കേരളത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ നിരവധി മനുഷ്യരെയാണ് കൊണ്ടുപോയത്. ആ കാലത്തിന്റെ കഥ പറയുന്ന വൈറസ് അണിയറയില്‍ ഒരുങ്ങുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, രേവതി, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, ആസിഫ് അലി, പാര്‍വതി, രമ്യ നമ്പീശന്, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. എന്തിനാണ് ചിത്രത്തില്‍ ഇത്രയേറെ താരനിര എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആഷിഖ് അബു.
ആദ്യം മുതലെ ഉയര്‍ന്നൊരു ചോദ്യം എന്തിനാണ് ഇത്രയേറെ പ്രധാന അഭിനേതാക്കളെന്നാണ്. എഴുതി വരുമ്പോഴാണ് അറിയുന്നത് ഓരോരുത്തരും ഹീറോയാണെന്ന്. രോഗികളുടെ വസ്ത്രം തിരുമ്പുന്നവര്‍, അവരെ മറവു ചെയ്തവര്‍, പരിചരിച്ചവര്‍ അങ്ങിനെ ജീവിതത്തിന്റെ താഴെ തട്ടിലെന്നു നാം കരൂതുന്ന എത്രയോ പേര് നന്മകൊണ്ടു ഉയരങ്ങളില്‍ നില്ക്കുന്നതു നാം കണ്ടു. മറ്റ് ആശുപത്രികളിലെക്കോ രാജ്യങ്ങളിലേക്കോ ഒളിച്ചോടാന്‍ സാധ്യതകള്‍ ഏറെയുണ്ടായിരുന്നവര്‍ ഏതു നിമിഷവും വരാവുന്ന വൈറസിനെ മറന്നു അവിടെ ജോലി ചെയ്യുന്നതും കണ്ടു. അതുകൊണ്ടുതന്നെ ഓരോ കഥാപാത്രത്തിനും നല്ല അഭിനേതാക്കള്‍തന്നെ വേണമെന്നു തോന്നിയെന്നും ആഷിഖ് അബു പറഞ്ഞു.
വൈറസ് വന്ന വഴിയിലൂടെ യാത്ര ചെയ്യുന്ന ഓരോ നിമിഷവും തങ്ങള്‍ നടുങ്ങുകയായിരുന്നു എന്നും ആഷിഖ് പറഞ്ഞു. ‘ഇതൊരു ത്രില്ലര്‍ സിനിമയാണെന്നു പറയാം. മരണംതന്നെയാണു മറുവശത്ത്. അത് അറിഞ്ഞുകൊണ്ടുതന്നെ മരണ വൈറസിന് എതിരെ കുറെ മനുഷ്യര്‍ നടത്തിയ പോരാട്ടത്തിന്റെ കഥയാണിതെന്നും ആഷിഖ് അബു പറഞ്ഞു.
Post Your Comments