വിനയൻ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആകാശഗംഗ. ചിത്രം 150 ദിവസം തീയേറ്ററുകളിൽ നിറഞ്ഞോടി. എന്നാൽ ചിത്രത്തിലെ നായകനായ റിയാസിനെ സിനിമയ്ക്ക് ശേഷം പലരും മറന്നു. ഇപ്പോഴിതാ ആകാശഗംഗയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്ന സമയത്ത് അവസരങ്ങള്‍ ലഭിക്കാത്തതിനെക്കുറിച്ച് തുറന്നുപറയുകയാണ് നടൻ റിയാസ്.
എന്നെപ്പോലൊരാള്‍ക്ക് സ്വപ്‌നം കാണുന്നതിലും അപ്പുറമായിരുന്നു അത്. എന്നാല്‍ ഒരു നടന്‍ എന്ന നിലയിലുള്ള മാര്‍ക്കറ്റിങ് സ്ട്രാറ്റജി എനിക്ക് അറിയില്ലായിരുന്നു. അതില്‍ എനിക്കൊരു വീഴ്ച വന്നു. ആകാശഗംഗയ്ക്ക് ശേഷം ഞാന്‍ ഒരുപാട് സംവിധായകരെ സമീപിച്ചിട്ടുണ്ട്. അവരത് ഓര്‍ക്കുന്നുണ്ടാവില്ല. അതിനിടെ ഞാന്‍ എടുത്തുചാടി ചെയ്ത ഒന്ന് രണ്ട് പ്രൊജക്ടുകള്‍ വന്‍ പരാജയമായി മാറി. അങ്ങനെ ഒരുപാട് കാലം പോയി. വിവാഹത്തിനുശേഷം ഞാന്‍ ജീവിതമാര്‍ഗത്തിനായി ബിസിനസ്സിലേക്ക് തിരിഞ്ഞു.
ചിത്രത്തിന്റെ രണ്ടാംഭാഗം വരുമെന്നും അതില്‍ എനിക്ക് അവസരം ലഭിക്കുമെന്നും ഞാന്‍ സ്വപ്‌നത്തില്‍ പോലു കരുതിയില്ല. വിനയന്‍ ചേട്ടനെ ഇടയ്ക്ക് കാണാറുണ്ടായിരുന്നുവെങ്കിലും ഒരിക്കല്‍ പോലും ചാന്‍സ് ചോദിച്ചിട്ടില്ല. ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം. എന്തെങ്കിലും അവസരമുണ്ടെങ്കില്‍ അദ്ദേഹം വിളിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. രണ്ട് മാസം മുന്‍പാണ് വിനയന്‍ ചേട്ടന്‍ വിളിച്ച് ആകാശഗംഗയുടെ കാര്യം പറയുന്നത്. ഞാന്‍ ഞെട്ടിപ്പോയി. അതൊരു വലിയ ഭാഗ്യമാണ്. ദൈവാനുഗ്രഹമാണ്- റിയാസ് പറഞ്ഞു.
Post Your Comments