പത്താം ക്ലാസ് പരീക്ഷ ഫലം നിരവധി കുട്ടികളുടെ ആഹ്ലാദ തിമിര്‍പ്പിനു കാരണമാകുമ്പോള്‍ പരീക്ഷയില്‍ തോറ്റ് പോയവര്‍ക്ക് തലയുയര്‍ത്താനായി മികച്ച വരികളിലൂടെ വലിയൊരു തലോടല്‍ സമ്മാനിക്കുകയാണ് ഗാനരചയിതാവായ റഫീക്ക് അഹമ്മദ്. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു സന്ദര്‍ഭോചിതമായ മനോഹര വരികള്‍ റഫീക്ക് അഹമ്മദ് പരീക്ഷയിലെ പരാജിതര്‍ക്കായി കുറിച്ചത്.
തോറ്റ കുട്ടി
—————————-
തോറ്റ കുട്ടി പുറത്തേക്കിറങ്ങി
തോട്ടു വെള്ളത്തില്‍ പുസ്തകം വിട്ടു
കാറ്റിലേക്കു കുടയും കൊടുത്തു.
തുണ്ടു പെന്‍സിലെറിഞ്ഞു കളഞ്ഞു
കണ്ട കാട്ടു വഴിയില്‍ നടന്നു…
തൊട്ടു മെല്ലെ വിളിച്ച പോല്‍ തോന്നി
തൊട്ടടുത്തു പിറകില്‍ വന്നാരോ
തിത്തിരിപ്പക്ഷി മൂളിയതാകാം
കൊച്ചു തുമ്പയോ മൈനയോ ആവാം
കാട്ടു വള്ളിയില്‍ തൂങ്ങിക്കുതിച്ച്
കാട്ടിലേക്കവന്‍ ചെന്നു പോല്‍ പിന്നെ
പൂത്ത മുല്ല തന് സൗരഭം നീന്തും
കാറ്റവനൊരു പാട്ടു പോല്‍ തോന്നി
പൂക്കളൊക്കെയും വാക്കുകള്‍, പായും
കാട്ടരുവി കള കള ഗാനം
രാത്രി നക്ഷത്ര വിസ്തൃതാകാശം
നീര്‍ത്തി വച്ചൊരു പുസ്തകമായി
തോറ്റ കുട്ടിയെ തോളത്തു വച്ചു.
പൂത്തു നിന്നു മരതകക്കുന്ന്
തോല്‍ക്കുകില്ല നീയെന്നേ പറഞ്ഞു
കാത്തു നില്‍ക്കുന്നൊരമ്പിളിത്തെല്ല്…!
-റഫീക്ക് അഹമ്മദ്-
Post Your Comments