മലയാള ചലച്ചിത്ര താരങ്ങള്‍ വോട്ടവകാശം വിനിയോഗിക്കാന്‍ മടിക്കുന്നതിനെതിരെ മുന്‍ പാര്‍ലമെന്റ് അംഗവും ഇടതുപക്ഷ ചിന്തകനുമായ ഡോ. സെബാസ്റ്റിയന്‍ പോള്‍. പോളിങ് ബൂത്തിലേക്കു വരാന്‍ വൈമുഖ്യമുള്ളവര്‍ ദേശാഭിമാനികളും രാജ്യസ്‌നേഹികളുമായി വാഴ്ത്തപ്പെടുകയാണെന്നും അവരെ സിവില്‍ ബഹുമതികള്‍ നല്‍കി സമൂഹം ആദരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി, മോഹന്‍ലാലും ടൊവിനോ തോമസും കന്നിവോട്ടു ചെയ്തതായി വാര്‍ത്തകള്‍ പരാമര്‍ശിച്ചാണ് സെബാസ്റ്റ്യന്‍ പോളിന്റെ വിമര്‍ശനം.
ഡോ. സെബാസ്റ്റിയന്‍ പോളിന്റെ കുറിപ്പ്:
ചില താരങ്ങള്‍ കന്നിവോട്ട് ചെയ്തതായി വാര്‍ത്ത കണ്ടു. മോഹന്‍ലാലും ടൊവിനോ തോമസും അക്കൂട്ടത്തില്‍ പെടുന്നു. ഇരുവര്‍ക്കും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂര്‍ത്തിയായത്. ഫഹദ് ഫാസില്‍ പതിവായി വോട്ട് ചെയ്യുന്ന ആളാണ്. വോട്ട് ഉണ്ടെങ്കില്‍ മമ്മൂട്ടി ചെയ്യും. പോളിങ് ബൂത്തിലേക്ക് വരാന്‍ വൈമുഖ്യമുള്ളവര്‍ ദേശാഭിമാനികളും രാജ്യസ്‌നേഹികളുമായി വാഴ്ത്തപ്പെടുന്നു. സിവില്‍ ബഹുമതിയും സൈനിക ബഹുമതിയും നല്‍കി അവരെ ആദരിക്കുന്നു. പദ്മങ്ങള്‍ അവര്‍ക്കായി വിടരുന്നു. ഹിമാചല്‍ പ്രദേശിലെ ശ്യാം സരണ്‍ നേഗിയെ അറിയുമോ? താരമോ വിഐപിയോ അല്ല. ആദ്യത്തെ തിരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ടറായിരുന്നു നേഗി. ഇപ്പോള്‍ വയസ് 102. പതിനേഴാമത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നേഗി വോട്ട് ചെയ്യും. നേഗിയെ ഭാരതരത്‌നം നല്‍കി ആദരിക്കണം.ജനാധിപത്യത്തിലെ മുത്താണ് അയാള്‍. അമൂല്യമായ മുത്ത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ അതിവിശിഷ്ടനായ വ്യക്തി.
Post Your Comments