ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് അരിസ്റ്റോ സുരേഷ്. എട്ടാം ക്ലാസില്‍ തോറ്റതോടെ പഠനം ഉപേക്ഷിച്ച് സിനിമയിലേയ്ക്ക് എത്താന്‍ ആഗ്രഹിച്ചു താന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് സുരേഷ് ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു
” ഒരു സംവിധായകനാകുക എന്നായിരുന്നു മനസ്സിൽ. സിനിമ സംവിധായകന്റെ കലയാണ് എന്നുതന്നെയാണ് അന്നും ഇന്നും എന്റെ വിശ്വാസം. പക്ഷേ, എട്ടാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ച ഒരാൾ എങ്ങനെയാണ് സംവിധായകനാകുക? അതിനും വഴി കണ്ടുപിടിച്ചു. ആദ്യമൊരു തിരക്കഥാകൃത്താകുക. എന്നിട്ട് ഏതെങ്കിലും സംവിധായകർക്കൊപ്പം നിന്ന് സംവിധാനം പഠിക്കുക. അങ്ങനെ മൂന്നാലു തിരക്കഥയുമായി ഞാൻ ചില സംവിധായകരെ കാണാൻ പോയി. നികൃഷ്ടമായാണ് അവർ എന്നോടു പെരുമാറിയത്. ഒരിക്കലും ഒരു മനുഷ്യനോടു പെരുമാറാൻ പാടില്ലാത്തവിധം. അതിൽ പലരും ഇപ്പോൾ ഒരൂ പണിയും ഇല്ലാതെ വീട്ടിൽ ഇരിക്കുന്നുണ്ട്. അങ്ങനെ പറയാൻ പാടില്ലാത്തതാണ്. പക്ഷേ, എന്നോടു പെരുമാറിയ രീതി വച്ച് പറഞ്ഞുപോയതാണ്.
ആ സമയത്ത് െഎവി ശശി സാറിന്റെ സിനിമ കണ്ട് ആവേശം കൊണ്ട് നടക്കുകയാണ്. ഒരു ദിവസം മദ്രാസിൽ ചെന്ന് അദ്ദേഹത്തെ കണ്ടു. മൂന്നാലു തിരക്കഥകൾ അദ്ദേഹത്തെ കാണിച്ചു. അദ്ദേഹം പറഞ്ഞു; ‘തിരക്കഥ കൊള്ളാം പക്ഷേ, ഇതൊരു സിനിമയാകണമെങ്കിൽ കോടിക്കണക്കിന് രൂപ വേണ്ടി വരും. അതുകൊണ്ട് സുരേഷ് കുറച്ചുനാൾ കാത്തിരിക്കണം.’ ഈ സംഭവം നടക്കുമ്പോൾ അദ്ദേഹത്തിന് മകൾ ജനിച്ചിട്ടില്ല. അദ്ദേഹം തിരുവനന്തപുരത്തു വരുമ്പോഴൊക്കെ ഞാൻ പോയി കാണാറുണ്ടായിരുന്നു. പക്ഷേ, സിനിമ മാത്രം നടന്നില്ല.”
വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അരിസ്റ്റോ സുരേഷ് ഇത് വെളിപ്പെടുത്തിയത്.
Post Your Comments