പ്രണയം, കിണര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ബോളിവുഡ് താരമാണ് ജയപ്രദ. ഉത്തര്‍പ്രദേശിലെ രാംപൂര്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ ജയപ്രദ മുന്‍ സഹപ്രവര്‍ത്തകനും സമാജ്വാദി പാര്‍ട്ടിക്കുവേണ്ടി മല്‍സരിക്കുന്ന എതിര്‍സ്ഥാനാര്‍ഥിയുമായ അസംഖാന്റെ അസഭ്യങ്ങള്ക്കെതിരെ രംഗത്ത്. ” ഞാന്‍ മരിച്ചാലെങ്കിലും താങ്കള്‍ക്കു സംതൃപ്തിയാകുമെങ്കില് അതിനും ഞാന്‍ തയാറാണ്” പൊട്ടിത്തെറിച്ചുകൊണ്ട് താരം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഒരു മര്യാദയുമില്ലാതെ അസംഖാന് ജയപ്രദയെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം സമാജ്വാദി നേതാവ് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തില്‍ അസം ഖാന് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. അതേക്കുറിച്ചു പരാമര്‍ശിക്കവേയാണ് മരിക്കാന്‍പോലും തയാറാണെന്ന് താരം പ്രഖ്യാപിച്ചത്. പക്ഷേ, പേടിച്ചോടാന്‍ താന്‍ തയാറല്ലെന്നും ജയപ്രദ പറഞ്ഞു.
” അയാള്‍ വിചാരിക്കുന്നത് ഞാന്‍ പേടിച്ചോടുമെന്നാണ്. അതു വെറുതെ. ഞാന്‍ എങ്ങോട്ടും പോകുന്നില്ല. ഈ മനുഷ്യനെ (അസം ഖാനെ) തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍പോലും അനുവദിക്കരുത്. കാരണം അബദ്ധത്തിനെങ്ങാന് ഇയാള്‍ ജയിച്ചാല്‍ എന്താകും ജനാധിപത്യത്തിന്റെ അവസ്ഥ ? പിന്നെ സ്ത്രീകള്‍ക്ക് ഈ നാട്ടില്‍ ജീവിക്കാന്പോലുമാകാതെ വരും” താരം കൂട്ടിച്ചേര്‍ത്തു
Post Your Comments