ മോഹവുമായി അങ്ങോളം ഇങ്ങളോളം അലയുമ്പോള്‍ സൈജു കുറുപ്പിന് അതിന്റെയൊന്നും ആവശ്യം വേണ്ടി വന്നില്ല. തന്റെ ഫിഗര്‍ തന്നെയാണ് സിനിമയിലേക്കുള്ള എന്‍ട്രിയ്ക്ക് സൈജു കുറുപ്പിന് തുണയായത്. ‘എയര്‍ടെല്‍’ കമ്പനിയില്‍ സീനിയര്‍ സെയില്‍സ് എക്സിക്യുട്ടീവായി ജോലി ചെയ്യുന്ന വേളയില്‍ ഗായകന്‍ എം.ജി ശ്രീകുമാറിനെ ജോലിയുടെ ഭാഗമായി കാണാന്‍ പോയതോടെ സൈജു കുറുപ്പിന്റെ തലവര തെളിയുകയായിരുന്നു.
കസ്റ്റമര്‍ എന്ന നിലയില്‍ എം.ജി ശ്രീകുമാറില്‍ നിന്ന് താന്‍ പ്രതീക്ഷിച്ച റിസള്‍ട്ട് അല്ല കിട്ടിയതെങ്കിലും തന്റെ സിനിമാ പ്രവേശനത്തിന് കാരണമായത് അദ്ദേഹമാണെന്നും, എംജി ശ്രീകുമാര്‍ ആണ് തന്നെക്കുറിച്ച് ഹരിഹരനോട് പറഞ്ഞതെന്നും സൈജു കുറുപ്പ് ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ പങ്കുവച്ചു.
ജോലിയുടെ ഭാഗമായി ബിസിനസ് പ്രതീക്ഷിച്ച് എംജി ശ്രീകുമാറിന്റെ അടുക്കല്‍ ചെല്ലുമ്പോള്‍ നിരാശയായിരുന്നു ഫലം,അതിനാല്‍ തന്നെ അല്‍പം കലിപ്പോടെയാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങിപ്പോയത്. പെട്ടെന്ന് അദ്ദേഹം എന്നെ തിരിച്ചു വിളിച്ചിട്ട് ചോദിച്ചു ‘സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്ന്’? .എന്നെ ചലഞ്ച് ചെയ്യുകയാണെന്നാണ് ആദ്യം കരുതിയത്, അത് കൊണ്ട് തന്നെ ‘അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന്’ അല്‍പം കലിപ്പോടെ തന്നെയാണ് ഞാന്‍ മറുപടി നല്‍കിയത്, ഹരിഹരന്‍ സാര്‍ ഒരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും,ഇത് പോലെയുള്ള ഒരു മുഖമാണ് അദ്ദേഹം നായക വേഷത്തിനായി തിരയുന്നതെന്നും ആഗ്രഹമുണ്ടേല്‍ ഹരിഹരന്‍ സാറിനെ പോയി കാണാനും അദ്ദേഹം എന്നോട് പറഞ്ഞു, അതനുസരിച്ചാണ് ഞാന്‍ ഹരിഹരന്‍ സാറിനെ പോയി കണ്ടതും ‘മയൂഖം’ എന്ന സിനിമയില്‍ അഭിനയിച്ചതും. സൈജു കുറുപ്പ് പറയുന്നു.
Post Your Comments