രാത്രികാല വാഹന സഞ്ചാരം ഏറെ ശ്രമകരമായ ഒന്നാണ്, പല വാഹനങ്ങളും അരണ്ട വെളിച്ചത്തില്‍ നമുക്കെതിരെ ഡിം ചെയ്യാതെ കടന്നു പോകുമ്പോള്‍ ഡ്രൈവിങ്ങിന്റെ ഏകാഗ്രത നഷപ്പെടുകയും വാഹനം അപകടത്തില്‍പ്പെടുകയും ചെയ്യുന്നത് നമ്മുടെ നിരത്തിലെ നിത്യ സംഭവങ്ങളാണ്, ഡിം ചെയ്യാതെ ചീറിപ്പായുന്ന വാഹന സാരഥികളെ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ നിശിതമായി വിമര്‍ശിക്കുകയാണ് പ്രശസ്ത എഴുത്തുകാരനും, തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി.
രഘുനാഥ് പലേരിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഹൈവേയിൽ രാത്രി നേരത്ത് എതിരെ വരുന്ന വാഹനങ്ങളിൽ മിക്കതും എന്തുകൊണ്ടോ രണ്ടു കണ്ണിലും സൂര്യനെ കത്തിച്ചു വെച്ചാണ് പാഞ്ഞു വരിക. മുന്നിലേക്ക് വരുന്ന ”സ്റ്റിയറിങ്ങ് മനുഷ്യനോട്” അശേഷം കരുണയില്ലാത്തൊരു വരവാണത്. പാഞ്ഞു വരുന്നത് കണ്ടാൽ ഏതോ ഗാലക്‌സിയിൽ നിന്നും തെറിച്ചു വരുന്നൊരു വാൽനക്ഷത്രമാണെന്ന് തോന്നും.
ബ്രൈറ്റ്.. ബ്രൈറ്റ്.. ബ്രൈറ്റ്.
അശേഷം ഡിം ഇല്ല.
ഡിമ്മിനെക്കുറിച്ച് ആ പറക്കും പ്രാന്തർ കേട്ടിട്ടുപോലും ഇല്ലെന്നു തോന്നും.
കത്തുന്ന കണ്ണും തുറിപ്പിച്ച്,
ഉള്ള വെളിച്ചം മുഴുവൻ കണ്ണിലേക്ക് കോരിയൊഴിച്ച്,
നീയൊക്കെ എന്തു ജന്മം, എന്ന മട്ടിലൊരു വരവാണത്.
ഭും എന്ന ശബ്ദത്തോടെ..,
അവനോ അവളോ അങ്ങ് പറക്കും.
വാഹനം ഏതായാലും അവർ എതിരെ വരുന്നവർക്കും മേലെയാണ്.
സൂപ്പറാണ്.
ഗംഭീരന്മാരും വിവരദോഷികളുമാണ്.
അശേഷം ബുദ്ധിയില്ലാ ജാതികളാണ്.
ഡ്രൈവിങ്ങിന്റെ ബാലപാഠംപോലും അറിയാത്തവരും അഹങ്കാരികളുമാണ്.
പലരുടെയും ഭാഗ്യംകൊണ്ടും, പകൽ നേരം ഇരുട്ടല്ലാത്തതുകൊണ്ടും, അവർ ”ബ്രൈറ്റ്” ആക്കുന്നില്ലെന്നേ ഉള്ളൂ. അല്ലെങ്കിൽ പകലും അവർ ഡിം തരൂല.
തീർച്ച.
ഇരുട്ടിൽ ”ബ്രൈറ്റിൽ” വരുന്ന വാഹനം ”ഡിം” തരുമ്പോൾ ഒരു നമസ്‌തേ പറയുന്ന സുഖമാണെന്ന് അവരറിയുന്നില്ല. ഇരുകണ്ണും “ഇറുക്കി അടച്ചു തുറന്നാ” വാഹനം കടന്നു പോകുമ്പോൾ അറിയാതെ കാഴ്ച്ചയിൽ ഒരു തിളക്കം വരുമെന്ന് അവരറിയുന്നില്ല. അഞ്ചിച്ചു പോകുന്ന കണ്ണിനെ മറ്റാരോ സ്‌നേഹത്തോടെ തിരിച്ചു തരുന്ന പ്രതീതിയാണെന്ന് അവരറിയുന്നില്ല.
അവരെ “ആശംസിച്ചു” പോകുന്നൊരു മഹാമുഹൂർത്തമാണതെന്നും അവരറിയുന്നില്ല.
എന്തുകൊണ്ടോ അവർ ഒന്നും അറിയുന്നില്ല. അവരെപോലും അറിയുന്നില്ല.
ഇന്നലെ രാത്രി “ബ്രൈറ്റിന്റെ ബ്രൈറ്റുകളിൽ” പെട്ട് ഹൈവേയിൽ ഇടത്തോട്ട് തിരിയേണ്ടുന്ന കൈചൂണ്ടിപ്പലക മിസ്സായി. വീട്ടിൽ എത്താൻ പിന്തിരിഞ്ഞ് ഓടി തിരികെ കയറാൻ പതിനാറ് കിലോമീറ്ററിൽ അധികം ഹൈവേയുടെ മുകളിലൂടെയും താഴത്തൂടെയും, പള്ളക്കുള്ള കുഴലിലൂടെയും, വളഞ്ഞു തിരിഞ്ഞ് ഓടി.
നല്ല രസമായിരുന്നു.
ഞാനും കാറും ഇരുട്ടും ബ്രൈറ്റും.
ഏങ്ങണ്ടിയൂരിലെ സഖാവ് സുരേഷിന്റെ കാറിനോട് ഞാൻ ക്ഷമ ചോദിച്ചു. ആരുടെയൊക്കെയോ അറിവില്ലായ്മ കാരണം ആ പാവം കാറെന്തിന് കാര്യമില്ലാതെ ഓടി ക്ഷീണിക്കണം.
വൃത്തിക്ക് ഡിം തന്ന് രാത്രി വാഹനം ഓടിക്കുന്ന ഒരാൾക്കൊപ്പം ഒരു സെൽഫി എടുക്കണം.
ആരെങ്കിലും ഉണ്ടോ അങ്ങിനെ.
Post Your Comments