മലയാളസിനിമയിലും സീരിയലിലും മുത്തശ്ശിയായി നിറഞ്ഞു നില്‍ക്കുന്ന നടിയാണ് വത്സല മേനോൻ. തന്റെ സിനിമാ സീരിയല്‍ അഭിനയത്തെക്കുറിച്ച് കുടുംബത്തെയും കുറിച്ചു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം തുറന്നു പറയുന്നു. 1953 ൽ തിരമാല എന്ന സിനിമയിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ വത്സല മേനോൻ മക്കള്‍ വളര്‍ന്നു വലുതായി സ്വന്തം കാലില്‍ നില്‍ക്കുന്നത് വരെ അഭിനയിക്കില്ലെന്ന് തീരുമാനിച്ചിരുന്നു.
പതിനാറാമത്തെ വയസ്സിലാണ് മുംബൈയില്‍ ഉദ്യോഗസ്ഥനായ ഹരിദാസ് നായരുമായി താരത്തിന്റെ വിവാഹം. അതോടെ മുംബൈയിലേക്ക് ചേക്കേറി. ” മുംബൈയിലേക്ക് ചേക്കേറിയപ്പോഴും എനിക്ക് സിനിമയിൽ നിന്നും വിളി വന്നിരുന്നു. പക്ഷേ മക്കൾ സ്വന്തം കാലിൽ നിൽക്കുന്ന വരെ അഭിനയിക്കില്ല എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു. അവിടെ മക്കളെ വളർത്തിയും, ഫ്ലാറ്റിലുള്ള മറ്റു കുട്ടികളെ നൃത്തം പഠിപ്പിച്ചും വർഷങ്ങൾ കടന്നു പോയി.
കുട്ടികൾ വളർന്ന ശേഷം ഞാൻ സിനിമയിൽ വീണ്ടും സജീവമായി. അന്ന് മദ്രാസ് ആയിരുന്നു മലയാളസിനിമയുടെ ആസ്ഥാനം. അങ്ങനെ ഞാൻ മദ്രാസിൽ ഒരു വാടകവീടെടുത്ത് താമസം തുടങ്ങി. 16 കൊല്ലത്തോളം അവിടെ താമസിച്ചു. ആ സമയത്ത് ഭർത്താവ് വിആർഎസ് എടുത്തു നാട്ടിലെത്തി. തൃശൂർ ഏനാമാവ് ആണ് അദ്ദേഹത്തിന്റെ സ്വദേശം. അവിടെ ഓഹരി കിട്ടിയ സ്ഥലത്ത് വീടു വച്ച് സെറ്റിൽ ചെയ്യാൻ പദ്ധതിയിടുമ്പോഴാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. അങ്ങനെ നാട്ടിലൊരു വീടിനു യോഗമില്ലാതെ പോയി. പണിയാൻ പോകുന്ന ആ വീടിനെക്കുറിച്ച് മനസ്സിൽ ഞങ്ങൾ ഒരുപാട് കിനാവുകൾ നെയ്തിരുന്നു. അദ്ദേഹത്തിന്റെ അഭാവം ജീവിതത്തിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചു. വിരസത മാറ്റാൻ ഞാൻ വീണ്ടും സീരിയലുകളിൽ സജീവമായി.” വത്സല മേനോൻ ഒരു അഭിമുഖത്തില്‍ പങ്കുവച്ചു
Post Your Comments